വിലക്കയറ്റം വരുന്നു, റെഡിയായി നിന്നോളൂ

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളവിപണിയില്‍ ചരക്ക് വില ഉയര്‍ന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് തിരിച്ചടിയാവുക
Image:dhanamfile
Image:dhanamfile
Published on

രാജ്യത്ത് വരാനിരിക്കുന്നത് സമ്പൂര്‍ണ വിലക്കയറ്റമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലചരക്ക് സാധനങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, കൂടാതെ ഇറക്കുമതി ചെയ്യുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍, വാച്ചുകള്‍ എന്നിവയുടെ വില അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഉയര്‍ന്നേക്കുമെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളവിപണിയില്‍ ചരക്ക് വില ഉയര്‍ന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില 10 ശതമാനം വരെ വര്‍ധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഭക്ഷ്യ എണ്ണകളുടെ കാര്യത്തില്‍, വില വര്‍ധന 20 ശതമാനത്തോളമായിരിക്കും. കഴിഞ്ഞ 8-10 ദിവസങ്ങള്‍ക്കിടെ സൂര്യകാന്തി, പാമോയില്‍, സ്റ്റീല്‍, അലുമിനിയം, ചെമ്പ്, ക്രൂഡ് ഓയില്‍, അതിന്റെ ഡെറിവേറ്റീവുകള്‍ തുടങ്ങിയ ചരക്കുകളുടെ വില കഴിഞ്ഞ 10-15 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വിലയും കുത്തനെ ഉയരുമെന്നാണ് സൂചന. കോവിഡ് മഹാമാരി സമയത്ത് ഇലക്ട്രോണിക്‌സ് മേഖല ഓരോ പാദത്തിലും 2-3 ശതമാനം നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അടുത്ത പാദത്തില്‍ ഇത് കൂടുതലായിരിക്കുമെന്ന് ഗോദ്റെജ് അപ്ലയന്‍സസിന്റെ ബിസിനസ് ഹെഡ് കമല്‍ നന്തി പറഞ്ഞു. ഇന്‍പുട്ടും വില്‍പനച്ചെലവും തമ്മില്‍ 7-8 ശതമാനത്തിന്റെ വ്യത്യാസമാണുള്ളത്. ഇതുകാരണം ഈ മേഖല ഏപ്രില്‍ മുതല്‍ വിലവര്‍ധനവ് ആലോചിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വിടവ് 10-11 ശതമാനമായി വര്‍ധിച്ചു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ വലിയ വില വര്‍ധനവാണ് വരാനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗോതമ്പ്, ധാന്യം, സൂര്യകാന്തി എണ്ണ എന്നിവയുടെ പ്രധാന വിതരണക്കാരാണ് യുക്രെയ്‌നും റഷ്യയും. ഇന്ത്യക്ക് ആവശ്യമായ സൂര്യകാന്തി എണ്ണയുടെ 60 ശതമാനവും വിദേശ രാജ്യങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 25 ശതമാനവും യുക്രെയ്‌നില്‍നിന്നാണ്. ''രാജ്യത്തെ സൂര്യകാന്തി എണ്ണയുടെ സ്റ്റോക്ക് ഒരു മാസം മാത്രമേ നിലനില്‍ക്കൂ'' ഫ്രീഡം ബ്രാന്‍ഡിന് കീഴില്‍ എണ്ണ വില്‍ക്കുന്ന ജെമിനി എഡിബിള്‍സ് ആന്‍ഡ് ഫാറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ പ്രദീപ് ചൗധരി പറഞ്ഞു. വിലക്കയറ്റം സോയ ഓയിലിന്റെ വിലയും ഉയര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ആക്സസറികള്‍ എന്നിവയുടെ വില അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആഘാതം മറികടക്കാന്‍ ബ്രാന്‍ഡുകള്‍ നിര്‍ബന്ധിതരാകുമെന്നും മാര്‍ക്കറ്റ് റിസര്‍ച്ചര്‍ ഐഡിസി ഇന്ത്യയുടെ റിസര്‍ച്ച് ഡയറക്ടര്‍ നവകേന്ദര്‍ സിംഗ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com