കേരളത്തില്‍ പുരപ്പുറ സോളാര്‍ നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ എത്തുന്നു, കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന നീക്കം

സോളാര്‍ വൈദ്യുതി കാര്യക്ഷമമായി വിനിയോഗിക്കാന്‍ യുക്തിപൂര്‍വമായ ഉപയോഗം നടത്തണമെന്ന് കെ.എസ്.ഇ.ബി
solar energy
Published on

പുരപ്പുറ സോളാര്‍ വൈദ്യുതി വ്യാപകമാക്കാന്‍ ഒരുങ്ങി കേരളം. മാസം 500 യൂണിറ്റിന് മുകളില്‍ വൈദ്യതി ഉപയോഗിക്കുന്ന വീടുകള്‍ പുരപ്പുറ സോളാര്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന ചട്ടമാണ് കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നത്. 2025 ലെ കരട് വൈദ്യുതി നയത്തിലാണ് ഈ ശുപാർശയുളളത്.

500 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വീടുകള്‍ക്ക് മാസം 5,000 രൂപയിലധികമാണ് വൈദുതി ബില്ലായി നിലവില്‍ ലഭിക്കുന്നത്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളെ പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

നിലവില്‍ പുരപ്പുറ സോളാര്‍ സ്ഥാപിക്കുന്നതില്‍ കേരളം രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഒന്നാം സ്ഥാനത്ത് ഗുജറാത്തും മൂന്നാം സ്ഥാനത്ത് രാജസ്ഥാനുമാണ് ഉളളത്. അടുത്തടുത്ത് വീടുകള്‍‌ ഉളള പ്രദേശമായതിനാല്‍ കേരളത്തില്‍ ധാരാളം സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമാണ്.

പുരപ്പുറ സോളാര്‍ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജലി യോജനയ്ക്ക് കീഴില്‍ 78,000 രൂപ വരെ സബ്സിഡി ലഭിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇന്‍സെന്റീവ് കൂടി നല്‍കാന്‍ തയാറായാല്‍ നിര്‍ബന്ധമായും പുരപ്പുറ സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കണമെന്ന നിബന്ധന കുടുംബങ്ങള്‍ ആവേശപൂര്‍വം ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.

ഏകദേശം 30-35 മെഗാവാട്ട് ഓൺ-ഗ്രിഡ് സോളാര്‍ സിസ്റ്റങ്ങളാണ് ഓരോ മാസവും കേരളത്തില്‍ കൂട്ടിച്ചേർക്കപ്പെടുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ സമീപഭാവിയിൽ സംസ്ഥാനത്തിൻ്റെ മൊത്തം ജലവൈദ്യുത ശേഷിയെ സൗരോർജ ശേഷി മറികടക്കുമെന്നാണ് കരുതുന്നത്.

സോളാര്‍ വൈദ്യുതി കാര്യക്ഷമമായി വിനിയോഗിക്കാന്‍ യുക്തിപൂര്‍വമായ ഉപയോഗം നടത്തണമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ ആവശ്യപ്പെടുന്നത്. വാഷിംഗ് മെഷീന്‍ ഉപയോഗിക്കല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യല്‍, ഇലക്ട്രിക് സ്റ്റൗ ഉപയോഗിച്ചുളള പാചകം ചെയ്യൽ, മറ്റു വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കൽ തുടങ്ങിയ ദിനചര്യകൾ പകൽ സമയത്ത് ചെയ്യണമെന്നും അധികൃതര്‍ പറയുന്നു. വേനല്‍ക്കാലം രൂക്ഷമാകുന്നതോടെ കടുത്ത വൈദ്യുതി പ്രതിസന്ധിയായിരിക്കും കേരളം നേരിടുക. ഇത് മറികടക്കാന്‍ പുരപ്പുറ സോളാര്‍ സിസ്റ്റങ്ങള്‍ക്ക് വലിയ പരിധി വരെ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com