ആഢംബര വസ്ത്ര വിപണിയില്‍ അംബാനി-ബിര്‍ലമാര്‍ക്ക് ഗോയങ്ക ചെക്; വിവാഹ വസ്ത്ര വിപണിയുടെ വലിപ്പം അറിയാമോ?

വിപുലീകരണത്തിനും വളർച്ചയ്ക്കുമായി ഡിസൈനർമാർ വൻകിട കമ്പനികളുടെ പിന്തുണ തേടുന്ന പ്രവണത, രാജ്യത്തെ ആഢംബര ഫാഷൻ ലാൻഡ്‌സ്‌കേപ്പ് വലിയ മാറ്റത്തിന് വിധേയമാകുന്നു എന്നതിന്റെ സൂചന
apparel market
Image courtesy: Canva
Published on

ഇന്ത്യൻ ആഢംബര വസ്ത്ര, ലൈഫ്‌സ്റ്റൈൽ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനൊരുങ്ങി പ്രമുഖ ബിസിനസ് ഗ്രൂപ്പായ ആർ.പി.-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് (RPSG). റിലയൻസ് റീട്ടെയിൽ, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ തുടങ്ങിയ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് പിന്നാലെയാണ് ഗോയങ്ക ഗ്രൂപ്പിന്റെ നിർണായകമായ ഈ ചുവടുവെപ്പ്. ഗ്രൂപ്പിന്റെ ഭാഗമായ ആർ.‌പി.‌എസ്‌.ജി വെഞ്ച്വേഴ്‌സ് ലിമിറ്റഡ്, ആഢംബര ഫാഷൻ ലേബലായ ഫാൽഗുനി ഷെയ്ൻ പീകോക്കിന്റെ (Falguni Shane Peacock - FSP) ഉടമസ്ഥരായ എഫ്.എസ്.പി ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡിൽ 40 ശതമാനം ഓഹരി വാങ്ങാൻ അംഗീകാരം നൽകി.

ഫാൽഗുനി ഷെയ്ൻ പീകോക്ക്

455.17 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യം കണക്കാക്കിയാണ് ഈ സുപ്രധാന ഏറ്റെടുക്കൽ. ആഡംബര ഫാഷൻ രംഗത്ത് ഒരു പ്രത്യേക പോർട്ട്‌ഫോളിയോ നിർമ്മിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ നിക്ഷേപം. ഇന്ത്യൻ കരകൗശല വൈദഗ്ധ്യത്തിനും വസ്ത്ര നിര്‍മ്മാണ രൂപകൽപ്പനയ്ക്കും ഒരു ആഗോള വേദി നൽകേണ്ടതുണ്ടെന്നും എഫ്.എസ്.പി യുടെ വളർച്ചയുടെ അടുത്ത ഘട്ടത്തെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും ആർ.‌പി.‌എസ്‌.ജി ഗ്രൂപ്പ് വൈസ് ചെയർമാൻ ശശ്വത് ഗോയങ്ക പറഞ്ഞു. കൂടാതെ, 18-24 മാസങ്ങൾക്കുള്ളിൽ അധികമായി 10 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള അവകാശവും ആർ.‌പി.‌എസ്‌.ജി വെഞ്ച്വേഴ്‌സ് നിലനിർത്തിയിട്ടുണ്ട്.

2025 സാമ്പത്തിക വർഷത്തിൽ 91.75 കോടി രൂപയുടെ വരുമാനമാണ് എഫ്.എസ്.പി രേഖപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് വർദ്ധനവാണ് ഇത്. 2024 സാമ്പത്തിക വർഷത്തിൽ 76.50 കോടി രൂപയും 2023 സാമ്പത്തിക വർഷത്തില്‍ വരുമാനം 68.50 കോടി രൂപയും ആയിരുന്നു.

ഐടി സേവനങ്ങൾ, ബിസിനസ് പ്രോസസ് മാനേജ്‌മെന്റ്, എഫ്എംസിജി (ആയുർവേദ, വെൽനസ് ഉൽപ്പന്നങ്ങൾ ഉൾപ്പെടെ), റിയൽ എസ്റ്റേറ്റ്, സ്‌പോർട്‌സ് എന്നിവയിലായി വൈവിധ്യമാർന്ന ഒരു പോർട്ട്‌ഫോളിയോ ആർപിഎസ്ജി വെഞ്ച്വേഴ്‌സ് പ്രവർത്തിപ്പിക്കുന്നു. 2025 സാമ്പത്തിക വർഷത്തിൽ ആകെ 9,645 കോടി രൂപ വരുമാനവും 164.4 കോടി രൂപ ലാഭവുമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ വിവാഹ, പ്രത്യേകാവസര വസ്ത്രങ്ങൾക്കായുള്ള വിപണി 2023-24 സീസണിൽ 7,500 കോടി ഡോളറിൽ അധികമാണ്. ഈ വലിയ വിപണി ലക്ഷ്യമിട്ടാണ് കോർപ്പറേറ്റ് ഗ്രൂപ്പുകൾ ഇന്ത്യൻ ഡിസൈനർമാരുമായി കൈകോർക്കുന്നത്. വിപുലീകരണത്തിനും വളർച്ചയ്ക്കുമായി ഡിസൈനർമാർ വൻകിട കമ്പനികളുടെ പിന്തുണ തേടുന്ന ഈ പ്രവണത, രാജ്യത്തെ ആഢംബര ഫാഷൻ ലാൻഡ്‌സ്‌കേപ്പ് വലിയ മാറ്റത്തിന് വിധേയമാകുന്നു എന്നതിന്റെ സൂചനയാണ്.

അംബാനി-ബിർളമാർ

2021 ജനുവരിയിൽ, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, സബ്യസാചി മുഖർജിയുടെ ഫാഷൻ ഹൗസിന്റെ 51 ശതമാനം ഓഹരി ഏകദേശം 398 കോടി രൂപക്ക് ഏറ്റെടുത്തിരുന്നു, തുടർന്ന് ഇവര്‍ ഫെബ്രുവരിയിൽ തരുൺ തഹിലിയാനിയുടെ കോച്ചർ ലേബലിൽ 33.5 ശതമാനം ഓഹരി 67 കോടി രൂപക്ക് സ്വന്തമാക്കി. 2021 ല്‍ തന്നെ, ഫാഷൻ ഡിസൈനർ ഋതു കുമാറിന്റെ ഋതിക പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിപക്ഷ ഓഹരികൾ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് (RRVL) ഏറ്റെടുത്തു. 2022 ൽ, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ഹൗസ് ഓഫ് മസാബയിൽ 51 ശതമാനം ഓഹരികളും സ്വന്തമാക്കി.

RPSG Group acquires 40% stake in luxury fashion brand Falguni Shane Peacock, entering India's premium apparel market.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com