Begin typing your search above and press return to search.
രോഹിത് ജാവ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മേധാവിയാകും
പ്രമുഖ എഫ്.എം.സി.ജി (അതിവേഗം വിറ്റഴിയുന്ന നിത്യോപയോഗ സാധനങ്ങൾ) കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ (എച്ച്.യു.എല്‍) മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി രോഹിത് ജാവ ജൂണ്‍ 27ന് ചുമതലയേല്‍ക്കും. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. നിലവിലെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സഞ്ജീവ് മേത്ത കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് രോഹിത് ജാവയുടെ നിയമനം. 2013 മുതല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമാണ് സഞ്ജീവ് മേത്ത.
നിലവില്‍ യു.കെ ആസ്ഥാനമായ മാതൃകമ്പനി യൂണിലിവറില്‍ പ്രവര്‍ത്തിക്കുന്ന രോഹിത് ജാവയെ ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 26വരെ എച്ച്.യു.എല്ലിന്റെ മുഴുവന്‍ സമയ ഡയറക്ടറായി നിയമിക്കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമര്‍പ്പിച്ച കത്തില്‍ കമ്പനി വ്യക്തമാക്കി. ജാവയുടെ നിയമനം ഓഹരി ഉടമകളുടെയും മറ്റ് റെഗുലേറ്റര്‍മാരുടെയും അംഗീകാരത്തിന് അനുസൃതമായിരിക്കും. രഞ്ജയ് ഗുലാത്തിയെ ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷത്തേക്ക് സ്വതന്ത്ര ഡയറക്ടറായി നിയമിക്കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടിന്റെ പരിചയ സമ്പത്ത്
ഡല്‍ഹിയിലെ ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് മാര്‍ക്കറ്റിംഗില്‍ എം.ബി.എ നേടിയിട്ടുള്ള രോഹിത് ജാവയ്ക്ക് യൂണിലിവറില്‍ മൂന്ന് പതിറ്റാണ്ടത്തെ പ്രവര്‍ത്തന സമ്പത്തുണ്ട്. 1988ല്‍ മാനേജ്‌മെന്റ് ട്രെയിനിയായാണ് തുടക്കം. ഇന്ത്യ, തെക്ക്-കിഴക്കന്‍ ഏഷ്യ, വടക്കേ ഏഷ്യ എന്നിവിടങ്ങളില്‍ യൂണിലിവറിന്റെ വിപണി മെച്ചപ്പെടുത്താന്‍ അദ്ദേഹം നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്.
Next Story
Videos