ജിയോയെ നേരിടാന്‍ വന്‍ പദ്ധതികളുമായി വോഡഐഡിയ, വലിയ തോതില്‍ 4ജി, 5ജി വിപുലീകരിക്കും, ₹30,000 കോടിയുടെ ഇടപാട്

ലക്ഷ്യമിടുന്നത് ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധന
Vodafone Idea
Image Courtesy: Canva
Published on

4ജി നെറ്റ് വര്‍ക്കുകള്‍ വിപുലീകരിക്കുന്നതിനും പ്രധാന കേന്ദ്രങ്ങളില്‍ 5ജി അവതരിപ്പിക്കുന്നതിനും സുപ്രധാന നടപടികളുമായി വോഡഫോൺ ഐഡിയ. നെറ്റ്‌വർക്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി നോക്കിയ, എറിക്‌സൺ, സാംസങ് എന്നിവയുമായി കമ്പനി 3.6 ബില്യൺ ഡോളറിന്റെ വമ്പന്‍ ഇടപാടിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

ജിയോയുമായി മത്സരം കടുപ്പിക്കും

4ജി ലഭ്യമാകുന്ന ഉപയോക്താക്കളുടെ എണ്ണം 1.03 ബില്യണിൽ നിന്ന് 1.2 ബില്യണായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നോക്കിയ, എറിക്സൺ എന്നിവയുമായി വോഡഫോണ്‍ ഐഡിയയ്ക്ക് ദീര്‍ഘ കാലമായി ബിസിനസ് ബന്ധമുണ്ട്. അതേസമയം സാംസങ്ങുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആദ്യമായാണ്.

നോക്കിയ, എറിക്‌സണുമായി പ്രധാന കേന്ദ്രങ്ങളില്‍ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ നെറ്റ്‌വർക്ക് അപ്‌ഗ്രേഡുകള്‍ വോഡഫോൺ ഐഡിയ ഏപ്രിൽ മുതൽ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. വോഡഫോൺ ഐഡിയയുമായുള്ള പുതിയ കരാർ രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാരുമായുളള സഹകരണം വിപുലീകരിക്കാൻ ശ്രമിക്കുന്ന സാംസങ്ങിന് വലിയ ആശ്വാസം നൽകുന്നതാണ്.

ഇതിനകം 5ജിയിലേക്ക് വ്യാപകമായി അപ്‌ഗ്രേഡ് ചെയ്തിരിക്കുന്ന ജിയോ, എയര്‍ടെല്‍ എന്നിവയുമായി കടുത്ത മത്സരത്തിനാണ് വോഡഐഡിയ ഒരുങ്ങുന്നത്.

ഓപ്പണ്‍റാന്‍ (OpenRAN) സാങ്കേതികവിദ്യ ഏറ്റവും വികസിതമായത് ഉപയോഗിക്കുന്നത് നോക്കിയ, എറിക്സൺ എന്നീ കമ്പനികളാണ്. സാംസങ്ങിന്റെ വിറാന്‍ (vRAN) സാങ്കേതികവിദ്യയായിരിക്കും വോഡഐഡിയ നടപ്പിലാക്കുക.

സേവനം മെച്ചപ്പെടുത്തുക ലക്ഷ്യം

നോക്കിയ, എറിക്‌സൺ, സാംസങ് എന്നിവയുമായുള്ള പുതിയ കരാറുകൾ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം നൽകുന്നതിനുളള ഏറ്റവും പുതിയ ഉപകരണങ്ങൾ ലഭ്യമാക്കാന്‍ കമ്പനിയെ സഹായിക്കുന്നതാണ്. ഇത് ഉപഭോക്തൃ ചാഞ്ചാട്ടം കുറയ്ക്കാൻ സഹായിക്കുമെന്നും കമ്പനി വിലയിരുത്തുന്നു. പുതിയ ഉപകരണങ്ങൾ ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും ഇടയാക്കും.

ഇക്വിറ്റി സമാഹരണത്തിലൂടെയാണ് നിലവില്‍ കമ്പനി ഫണ്ട് സ്വരൂപിക്കുന്നത്. നിലവിലുള്ളതും പുതിയതുമായ വായ്പാ ദാതാക്കളുമായി ദീർഘകാലത്തേക്ക് 25,000 കോടി രൂപയുടെ ധനസഹായവും 10,000 കോടി രൂപ ഫണ്ട് അധിഷ്‌ഠിത സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് വിപുലമായ ചർച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കമ്പനി.

200 ദശലക്ഷം വരിക്കാരുള്ള വോഡഫോണ്‍ ഐഡിയ പൊതുമേഖലാ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (എൻ.ബി.എഫ്‌.സി) ഉൾപ്പെടെയുള്ളവരുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

വോഡഫോൺ ഐഡിയയുടെ അറ്റ ​​കടം 2024-25 ആദ്യ പാദം വരെ 28 ബില്യൺ ഡോളറായിരുന്നു. കമ്പനിയുടെ എ.ജി.ആർ ബാധ്യത 8.5 ബില്യൺ ഡോളറാണ് (70,300 കോടി രൂപ). ലൈസൻസിംഗും സ്പെക്‌ട്രം ഉപയോഗ ഫീസും അടക്കമുളള നിരക്കുകളായി ടെലികോം ഓപ്പറേറ്റർമാർ കേന്ദ്ര സർക്കാരിന് നൽകുന്ന തുക കണക്കാക്കാൻ ഉപയോഗിക്കുന്ന അക്കൗണ്ടിംഗ് പദമാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആർ).

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com