റഷ്യന്‍ ആക്രമണം: സിമന്റ് വില ഇനിയും കൂടും

റഷ്യന്‍ ആക്രമണം യുക്രയ്‌നില്‍ ആരംഭിച്ചതോടെ സിമെന്റ് വില വരും മാസങ്ങളില്‍ ഇനിയും വര്‍ധിക്കുമെന്ന് ഉറപ്പായി. സിമന്റ് നിര്‍മാതാക്കള്‍ ഒക്ടോബറില്‍ വില വര്‍ധിപ്പിച്ചെങ്കിലും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഡിമാന്‍ഡ് കുറഞ്ഞതോടെ അത് പിന്‍വലിക്കുകയാണ് ചെയ്തത്. ജനുവരിയില്‍ ഏഴ് ശതമാനം വിലവര്‍ദ്ധനവ് ഉണ്ടായി. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതും, ക്രൂഡ് ഓയില്‍, വൈദ്യതി നിരക്കുകള്‍ ഉയര്‍ന്നതുമാണ് വില വര്‍ധിക്കാനുള്ള സാഹചര്യം ഉണ്ടായത്. സിമന്റ് വില വര്‍ധനവും മറ്റ് നിര്‍മ്മാണ സാമഗ്രികളുടെ വില ഉയര്‍ന്നതും വീടിന്റെ നിര്‍മ്മാണ ചെലവ് ഗണ്യമായി വര്‍ധിപ്പിക്കും.

സിമന്റ് കമ്പനികള്‍ക്ക് 50 മുതല്‍ 55 ശതമാനം ഉല്‍പ്പാദന ചെലവ് വൈദ്യുതി, ക്രൂഡ് ഓയ്ല്‍ ഇനത്തിലാണ്. ഡീസല്‍ വില വര്‍ധിച്ചതോടെ കടത്തു കൂലിയും കൂടിയത് സിമന്റ് വ്യവസായത്തിന് പ്രതിസന്ധിയായി. 2021 -22 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 50 കിലോ ചാക്കിന് ശരാശരി മൊത്ത വില 365 മുതല്‍ 373 രൂപയാണ്. ഉല്‍പ്പാദന ചെലവ് ഒരു ടണ്ണിനു 900 രൂപ വരെ വര്‍ധിച്ചതായി നിര്‍മ്മല്‍ ബാംഗ് റിസേര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്ന് സാഹചര്യത്തില്‍ സിമന്റ് വ്യവസായത്തിന് കൂടുതല്‍ പ്രഹരം ഏല്‍ക്കേണ്ടി വരും.
ഈ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ഒരു ചാക്കിന് 15 മുതല്‍ 20 രൂപയോ അതില്‍ കൂടുതലോ വില വര്‍ധിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 15-20 രൂപ വരെ വീണ്ടും വില വര്‍ധിക്കും. കോവിഡ് വ്യപനം കുറഞ്ഞ് നിര്‍മ്മാണ മേഖല സജീവമായി വരുന്ന വേളയിലാണ് സിമന്റ് വില വീണ്ടും വര്‍ധിക്കുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it