

ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളുടെ വില ഈ വർഷം 35 ശതമാനം വരെ വർദ്ധിച്ചേക്കും. മെമ്മറി (RAM), പ്രോസസർ, ഗ്രാഫിക്സ് കാർഡ് (GPU) തുടങ്ങിയ പ്രധാന കമ്പ്യൂട്ടർ ഘടകങ്ങളുടെ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇതിന് പ്രധാന കാരണം.
ഡിഡിആർ റാം (DDR RAM) വിലയിൽ ഉണ്ടായ അസാധാരണമായ വർദ്ധനയാണ് ഇതിന്റെ പ്രധാന പ്രേരകശക്തി. റാമിന്റെ വില ഇതിനകം തന്നെ 2.5 മുതൽ 3 മടങ്ങ് വരെ വർദ്ധിച്ചിട്ടുണ്ട്, ഇത് നിലവിൽ ലാപ്ടോപ്പുകളുടെ മൊത്തം വിലയിൽ 10-12 ശതമാനം വർദ്ധനക്ക് കാരണമായിട്ടുണ്ട്. ഇതിന് പുറമെ, എൻട്രി ലെവൽ ഇന്റൽ പ്രോസസറുകളുടെ ദൗർലഭ്യവും വിലവർദ്ധനവിന് ആക്കം കൂട്ടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലുണ്ടായ വിപ്ലവം കാരണം, മെമ്മറി ചിപ്പുകളുടെ വിതരണം ഉയർന്ന ലാഭം നൽകുന്ന എഐ സെർവറുകളിലേക്കും ഇൻഫ്രാസ്ട്രക്ചറുകളിലേക്കും മാറ്റപ്പെടുകയാണ്.
മുൻപ് 30,000 - 35,000 രൂപ റേഞ്ചിൽ ലഭ്യമായിരുന്ന ലാപ്‌ടോപ്പുകളുടെ വില 45,000 രൂപയ്ക്ക് അടുത്തേക്ക് എത്തുകയാണ്. ഇത് വിദ്യാർത്ഥികളെയും സാധാരണ വീട്ടുപയോഗക്കാരെയും ആദ്യമായി കമ്പ്യൂട്ടർ വാങ്ങുന്നവരെയും കാര്യമായി ബാധിക്കുമെന്ന് സെയില്‍സ് മേഖലയിലുളളവര്‍ പറയുന്നു. അതേസമയം ഗെയിമിംഗ്, എന്റർപ്രൈസ് ഉപയോക്താക്കൾ പോലുളള പ്രീമിയം, പ്രൊഫഷണൽ വിഭാഗങ്ങൾ വിലയോട് അത്ര സെൻസിറ്റീവ് അല്ലാത്തതിനാൽ ഇത്തരം ഡിവൈസുകള്‍ക്കുളള ഡിമാൻഡ് തുടര്‍ന്നും ഉണ്ടാകുമെന്നാണ് കരുതുന്നത്.
2025 ൽ ഇന്ത്യയിലെ പിസി വിപണി 15.9 മില്യൺ യൂണിറ്റുകൾ എന്ന റെക്കോർഡ് ഷിപ്പിംഗ് രേഖപ്പെടുത്തിയെങ്കിലും, വിലവർദ്ധന കാരണം 2026 ല്‍ വിപണിയിൽ 7-8 ശതമാനം ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. 2027 പകുതിയോടെ മാത്രമേ വിലയിൽ കാര്യമായ കുറവുണ്ടാകാൻ സാധ്യതയുള്ളൂ.
ഡോളറിന്റെ മൂല്യത്തിലെ മാറ്റം, പണപ്പെരുപ്പം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ എന്നിവയും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ സെമി കണ്ടക്ടർ നിർമ്മാണത്തെ ബാധിക്കുന്നത് വഴി ഘടകഭാഗങ്ങളുടെ വില ഇനിയും ഉയരാം.
Rising prices of RAM, processors, and GPUs driven by AI demand and supply constraints may increase laptop and desktop prices by up to 35%, impacting students and first-time buyers.
Read DhanamOnline in English
Subscribe to Dhanam Magazine