റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒന്നാംപാദ ലാഭത്തില്‍ ഇടിവ്‌, ജിയോയ്ക്ക് ലാഭം കൂടി

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സംയോജിത ലാഭം 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ നാല് ശതമാനം ഇടിഞ്ഞ് 17,448 കോടി രൂപയായി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലിത് 18,182 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രധാന ബിസിനസായ ഓയില്‍ ടു കെമിക്കല്‍സ് (ഒ2സി) വിഭാഗത്തിലുണ്ടായ ദുര്‍ബലമായ വളര്‍ച്ചയാണ് ലാഭത്തെ ബാധിച്ചത്.

ഇക്കാലയളവില്‍ വരുമാനം 11.5 ശതമാനം ഉയര്‍ന്ന് 2.57 ലക്ഷം കോടി രൂപയായി. ഉയര്‍ന്ന എണ്ണ-വാതക വില, ഈ ബിസിനസുകളിലെ ശക്തമായ വളര്‍ച്ച, ഉപഭോക്തൃ ബിസിനസുകളിലെ സുസ്ഥിരമായ വളര്‍ച്ച എന്നിവ വരുമാന വര്‍ധനയ്ക്ക് സഹായകമായി.

ഇക്കാലയളവില്‍ നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ലാഭം (EBITDA) 2.0 ശതമാനം വര്‍ധിച്ച് 42,748 കോടി രൂപയായി.
വിവിധ വിഭാഗങ്ങളുടെ പ്രകടനം

റിലയന്‍സ് ഒ2സി സെഗ്മെന്റിലെ വരുമാനം 18.1 ശതമാനം വര്‍ധിച്ച് 157.133 കോടിയായി. ബ്രെന്റ് ക്രൂഡോയില്‍ വില ഒമ്പത് ശതമാനം വര്‍ധിച്ചതും ഉയര്‍ന്ന ഡിമാന്‍ഡ് മൂലം ഉയര്‍ന്ന വില്‍പ്പന നടന്നതുമാണ് വരുമാനം ഉയര്‍ത്തിയത്.

ഓയില്‍ ആന്‍ഡ് ഗ്യാസ് സെഗ്മെന്റില്‍ നികുതിക്കും മറ്റും മുന്‍പുള്ള ലാഭം 29.8 ശതമാനം വര്‍ധിച്ച് 5,210 കോടി രൂപയുമായി.

റിലയന്‍സ് റീറ്റെയ്‌ലിലെ ലാഭം ഇക്കാലയളവില്‍ 4.6 ശതമാനം വര്‍ധിച്ച് 2,549 കോടി രൂപയായി. റീറ്റെയില്‍ ഷോപ്പുകള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ജൂണ്‍ പാദത്തില്‍ 2.96 കോടിയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 19 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ രജിസ്റ്റേര്‍ഡ് റീറ്റെയ്ല്‍ കസ്റ്റമര്‍ ബേസ് 3.16 കോടിയായി.

ഡിജിറ്റല്‍ സര്‍വീസസ് സെഗ്മെന്റിന്റെ ലാഭം ജൂൺ പാദത്തിൽ 11.7 ശതമാനം ഉയര്‍ന്ന് 5,698 കോടിയായി.

റിലയന്‍സിനു കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോമുകളുടെ ലാഭം 5,698 കോടി രൂപയെന്ന റെക്കോഡിലാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ സമാനപാദത്തിലെ 5,101 കോടി രൂപയില്‍ നിന്ന് 11.7 ശതമാനം വര്‍ധിച്ചു. പ്രവര്‍ത്തന വരുമാനം 26,115 കോടി രൂപയില്‍ നിന്ന് 29,449 കോടി രൂപയുമായി. 12.8 ശതമാനമാണ് വര്‍ധന. യൂസര്‍മാരില്‍ നിന്നുള്ള ശരാശരി വരുമാനം 181.70 രൂപയായി. 80 ലക്ഷം സബ്സ്ക്രൈബര്‍മാരെയാണ് ആദ്യപാദത്തില്‍ കൂട്ടിച്ചേര്‍ത്തത്.

അറ്റ കടം കുറഞ്ഞു

2024 ജൂണ്‍ 30ന് അവസാനിച്ച പാദത്തിലെ റിലയന്‍സിന്റെ മൂലധന ചെലവ് 28,785 കോടിയാണ്. റിലയന്‍സിന്റെ സംയോജിത മൊത്ത കടം മാര്‍ച്ച് പാദത്തിലെ 3.24 ലക്ഷം കോടിയില്‍ നിന്ന് 3.04 ലക്ഷം കോടിയായും അറ്റ കടം 1.16 ലക്ഷം കോടി രൂപയില്‍ നിന്ന് 1.12 ലക്ഷം കോടി രൂപയായും കുറഞ്ഞു. കാഷ് തതുല്യ ആസ്തികളില്‍ പക്ഷെ 15,745 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

ഇന്നലെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ച ശേഷമാണ് റിലയന്‍സിന്റെ പാദഫലങ്ങള്‍ പുറത്തു വന്നത്. തിങ്കളാഴ്ചത്തെ വ്യാപാരത്തിലാകും ഓഹരികളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുക. ഇന്നലെ രണ്ട് ശതമാനത്തോളം ഇടിഞ്ഞ് 3,116.95 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം ഇതു വരെ 20 ശതമാനത്തിലധികം നേട്ടം റിലയന്‍സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.

Related Articles

Next Story

Videos

Share it