2,000ന്റെ നോട്ട് കൊണ്ട് സ്വര്‍ണം: ഒരു പവന്‍ വാങ്ങാനും തിരിച്ചറിയല്‍ രേഖ വേണം

റിസര്‍വ് ബാങ്ക് പൊടുന്നനേ 2,000 രൂപാ നോട്ട് പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെ സ്വര്‍ണവിപണിയില്‍ വന്‍ തിരക്ക്. ബാങ്കുകളില്‍ ഒരു ഇടപാടുകാരന് ഒറ്റത്തവണ പരമാവധി പത്ത് 2,000 രൂപാ നോട്ടുകളേ മാറ്റിയെടുക്കാനാകൂ. അതായത് 20,000 രൂപവരെ. ഇത്തരത്തില്‍ നോട്ട് മാറ്റാന്‍ വരുന്നവര്‍ കെ.വൈ.സിക്കായി (നോ യുവര്‍ കസ്റ്റമര്‍/KYC) തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്ന് ചില ബാങ്കുകള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഫോണ്‍ നമ്പറും സമര്‍പ്പിക്കണം. എസ്.ബി.ഐയില്‍ ഇതിന്റെ ആവശ്യമില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

എങ്കിലും, ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലും ബാങ്കുകളില്‍ പരിധിയുള്ളതിനാലും നിരവധി ഉപഭോക്താക്കള്‍ ഇപ്പോള്‍ സ്വര്‍ണക്കടകളിലേക്ക് കുതിക്കുകയാണെന്നാണ് രാജ്യവ്യാപകമായുള്ള വാര്‍ത്തകള്‍. കൈവശം 2,000ന്റെ നിരവധി നോട്ടുകളുള്ളവര്‍ അവ സ്വര്‍ണാഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള ഓട്ടത്തിലാണ്. തുക രണ്ടുലക്ഷം രൂപയ്ക്കുമേല്‍ ആയാല്‍ മാത്രം ഉപഭോക്താവ് പാന്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നതാണ് ചട്ടം. ഈ ആനുകൂല്യമാണ് പലരും ഉപയോഗിക്കുന്നത്.
ജാഗ്രതയോടെ സ്വര്‍ണ വ്യാപാരികള്‍
2,000 രൂപാ നോട്ടുകളുമായി സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ, കരുതല്‍ നടപടികള്‍ സ്വര്‍ണ വ്യാപാരികളും സ്വീകരിച്ചതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
കേരളത്തിലെ സ്വര്‍ണക്കടകളിലും തിരക്കേറിയ പശ്ചാത്തലത്തിലാണിത്. സ്വര്‍ണം വാങ്ങിയശേഷം 2,000ന്റെ 25 നോട്ടിലധികം നല്‍കുന്ന ഉപഭോക്താവിന്റെ (അതായത് 50,000 രൂപ) തിരിച്ചറിയല്‍ രേഖകള്‍ കെ.വൈ.സി പ്രകാരം വാങ്ങുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തേ 500, 1000 രൂപാ നോട്ടുകള്‍ കേന്ദ്രം അസാധുവാക്കിയപ്പോഴും സ്വര്‍ണക്കടകളില്‍ തിരക്കേറിയിരുന്നു.
അന്ന്, ഒട്ടേറെ വ്യാപാരികള്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണവും പരിശോധനകളും നേരിടേണ്ടി വന്നു. സമാന സാഹചര്യം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ഉപഭോക്താവിന്റെ രേഖകൾ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ പിന്നീട് ബാങ്കില്‍ ഹാജരാക്കുമ്പോള്‍ ഈ രേഖകളും കരുതല്‍ തെളിവെന്നോണം സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നോട്ടിന്റെ ഉറവിടം (Source) വ്യക്തമാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പവനും വേണം കെ.വൈ.സി
നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില 45,040 രൂപയാണ്. മൂന്ന് ശതമാനം ജി.എസ്.ടിയും മിനിമം 10 ശതമാനം പണിക്കൂലിയും 45 രൂപ എച്ച്.യു.ഐ.ഡി ഫീസും ചേര്‍ത്താല്‍ കുറഞ്ഞത് 51,000 രൂപയെങ്കിലും നല്‍കിയാലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. അതായത് ഒരു പവന്‍ ആഭരണം വാങ്ങിയശേഷം 2,000 രൂപാ നോട്ടുകളാണ് നല്‍കുന്നതെങ്കില്‍ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കണം.


Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it