Begin typing your search above and press return to search.
വന്ദേ ഭാരതിന് പിന്നാലെ നമോ ഭാരതും; പേരിനെച്ചൊല്ലി രാഷ്ട്രീയപ്പോര്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഒക്ടോബർ 20) ഫ്‌ളാഗ്-ഓഫ് ചെയ്ത ഇന്ത്യയുടെ ആദ്യ പ്രാദേശിക ട്രെയിന്‍ സര്‍വീസിന്റെ പേരിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. 'നമോ ഭാരത്' (Namo Bharat) എന്നാണ് ട്രെയിന്‍ സര്‍വീസിന് പേര് നല്‍കിയിരിക്കുന്നത്.
മോദിയുടെ സ്വയം പുകഴ്ത്തലിന് അതിരുകളില്ലെന്ന് ഇതേക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് എക്‌സില്‍ (ട്വിറ്റര്‍) പരിഹസിച്ചു. നേരത്തേ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നമോ (നരേന്ദ്ര മോദി എന്നതിന്റെ ചുരുക്കം) സ്റ്റേഡിയം എന്ന് പേര് നല്‍കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തിനാണ് 'ഭാരത്' എന്ന് ചേര്‍ത്തത്? നമോ എന്ന് മാത്രം പോരായിരുന്നോ എന്ന പരിഹാസവുമായി കോണ്‍ഗ്രസ് മീഡിയ വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേരയും രംഗത്തെത്തി.
ചെറിയ ദൂരം, അതിവേഗം
രാജ്യത്തെ ആദ്യ സെമി ഹൈ സ്പീഡ് റീജിയണല്‍ ട്രെയിന്‍ സര്‍വീസാണ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം അഥവാ ആര്‍.ആര്‍.ടി.എസ് (RRTS). ഇതിന്റെ പേരാണ് നമോ ഭാരത് എന്നാക്കിയത്. വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ റെയില്‍ സര്‍വീസ് പദ്ധതികളിലൊന്നാണിത്.
ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റൂട്ടിലാണ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിയായ നമോ ഭാരത് അവതരിപ്പിക്കുന്നത്. സര്‍വീസ് ഇന്ന് പ്രധാനമന്ത്രി ഫ്‌ളാഗ്-ഓഫ് ചെയ്തെങ്കിലും പൊതുജനങ്ങള്‍ക്കായി ആദ്യ നമോ ഭാരത് സര്‍വീസ് നാളെ മുതലാണ്.
ആകെ 82 കിലോമീറ്ററിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 17 കിലോമീറ്റര്‍ വരുന്ന സാഹിബാബാദ്-ദുഹായ് ഡിപ്പോ റൂട്ടിലാണ് നിലവില്‍ സര്‍വീസ്. സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ദാര്‍, ദുഹായ്, ദുഹായ് ഡിപ്പോ എന്നിവയാണ് ഈ റൂട്ടിലെ സ്‌റ്റേഷനുകള്‍.
30,000 കോടി ചെലവ്
ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയില്‍ 30,000 കോടി രൂപ ചെലവഴിച്ചാണ് നമോ ഭാരത് ട്രെയിന്‍ സര്‍വീസ് പദ്ധതി ഒരുക്കുന്നത്. ഇതോടെ, മീററ്റില്‍ നിന്ന് ഒരുമണിക്കൂറിനകത്ത് ഡല്‍ഹിയിലെത്താന്‍ ജനങ്ങള്‍ക്ക് കഴിയും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടും.
2019 മാര്‍ച്ച് എട്ടിനായിരുന്നു നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിട്ടത്. ആകെ എട്ട് ആര്‍.ആര്‍.ടി.എസ് ഇടനാഴികളാണ് ഡല്‍ഹി രാജ്യതലസ്ഥാന മേഖലയെ (NCR) ബന്ധിപ്പിച്ച് സജ്ജമാകുന്നത്. ഇതില്‍ ആദ്യഘട്ടത്തിലുള്ളതാണ് ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റൂട്ടിന് പുറമേ ഡല്‍ഹി-ആള്‍വാർ, ഡല്‍ഹി-പാനിപത്ത് ഇടനാഴികള്‍.
Next Story
Videos