റിലയന്‍സിന്റെ നാലാം പാദ ലാഭത്തില്‍ ഇടിവ്; വിറ്റുവരവ് ₹10 ലക്ഷം കോടി പിന്നിടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി

മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദ ലാഭം 1.8 ശതമാനം ഇടിഞ്ഞ് 18,951 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലിത് 19,299 കോടി രൂപയായിരുന്നു.

അതേസമയം ഒക്ടോബര്‍-ഡിസംബര്‍ പാദത്തെ 17,265 കോടി രൂപയേക്കാള്‍ 9.76 ശതമാനം വര്‍ധനയുണ്ട്. മൊത്തം വരുമാനം ഇക്കാലയളവില്‍ 11 ശതമാനം ഉയര്‍ന്ന് 2.40 ലക്ഷം കോടി രൂപയായി. എണ്ണ വില ഉയര്‍ന്നതു മൂലം കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 11 ശതമാനത്തോളം വര്‍ധിച്ചു.

സാമ്പത്തിക വര്‍ഷ കണക്കുകള്‍

2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്തം ലാഭം തൊട്ടു മുന്‍ വര്‍ഷത്തെ 66,702 കോടി രൂപയില്‍ നിന്ന് 4.62 ശതമാനം ഉയര്‍ന്ന് 69,621 കോടി രൂപയായി.

2024 സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവ് നേടുന്ന ആദ്യ കമ്പനിയെന്ന നാഴികക്കല്ലും റിലയന്‍സ് പിന്നിട്ടു. കമ്പനിയുടെ വിറ്റുവരവ് 9.74 ലക്ഷം കോടി രൂപയില്‍ നിന്ന് 2.6 ശതമാനം ഉയര്‍ന്ന് 10 ലക്ഷം കോടി രൂപയായി. മറ്റു വരുമാനങ്ങള്‍ക്കും ജി.എസ്.ടിക്കും ശേഷമുള്ള മൊത്തം വരുമാനം 2.6 ശതമാനം ഉയര്‍ന്ന് 9.14 ലക്ഷം കോടി രൂപയുമായി.

റീറ്റെയ്ല്‍, ഓയില്‍ & ഗ്യാസ്

റിലയന്‍സിന്റെ എണ്ണ വാതക ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ 42 ശതമാനം വര്‍ധനയുണ്ടായി. കെ.ജി ഡി6 ബ്ലാക്കില്‍ നിന്നുള്ള ഉയര്‍ന്ന ഉത്പാദനമാണ് തുണയായത്.

ഒ2സി ബിസിനസില്‍ നിന്നുള്ള വരുമാനം വരുമാനം നാലാം പാദത്തില്‍ 110.9 ശതമാനം വളര്‍ച്ചയോടെ 1.42 ലക്ഷം കോടി രൂപയായി.

റീറ്റെയ്ല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തന വരുമാനം 9.8 ശതമാനം ഉയര്‍ന്ന് 67,610 കോടി രൂപയായി. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഫാഷന്‍ ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ എന്നിവയും വളര്‍ച്ച രേഖപ്പെടുത്തി.

അറ്റ കടം കുറഞ്ഞു

2024 മാര്‍ച്ച് 31 പാദത്തിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റ കടം 1.16 ലക്ഷം കോടി രൂപയാണ്. കമ്പനിയുടെ മൊത്തം കടം ഇതോടെ 3.24 ലക്ഷം കോടി രൂപയായി.

മൊത്തം കടം മുന്‍ വര്‍ഷത്തേക്കാള്‍ 10,656 കോടി രൂപ ഉയര്‍ന്നെങ്കിലും അറ്റ കടം 9,485 കോടി രൂപ കുറഞ്ഞിട്ടുണ്ട്. ക്യാഷ്, ക്യാഷ് തതുല്യ ആസ്തിയിലുണ്ടായ വര്‍ധനയാണ് ഇതിന് കാരണം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5 ജി നടപ്പാക്കാനും റീറ്റെയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കാനും പുതിയ എനര്‍ജി ബിസിനസിനുമായി 1.31 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ മൂലധനന ചെലവഴിക്കല്‍.

നാലാം പാദത്തില്‍ റിലയന്‍സ് മിതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ തീരെ മോശവുമല്ലെന്നാണ് നിഗമനം. ഓഹരിയൊന്നിന് പത്തു രൂപ വീതം ലാഭവിഹിതം നല്‍കാനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

ജിയോയ്ക്ക് 14 ശതമാനം ലാഭ വര്‍ധന

റിലയന്‍സിനു കീഴിലുള്ള ടെലികോം കമ്പനിയായ ജിയോ 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 5,337 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 13 ശതമാനമാണ് വര്‍ധന. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4,716 കോടി രൂപയായിരുന്നു ലാഭം. പ്രവര്‍ത്തന വരുമാനം 11 ശതമാനം വര്‍ധിച്ച് 23,394 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തിലിത് 25, 955 കോടി രൂപയായിരുന്നു.

ഓഹരിയില്‍ ഇടിവ്

പാദഫലപ്രഖ്യാപനത്തിന് ശേഷം ഓഹരി ഇന്ന് ചാഞ്ചാട്ടത്തിലാണ്. ഉച്ചയ്ക്കത്തെ സെഷനില്‍ 0.94 ശതമാനം ഇടിഞ്ഞ് 2,932.45 രൂപയിലാണ് ഓഹരിയുള്ളത്. വര്‍ഷം ഇതു വരെ 14 ശതമാനത്തോളം നേട്ടമാണ് റിലയന്‍സ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്.

പാദഫല പ്രഖ്യാപന പശ്ചാത്തലത്തില്‍ മുന്‍നിര ബ്രോക്കറേജ് കമ്പനികള്‍ റിലയന്‍സ് ഓഹരിയുടെ ലക്ഷ്യവില 3,500 രൂപ വരെ ഉയര്‍ത്തിയിട്ടുണ്ട്.

ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് 3,140 രൂപയില്‍ നിന്ന് 3,380 രൂപയായി ലക്ഷ്യ വില ഉയര്‍ത്തി.

മറ്റൊരു ബ്രോക്കറേജായ യു.ബി.എസ് നല്‍കിയിരിക്കുന്ന ലക്ഷ്യ വില 3,420 രൂപയാണ്. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രതീക്ഷ 3,046 രൂപയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it