

യു.എ.ഇയില്‍ പാക്ക് ചെയ്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് പുതിയ നിബന്ധന വരുന്നു. ഉല്‍പ്പന്നങ്ങളിലെ പോഷകത്തിന്റെ അളവ് വ്യക്തമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന നിയമം അടുത്ത ജൂണ്‍ മൂതല്‍ നിലവില്‍ വരും. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിത്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ ഗ്രേഡ് തിരിച്ചുള്ള നുട്രി മാര്‍ക്ക് അടയാളപ്പെടുത്തണം. ഇതില്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ അത്തരം ബ്രാന്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് അബുദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.അഹമ്മദ് അല്‍ കസ്‌റാജി പറഞ്ഞു.
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കാണ് ന്യൂട്രി മാര്‍ക്ക് നിര്‍ബന്ധമാക്കുന്നത്. വേവിച്ച ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യ എണ്ണകള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, കുട്ടികളുടെ ഭക്ഷണങ്ങള്‍, ശീതളപാനീയങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരും. ഓരോ ഉല്‍പ്പന്നങ്ങളിലും അടങ്ങിയ പോഷകമൂല്യം ഉപഭോക്താവിന് തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്ന് അബുദബി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ഉല്‍പ്പന്നങ്ങളിലെ പോഷകമൂല്യം തിരിച്ചറിയുന്നതിനാണ് ന്യൂട്രി മാര്‍ക്ക് നിര്‍ബന്ധമാക്കുന്നത്. എ മുതല്‍ ഇ വരെ അഞ്ച് ഗ്രേഡുകളിലായാണ് മൂല്യം കണക്കാക്കുന്നത്. എ ഗ്രേഡ് ഉല്‍പ്പന്നങ്ങള്‍ക്ക് പോഷകമൂല്യം കൂടുതലാകും. ഗ്രേഡോടു കൂടിയ ന്യൂട്രി മാര്‍ക്ക് ആണ് ജൂണ്‍ മുതല്‍ ഉല്‍പ്പന്നങ്ങളുടെ ലേബലില്‍ ഉള്‍പ്പെടുത്തേണ്ടി വരുന്നത്. ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യമായ പോഷകമൂല്യത്തിന്റെ തോത് യു.എ.ഇ ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് വ്യത്യസമായ പോഷക അളവുകളുള്ള ഉല്‍പ്പന്നങ്ങള്‍ക്കും വിപണിയില്‍ അനുമതിയുണ്ടാകില്ല.
Read DhanamOnline in English
Subscribe to Dhanam Magazine