മാധ്യമരംഗം പിടിച്ചടക്കാന്‍ ഇനി ടാറ്റയും അംബാനിയും ഭായ്..ഭായ്! ഓഹരി പങ്കാളിത്തത്തിന് ചര്‍ച്ച തുടങ്ങി

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ളത്. എണ്ണ മുതല്‍ ടെലികോം വരെ എണ്ണമറ്റ ബിസിനസുകളില്‍ സജീവമായ റിലയന്‍സിന്റെ കണ്ണിപ്പോള്‍ മാധ്യമരംഗത്ത് അതിശക്തനാകാനാണ്. വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യ ബിസിനസ് സ്വന്തമാക്കാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ മറ്റൊരു ഏറ്റെടുക്കലിനും കൂടി ഒരുങ്ങുകയാണ് റിലയന്‍സ്. ഇത്തവണ രാജ്യം കണ്ട ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ടാറ്റയുമായാണ് കൂട്ടുചേരല്‍. ടാറ്റ ഗ്രൂപ്പിന്റെ സാറ്റലൈറ്റ് ടെലിവിഷന്‍ ബ്രോഡ്കാസ്റ്ററായ ടാറ്റ പ്ലേയില്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശ്രമം തുടങ്ങിക്കഴിഞ്ഞു. ടാറ്റ പ്ലേയില്‍ വാള്‍ട്ട് ഡിസ്‌നി കൈവശം വച്ചിട്ടുള്ള 29.8 ശതമാനം ഓഹരികളാണ് ലക്ഷ്യമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

ടാറ്റ ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ ടാറ്റ സണ്‍സാണ് ടാറ്റ പ്ലേയിലെ മുഖ്യ ഓഹരി ഉടമ. 50.2 ശതമാനം ഓഹരിയാണ് ടാറ്റ സണ്‍സിനുള്ളത്. ബാക്കി സിംഗപ്പൂര്‍ ആസ്ഥാനമായ ഫണ്ടിംഗ് സ്ഥാപനമായ ടെമാസെക്കിന്റെ കൈവശമാണ്. ടാറ്റ പ്ലേ ഓഹരി സ്വന്തമാക്കാനുള്ള ശ്രമം നടപ്പായാല്‍ ടാറ്റ ഗ്രൂപ്പും അംബാനിയും തമ്മിലുള്ള പുതിയൊരു കൂട്ടുകെട്ടിന്റെ തുടക്കമാകുമിത്. ജിയോ സിനിമയെ ടാറ്റ പ്ലേ ഉപയോക്താക്കളിലേക്ക് കൂടി എത്തിക്കാനും ഇതു വഴി സാധിക്കും. ഓഹരി സ്വന്തമാക്കിയ ശേഷം ജിയോ സിനിമയുടെ മുഴുവന്‍ കണ്ടന്റുകളും ടാറ്റ പ്ലേ കസ്റ്റമേഴ്‌സിന് ലഭ്യമാക്കാനാണ് റിലയന്‍സ് ഉദ്ദേശിക്കുന്നത്.
ഓഹരി വില്‍ക്കാന്‍ ഡിസ്‌നിയും തെമാസെകും
ടാറ്റ പ്ലേയുടെ പ്രാരംഭ ഓഹരി വില്‍പ്പനയില്‍ ഓഹരി വിറ്റഴിക്കാനായിരുന്നു ഡിസ്‌നി പദ്ധിതിയിട്ടിരുന്നത്. എന്നാല്‍ ഐ.പി.ഒ നീട്ടിവച്ചതോടെയാണ് മറ്റ് വഴികളിലൂടെ ഓഹരി വിറ്റഴിക്കാന്‍ കമ്പനി തീരുമാനിച്ചത്. മറ്റൊരു മുഖ്യ നിക്ഷേപകരായ ടെമാസെക്കും ഓഹരി വിറ്റഴിക്കാനുള്ള സാധ്യതകള്‍ നോക്കുന്നുണ്ട്. കൈയിലുള്ള 20 ശതമാനം ഓഹരികള്‍ ടാറ്റ ഗ്രൂപ്പിന് വില്‍ക്കാന്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. നൂറു കോടി ഡോളറാണ് (ഏകദേശം 8,300 കോടി രൂപ) ടെമാസെക്കിന്റെ കൈവശമുള്ള ടാറ്റ പ്ലേ ഓഹരികളുടെ മൂല്യം.
നിലവില്‍ ടാറ്റപ്ലേയ്ക്ക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, ജിയോ സിനിമ, ആമസോണ്‍ പ്രൈം തുടങ്ങിയവയില്‍ നിന്ന് കനത്ത വെല്ലുവിളി നേരിടേണ്ടി വരുന്നുണ്ട്. 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റപ്ലേ 105 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തിയിരുന്നു. വരുമാനം 4,499 കോടി രൂപയായിരുന്നു. തൊട്ട് മുന്‍ വര്‍ഷം 68.60 കോടി രൂപ ലാഭമുണ്ടായിരുന്നതാണ് കടുത്ത മത്സരം മൂലം നഷ്ടത്തിലേക്ക് പതിച്ചത്.
മിഡീയ വമ്പനാകാന്‍
മീഡിയ, എന്റര്‍ടെയിന്‍മെന്റ് രംഗത്ത് ശക്തനാകാനാണ് റിലയന്‍സിന്റെ ലക്ഷ്യം. വാള്‍ട്ട് ഡിസ്‌നിയുടെ സ്വന്തം മീഡിയ ബിസിനസിനൊപ്പം വാള്‍ട്ട് ഡിസ്‌നിയുടെ ബിസിനസും ചേരുന്നതോടെ ടെലിവിഷന്‍ രംഗത്ത് 40 ശതമാനവും ഡിജിറ്റല്‍ രംഗത്ത് 35 ശതമാനം വിപണി വിഹിതം റിലയന്‍സിന്റെ കൈയിലാകും. ക്രിക്കറ്റ് സ്ട്രീമിംഗിലും റിലയന്‍സ് ഇതോടെ ഒന്നാമതെത്തും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it