ടിവി, വാഷിംഗ് മെഷീന്‍ വിലകള്‍ 20 ശതമാനം വരെ കൂടും; കാരണമിതാണ്

ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തന്നെ ടിവി, റെഫ്രിജിറേറ്റര്‍, വാഷിംഗ് മെഷീന്‍, എസി തുടങ്ങി വിവിധ ഗൃഹോപകരണങ്ങളുടെ വിലകള്‍ 20 ശതമാനം വരെ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളറിയാം.
ടിവി, വാഷിംഗ് മെഷീന്‍ വിലകള്‍ 20 ശതമാനം വരെ കൂടും; കാരണമിതാണ്
Published on

ടിവി, റെഫ്രിജിറേറ്റര്‍, വാഷിംഗ് മെഷീന്‍, എസി, മൈക്രോവേവ് ഓവന്‍ തുടങ്ങിയ വൈറ്റ് ഗുഡ്‌സ് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 20 ശതമാനം വരെ വര്‍ധനവുണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. കംപോണന്റ്‌സ് വിലയുയര്‍ന്നതാണ് ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനും പ്രധാനമായ കാരണമായിരിക്കുന്നത്. കംപോണന്റ്‌സ് വില 10 മുതല്‍ 40 ശതമാനം വരെയാണ് ഇക്കഴിഞ്ഞ കാലയളവില്‍ ഉയര്‍ന്നിരിക്കുന്നത്. ചെമ്പ്, സിങ്ക്, അലൂമിനിയം, സ്റ്റീല്‍, പ്ലാസ്റ്റിക്, ഫോമിംഗ് ഏജന്റുകള്‍ എന്നിവയുടെ വിലയേക്കാള്‍ ഇവ ഇറക്കുമതി ചെയ്യുന്നതിലെ ചെലവ് 40- 50 ശതമാനം വരെ ഉയര്‍ന്നതും പ്രതിസന്ധിയാക്കിയിരിക്കുകയാണെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്.

ആഗോളതലത്തിലെ ലഭ്യതക്കുറവ് മൂലം ടെലിവിഷന്‍ പാനലുകളുടെ വിലയും 30-100 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. സെപ്റ്റംബറില്‍ തന്നെ വില കൂട്ടുവാനുള്ള സാഹചര്യമായിരുന്നു വിപണിയിലുണ്ടായിരുന്നതെങ്കിലും ഉത്സവകാല വിപണിയിലെ വില്‍പ്പന ഉറപ്പാക്കാന്‍ വില വര്‍ധനവ് നീട്ടി വയ്ക്കുകയായിരുന്നു കമ്പനിക്കാര്‍. എന്നാല്‍ ഉത്സവ വിപണി അവസാനിച്ചതോടെ വിലക്കയറ്റം നിലനില്‍ക്കുന്നതിനാല്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ ഇപ്പോള്‍ കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ തന്നെ വില ഉയര്‍ത്തിയേക്കുമെന്ന് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ലോബി ഗ്രൂപ്പ് പ്രസിഡന്റ് കമല്‍ നന്ദി വ്യക്തമാക്കുന്നു. ഗോദ്‌റേജ് അപ്ലയന്‍സസിന്റെ മേധാവി കൂടിയായ നന്ദി പറയുന്നത് ഇത്രയും വലിയൊരു വര്‍ധനവ് കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ ഇപ്പോഴാണ് എന്നാണ്. വാഷിംഗ് മെഷീന്‍, എസി വിലകള്‍ 8-10 ശതമാനം വരെയും റഫ്രിജിറേറ്ററുകള്‍ക്കും ഫ്രീസറിനും 12-15 ശതമാനം വരെ വിലക്കയറ്റമുണ്ടായേക്കാമെന്നും ഇത്തരമൊരു വിലക്കയറ്റം ഒഴിവാക്കാനാകാത്തതാണെന്നും എല്‍ ജി ഇലക്ട്രോണിക്‌സ് വൈസ് പ്രസിഡന്റ് വിജയ് ബാബുവും വ്യക്തമാക്കുന്നു.

ഇരുമ്പുരുക്ക് സാമഗ്രികളുടെ വില കുതിച്ചുയരുന്നതും മേഖലയിലെ വിലക്കൂടുതലിന് പ്രധാന കാരണമാണ്. നവംബറില്‍ തുടങ്ങിയ വിലക്കയറ്റം ഡിസംബറിലും കുതിച്ചുയര്‍ന്നു. നിലവില്‍ ഇരുമ്പുരുക്ക് സാമഗ്രികളുടെ വിലയില്‍ കിലോയ്ക്ക് 10 മുതല്‍ 14 രൂപ വരെയാണ് വര്‍ധനയുണ്ടായിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തിക്കാതിരുന്ന ഇരുമ്പുരുക്ക്, മറ്റ് ലോഹ സാമഗ്രികള്‍ വില്‍ക്കുന്ന കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടി കിട്ടുന്നതിനായി ഉത്പാദനം കുറച്ചതാണ് വില കൂടാന്‍ കാരണമെന്നും വ്യാപാരികള്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com