ബഹിരാകാശ യാത്രയ്ക്ക് എത്ര രൂപ ചെലവാകും..? വിര്‍ജിന്‍ ഗാലക്ടിക് ടിക്കറ്റ് വില്‍പ്പന തുടങ്ങി

പൊതുജനങ്ങള്‍ക്കായി ബഹിരാകാശ യാത്രയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് റിച്ചാര്‍ഡ് ബ്രാന്‍സന്റെ (Richard Branson) വെര്‍ജിന്‍ ഗ്യാലക്ടിക്. ആദ്യമായാണ് വെര്‍ജിന്‍ ഗ്യാലക്ടിക് പൊതുവായ ടിക്കറ്റ് വില്‍പ്പന നടത്തുന്നത്. നേരത്തെ മുന്‍കൂര്‍ പണം നല്‍കി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായിരുന്നു ടിക്കറ്റ് നല്‍കിയിരുന്നത്.

ഈ വര്‍ഷം 1000 ടിക്കറ്റുകളാണ് കമ്പനി നല്‍കുന്നത്. 450,000 യുഎസ് ഡോളര്‍ ( ഏകദേശം 3,37,95,349 കോടി രൂപ) ആണ് ടിക്കറ്റ് നിരക്ക്. 90 മിനിട്ടാണ് യാത്രയുടെ ദൈര്‍ഘ്യം. ഏകദേശം നാല് മിനിട്ടോളം യാത്രികര്‍ക്ക് ഭാരമില്ലായ്മ അനുഭവിക്കാം. കൂടാതെ ഭൂമിയുടെ ആകൃതി നേരില്‍ കാണാനും അവസരം ലഭിക്കും. വെര്‍ജിന്‍ ഗ്യാലക്ടിക്കിന്റെ സ്‌പേസ് ഷിപ്പ് ടു യുണിറ്റി എന്ന ബഹിരാകാശ വാഹനത്തിലാണ് യാത്ര.
നിരവധി ദിവസത്തെ പരിശീലനവും മറ്റും ഉള്‍പ്പെടുന്നതാണ് വെര്‍ജിന്റെ ബഹിരാകാശ യാത്ര. ന്യൂമെക്‌സിക്കോയിലെ സ്‌പേസ്‌പോര്‍ട്ട് അമേരിക്കയില്‍ നിന്നാണ് യാത്ര പുറപ്പെടുന്നത്. 2022 അവസാനത്തോടെ ആദ്യ യാത്ര സംഘടിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2005ല്‍ ബുക്കിങ് ആരംഭിച്ച വെര്‍ജിന്‍ ഗ്യാലക്ടിക്കിന്റെ (Virgin Galactic) ബഹിരാകാശ യാത്രകള്‍ക്കായി കഴിഞ്ഞ നവംബര്‍വരെ 700 ടിക്കറ്റുകളാണ് വിറ്റത്.
2005-2014 കാലയളവില്‍ 200,000-250,000 യുഎസ് ഡോളറായിരുന്നു ടിക്കറ്റ് നിരക്ക്. കഴിഞ്ഞ ജൂലൈ 11ന് ആണ് വെര്‍ജിന്‍ ഗ്യാലക്ടിക് ആദ്യ ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയത്. റിച്ചാര്‍ഡ് ബ്രാന്‍സണെ കൂടാതെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസിന്റെ ബ്ലൂ ഒര്‍ജിനും വാണിജ്യ ബഹിരാകാശ യാത്രകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it