സ്വര്‍ണവില എങ്ങോട്ട്, നിക്ഷേപകരും കേന്ദ്രബാങ്കുകളും സ്വര്‍ണം വാരിക്കൂട്ടുന്നതെന്തിന്?

പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 75,000 രൂപ തൊട്ടേക്കും. വിലയിടിവിന് കാത്തിരിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?
Gold Bars
Image : Canva
Published on

ആഭ്യന്തര വിപണിയിലും വിദേശ വിപണികളിലും റെക്കോഡ് നിലവാരത്തിലാണ് സ്വര്‍ണവില. ഇന്ത്യന്‍ അവധി വിപണിയില്‍ 10 ഗ്രാമിന് 71,000 രൂപ നിലവാരത്തിലും സ്വര്‍ണത്തിന്റെ പ്രധാന വിദേശ വിപണിയായ ലണ്ടന്‍ മാര്‍ക്കറ്റില്‍ ട്രോയ് ഔണ്‍സിന് 2,353 ഡോളര്‍ എന്ന നിലയിലും വ്യാപാരം (ഏപ്രില്‍ 8ലെ വിലനിലവാരം) നടക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മാത്രം ആഭ്യന്തര സ്വര്‍ണവിലയില്‍ 12 ശതമാനത്തിന് മുകളില്‍ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിദേശ വിപണിയിലെ നേട്ടം 16 ശതമാനത്തോടടുപ്പിച്ചാണ്.

കൃത്യമായി പറഞ്ഞാല്‍ 2022ന്റെ അവസാനപാദം മുതല്‍ സ്വര്‍ണവില ക്രമാനുഗതമായ മുന്നേറ്റത്തിന്റെ പാതയിലാണ്. അതിനുള്ള പല ഘടകങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും പ്രധാനമായവ എന്തൊക്കെയെന്ന് നോക്കാം:

ആഗോളതലത്തിലെ ഉയര്‍ന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍

രണ്ട് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധവും കഴിഞ്ഞവര്‍ഷം ആരംഭിച്ച ഇസ്രായേല്‍-ഹമാസ് സംഘര്‍ഷവും ആഗോള രാഷ്ട്രീയ സ്ഥിതിഗതികളെ തകിടംമറിച്ചിരിക്കുന്നു. ഈ സംഘര്‍ഷങ്ങള്‍ക്ക് ഒട്ടും തന്നെ അയവുവരാത്ത സാഹചര്യം നിക്ഷേപകരെ സുരക്ഷിത ആസ്തികളിലേക്ക്, പ്രത്യേകിച്ച് സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. യുദ്ധസമാന രാഷ്ട്രീയ സാഹചര്യങ്ങളില്‍ നഷ്ടസാധ്യത കൂടിയ നിക്ഷേപങ്ങളില്‍ നിന്ന് പിന്തിരിഞ്ഞ് പെട്ടെന്ന് പണമാക്കി മാറ്റിയെടുക്കാന്‍ സാധിക്കുന്ന സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളിലേക്ക് പണമൊഴുക്ക് സാധാരണയാണ്.

കേന്ദ്രബാങ്കുകളില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യകത

കണക്കുകള്‍ പ്രകാരം 2010നുശേഷം വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് റെക്കോഡ് നിലവാരത്തിലാണ്. കേന്ദ്രബാങ്കുകള്‍ 2022ലും 2023ലും ആയിരത്തിലേറെ ടണ്‍ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയത്. ഈ രീതി ഈ വര്‍ഷവും തുടരുമെന്ന് വിപണി അനുമാനിക്കുന്നു. ഇതും സ്വര്‍ണവിലയെ മുന്നേറാന്‍ വന്‍തോതില്‍ സഹായിച്ചിട്ടുണ്ട്.

ആഗോള സാമ്പത്തിക വളര്‍ച്ചയിലെ അസ്ഥിരത

പല പ്രമുഖ രാജ്യങ്ങളിലും സാമ്പത്തിക മുരടിപ്പ് ദൃശ്യമാണ്. ജപ്പാന്‍, ജര്‍മ്മനി, യു.കെ തുടങ്ങിയ പല രാജ്യങ്ങളിലും തുടര്‍ച്ചയായി വളര്‍ച്ചാനിരക്കുകള്‍ താഴേക്കാണ് പോകുന്നത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ ചില രാജ്യങ്ങള്‍ വളര്‍ച്ചാ മുന്നേറ്റം രേഖപ്പെടുത്തുന്നുണ്ടെങ്കിലും പല പ്രമുഖ സാമ്പത്തിക സൂചികകളും ആഗോള വളര്‍ച്ചാ മുരടിപ്പ് ഈ വര്‍ഷവും മുന്‍കൂട്ടി കാണുന്നുണ്ട്. താഴ്ന്ന നിരക്കിലുള്ള സാമ്പത്തിക വളര്‍ച്ച നിക്ഷേപകരെ സുരക്ഷിതമായിരിക്കാന്‍ പ്രേരിപ്പിക്കുകയും സ്വര്‍ണം പോലുള്ള ചരക്കുകള്‍ വാങ്ങി സൂക്ഷിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.

അമേരിക്ക പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രവചനങ്ങള്‍

ഉയര്‍ന്നു നില്‍ക്കുന്ന പലിശനിരക്കുകള്‍ നിക്ഷേപകരെ അമേരിക്കന്‍ ആസ്തികളായ ഡോളര്‍, ബോണ്ടുകള്‍ എന്നിവ വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പലിശനിരക്കുകള്‍ വളര്‍ച്ചാ വേഗത കുറയ്ക്കുന്നതാകയാല്‍ കേന്ദ്രബാങ്കുകള്‍ നിരക്കുകള്‍ കുറയ്ക്കാനുള്ള നടപടികളിലേക്ക് കടന്നേക്കും എന്ന ആശങ്ക വിപണിയില്‍ ശക്തമാണ്. അമേരിക്ക പലിശനിരക്കുകള്‍ കുറച്ചാല്‍ അത് യഎസ് കറന്‍സിയുടെ മൂല്യത്തിനും ബോണ്ടുകളിലും വില്‍പ്പന സമ്മര്‍ദ്ദത്തിന് കാരണമാവുകയും സ്വര്‍ണവില കുതിക്കുകയും ചെയ്തേക്കും. ജൂണ്‍ മാസത്തോടുകൂടി അമേരിക്ക പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിപണിയില്‍ ഇപ്പോഴുള്ള പ്രവചനങ്ങള്‍.

ഇന്ത്യ, ചൈന രാജ്യങ്ങളിലെ ഉയര്‍ന്ന ആവശ്യകത

വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ചെറിയ വില്‍പന സമ്മര്‍ദ്ദം ഇന്ത്യന്‍ വിപണിയില്‍ ദൃശ്യമാകാറുണ്ടെങ്കിലും വാര്‍ഷിക അടിസ്ഥാനത്തില്‍ ആവശ്യകത ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. പോയ ഏതാനും വര്‍ഷങ്ങളില്‍ വിവാഹ, ഉത്സവ സീസണുകളില്‍ സ്വര്‍ണത്തിന് വളരെ ഉയര്‍ന്ന ഡിമാന്‍ഡാണ് കണ്ടുവരുന്നത്.

അതുപോലെ, ചൈനയില്‍ നിന്ന് ഉയര്‍ന്ന ആവശ്യകത രേഖപ്പെടുത്തുന്നുണ്ട്. ചൈനയിലെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ആശങ്കാജനകമായിരുന്നു. ഇത് നിക്ഷേപകരെ സുരക്ഷിത ആസ്തികളിലേക്ക് മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും തന്മൂലം ആഭ്യന്തര ഡിമാന്‍ഡില്‍ വന്‍തോതില്‍ വളര്‍ച്ച നേടാന്‍ കാരണമാവുകയും ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊരു വസ്തുത ഈ വര്‍ഷം അവസാനത്തോടു കൂടി അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പാണ്. ഇതോടനുബന്ധിച്ച ആശങ്കകളും വന്‍തോതില്‍ സ്വര്‍ണത്തിലും മറ്റും നിക്ഷേപിക്കുന്ന സ്ഥാപനങ്ങളെ സ്വാധീനിക്കാന്‍ കാരണമായിട്ടുണ്ട്.

(ധനം ബിസിനസ് മാഗസിന്റെ ഏപ്രില്‍ 30ലെ ലക്കത്തില്‍ നിന്ന്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി റിസര്‍ച്ച് തലവനാണ് ലേഖകന്‍)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com