സിമന്റ് വില വര്‍ധനവില്‍ വലഞ്ഞ് നിര്‍മാണ മേഖല

ഒരു ചാക്ക് സിമന്റിന് 525 രൂപയോളമാണ് ചില്ലറ വില്‍പ്പനക്കാര്‍ ഈടാക്കുന്നത്. അപ്രതീക്ഷിതമായി സാധനങ്ങള്‍ക്കുണ്ടായ വില വര്‍ധനവ് പലരെയും തല്‍ക്കാലത്തേക്ക് എങ്കിലും വീട് പണി നിര്‍ത്തിവെക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
സിമന്റ് വില വര്‍ധനവില്‍ വലഞ്ഞ് നിര്‍മാണ മേഖല
Published on

സിമന്റ് വിലയില്‍ ഉണ്ടാകുന്ന വര്‍ധനവ് സംസ്ഥാനത്തെ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു ചാക്ക് സിമന്റിന് കഴിഞ്ഞ ഒരാഴ്ച കൊണ്ട് 100 രൂപയില്‍ അധികമാണ് വര്‍ധിച്ചത്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി/പെറ്റ്‌കോക്ക് എന്നിവയുടെ ഇറക്കുമതി കുറഞ്ഞതും വില വര്‍ധനവും ആണ് പ്രതിസന്ധിക്ക് കാരണമായി ദക്ഷിനേന്ത്യന്‍ സിമന്റ് നിര്‍മാതാക്കളുടെ സംഘടന sicma ചൂണ്ടിക്കാട്ടുന്നത്.

വില വര്‍ധനവ് നേരിട്ടും അല്ലാതെയും ഏറ്റവും അധികം ബാധിക്കുക ഒരു വീട് അല്ലെങ്കില്‍ ഫ്ലാറ്റ് 0സ്വപ്‌നം കാണുന്ന സാധാരണക്കാരെയാണ്. അപ്രതീക്ഷിതമായി സാധനങ്ങള്‍ക്കുണ്ടായ വില വര്‍ധനവ് പലരെയും തല്‍ക്കാലത്തേക്ക് എങ്കിലും വീട് പണി നിര്‍ത്തിവെക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

കൊവിഡിന് ശേഷം വലിയ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന നിര്‍മാണ മേഖലയ്ക്കും വലിയ തിരിച്ചടിയാണ് സിമന്റ്, കമ്പി തുടങ്ങിയവയുടെ വില വര്‍ധനവ്. പലപ്പോഴും ഫ്‌ലാറ്റുകളും വില്ലകളും നിര്‍മാണം പൂര്‍ത്തിയാകും മുമ്പാണ് വില നിശ്ചയിക്കുന്നത്. അടിക്കടിയുള്ള നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ് ലാഭത്തെ വലുതായി ബാധിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വില്‍പ്പന തുടങ്ങിയ ശേഷം ഉണ്ടാകുന്ന വില വര്‍ധനവ് ഉപഭോക്താവില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അസോസിയേഷന് കത്ത് നല്‍കാനുള്ള ആലോചനയിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍.

അതേ സമയം സിമന്റ് കമ്പനികള്‍ കേരളത്തില്‍ മനപ്പൂര്‍വം വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നാണ് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്എന്‍ രഘുചന്ദ്രന്‍ നായര്‍ ആരോപിക്കുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടമെന്നും വിലക്കയറ്റം സൃഷ്ടിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് ഒരുമാസം ഒരു മില്യണ്‍ ടണ്‍ സിമന്റ് ആവശ്യമാണ്. ഇതില്‍ ആറു ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മലബാര്‍ സിമന്റ്‌സ് ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്ത് സിമന്റിന് ഇത്രയും ഡിമാന്റ് ഉണ്ടായിരിക്കെ സര്‍ക്കാരിന് കീഴിലുള്ള മലബാര്‍ സിമന്റിസില്‍ ഉത്പാദനം കൂട്ടാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൂടുതല്‍ സിമന്റ് ഫാക്ടറികള്‍ ആരംഭിക്കാന്‍ സാധിക്കുമെങ്കില്‍ അതിന്റെ സാധ്യതകള്‍ കേരളം പരിശോധിക്കണമെന്നും രഘുചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി.

നിര്‍മാണ മേഖലയില്‍ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പല നിര്‍മാണ പദ്ധതികളെയും ബാധിക്കും. സാമ്പത്തിക ഞെരുക്കത്തിലായ സംസ്ഥാനത്തിന് ഇത് ഇരട്ടി പ്രഹരമാകും. രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധിയും ഇന്ധന വിലര്‍ധനവും സിമന്റിന്റെയും കമ്പിയുടെയും വില ഇനിയും ഉയര്‍ത്തും എന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷത്തിന്റ തുടക്കത്തില്‍ ഒരു ചാക്ക് സിമന്റിന് 380 രൂപയായിരുന്നതാണ് ഇപ്പോള്‍ 460ല്‍ വരെ എത്തി നില്‍ക്കുന്നത്. ഒരു ചാക്കിന് 525 രൂപയോളമാണ് നിലവില്‍ ചില്ലറ വില്‍പ്പനക്കാര്‍ ഈടാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com