തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കുഞ്ഞന്‍ വെബ്‌സൈറ്റുമായി കേരള ടൂറിസം

കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ലോകമെമ്പാടുമെത്തിക്കാനും സഞ്ചാരികളെ ധാരാളമായി ആകര്‍ഷിക്കാനുമായി വിവിധ ഭാഷകളില്‍ മൈക്രോ വെബ്‌സൈറ്റുമായി കേരള ടൂറിസം. പ്രധാന ആരാധനാലയങ്ങളുടെയെല്ലാം വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമടങ്ങുന്നതാകും ഈ മൈക്രോ വെബ്‌സൈറ്റുകള്‍. തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വെബ്‌സൈറ്റുകള്‍ അവതരിപ്പിക്കുന്നത്.

തുടക്കം ശബരിമലയില്‍

കേരളത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയാണ് മൈക്രോ സൈറ്റിനായി ആദ്യം പരിഗണിക്കുന്നത്. ശബരിമലയില്‍ ഓരോ വര്‍ഷവും എത്തുന്ന അഞ്ച് കോടിയോളം വരുന്ന ഭക്തരെ കേരളത്തിലെ മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് കൂടി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. ശബരിമലയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുമടങ്ങുന്ന വെബ്‌സൈറ്റ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ലഭ്യമാക്കും. 61.36 ലക്ഷം രൂപയുടെ പ്രോജക്റ്റില്‍ ശബരിമലയെക്കുറിച്ചുള്ള ഇ-ബ്രോഷറുകളും ഉള്‍പ്പെടുന്നു.

വെര്‍ച്വല്‍ ട്രാവല്‍ അസിസ്റ്റന്റ് പോലെ പ്രവര്‍ത്തിക്കുന്ന മൈക്രോ സൈറ്റ് താമസ സൗകര്യം, യാത്രാ മാര്‍ഗങ്ങള്‍, എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പ്രാദേശിക വിഭവങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ എല്ലാം ഇതിലുണ്ടാകും.

ശബരിമല ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു പ്രൊമോഷണല്‍ സിനിമയും ഈ വെബ്‌സൈറ്റിന്റെ പ്രത്യേകതയാണ്. ശബരിമല തീർത്ഥാടനം സുഗമമാക്കാനും ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുമെത്തുന്നവർക്ക് യാത്ര എളുപ്പമാക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

വിഡിയോകൾ ഒരുങ്ങും

ശബരിമലയിലെത്തുന്നവര്‍ക്ക് ഈ തീര്‍ത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പകരാന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റാളും ഒരുക്കും. മറ്റ് പ്രധാന ക്ഷേത്രങ്ങള്‍, റൂട്ടുകള്‍, ക്ഷേത്രങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍, വിശേഷങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഈ മൈക്രോ വെബ്‌സൈറ്റിലൂടെ തന്നെ അറിയാൻ കഴിയും. ഇതിലൂടെയല്ലാതെ വിശദമായി മനസ്സിലാക്കാന്‍ യൂട്യൂബ് വീഡിയോകളും പുറത്തിറക്കും.

പില്‍ഗ്രിം ടൂറിസം സ്റ്റേറ്റായി കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ പദ്ധതികളും. നേരത്തെ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഓഗ്മെന്റഡ് റിയാലിറ്റി (AR) ഹെറിറ്റേജ് പദ്ധതിക്കായും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് 60 ലക്ഷം രൂപ അനുവദിച്ചിരുന്നു.

മറ്റ് പദ്ധതികൾ

കേരളത്തിന്റെ ഇസ്ലാമിക പാരമ്പര്യത്തെ ലോകത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കലാ രൂപങ്ങള്‍, പരമ്പരാഗത ആഘോഷങ്ങൾ, ആരാധനാലയങ്ങള്‍ എന്നിവയെ സമന്വയിപ്പിച്ച് 93.81 ലക്ഷം രൂപയുടെ ഡിജിറ്റല്‍ പദ്ധതിയും കേരള ടൂറിസത്തിനുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍, ജൂത ദേവാലയങ്ങള്‍ക്കും ഇത്തരത്തിലുള്ള പദ്ധതികള്‍ കേരള ടൂറിസം ആവിഷ്‌കരിച്ചിട്ടുണ്ട്. പില്‍ഗ്രിം ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ ഇത്തരത്തിലുള്ള വൈവിധ്യമായ പദ്ധതികള്‍ ടൂറിസം വകുപ്പ് സജ്ജമാക്കുന്നത്. തമിഴ്‌നാടും ആന്ധ്രപ്രദേശും ജാര്‍ഖണ്ഡും പോലെ കേരളത്തിലും തീര്‍ത്ഥാടന കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് ടൂറിസം വികസനം സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

എന്താണ് മൈക്രോ വെബ്‌സൈറ്റ് ?

ഒരു കമ്പനിയുടെ ഉൽപ്പന്നം, സേവനം, കാമ്പെയ്‌ൻ അല്ലെങ്കിൽ ഇവന്റ് എന്നിവ പ്രൊമോട്ട് ചെയ്യുന്നതിനായി നിർമ്മിച്ച ഒരു വെബ് പേജ് അല്ലെങ്കിൽ ചെറിയ വെബ്‌സൈറ്റാണ് മൈക്രോസൈറ്റ്. മൈക്രോസൈറ്റുകൾ സാധാരണയായി പ്രധാന കമ്പനി വെബ്‌സൈറ്റിൽ നിന്ന് മറ്റൊരു ഡൊമെയ്‌നോ സബ്‌ഡൊമെയ്‌നോ ഉപയോഗിക്കുകയും പ്രധാന വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു, പക്ഷേ ബ്രാൻഡിനായി ഒരു പ്രത്യേക എന്റിറ്റിയായി പ്രവർത്തിക്കുന്നവയാണ് ഇവ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it