സാബു ഇനിയും പുറത്തു പോകുന്നതാണ് നല്ലത്

കിറ്റെക്‌സുമായുള്ള പ്രശ്‌നത്തില്‍ വ്യവസായ മന്ത്രി നിലപാട് അറിയിച്ചതോടെ ഒരു കാര്യം വ്യക്തമായി. കിറ്റെക്‌സ് പറയുന്നതു പോലെ ഒരു സെറ്റില്‍മെന്റിന് സര്‍ക്കാര്‍ തയാറല്ല. സര്‍ക്കാര്‍ ചെയ്യുന്നത് ശരിയോ തെറ്റോ എന്തു തന്നെയായാലും വ്യവസായ ലോകം ഉറ്റു നോക്കുന്നത് കിറ്റെക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ സാബു എം ജേക്കബിന്റെ അടുത്ത നീക്കം എന്താണെന്നാണ്.

ഇപ്പോഴത്തെ കേരളത്തിലെ സ്ഥിതിയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോളവത്കൃത സാഹചര്യവും പരിഗണിക്കുമ്പോള്‍ സാബു പുറത്തു പോകുന്നതു തന്നെയാണ് നല്ലത്.
എല്ലാം ഒരിടത്തു വേണ്ട
Don't put all your eggs in one basket എന്നാണ് പറയാറ്. ഒരേ സ്ഥലത്താണ് എല്ലാ നിക്ഷേപവും എങ്കില്‍ റിസ്‌ക് കൂടുതലാണ്. ഒരു പ്രതിസന്ധി ഉണ്ടാവുകയാണെങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തനം തന്നെ നിലച്ചു പോകുന്ന സ്ഥിതിയുണ്ടാകും.
1. ഇത്രയും തൊഴിലാളികള്‍ ഒരേ സ്ഥലത്ത് ജോലി ചെയ്യുമ്പോള്‍ ചെറിയ തൊഴില്‍ സമരങ്ങള്‍ പോലും കമ്പനിയെ വന്‍തോതില്‍ ബാധിക്കും. പലയിടങ്ങളിലാണെങ്കില്‍ മറ്റു യൂണിറ്റുകളുടെ പ്രവര്‍ത്തനം മുടക്കമില്ലാതെ നടന്നു പോകും. കമ്പനിക്ക് തൊഴില്‍ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനുമാകും.
2. ആയിരക്കണക്കിന് പേര്‍ ഒരുമിച്ച് ജോലി ചെയ്യുന്നത് ആരോഗ്യപരമായും അപകടസാധ്യതകളുണ്ട്. കോവിഡ് പോലെയുള്ള പകര്‍ച്ച വ്യാധികളെ ചെറുക്കാനും വിവിധയിടങ്ങളില്‍ ഫാക്ടറികളാകുന്നത് തന്നെയാണ് നല്ലത്. മാത്രമല്ല, പ്രാദേശിക ലോക്ക് ഡൗണുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് തുറന്നു പ്രവര്‍ത്തിക്കാനുമാകും.
3. നിലവില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും കിറ്റെക്‌സിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഭരണം മാറി വന്നാലും പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഏതു സര്‍ക്കാര്‍ വന്നാലും പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് നിലവിലെ സാഹചര്യത്തില്‍ പറയാനാവുക. അങ്ങനെയായാല്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ട് നേരിടും.
4. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ അപൂര്‍വമല്ലാതായി മാറിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാനും മറ്റു സംസ്ഥാനങ്ങളില്‍ കൂടി പ്രവര്‍ത്തനമുള്ളത് സഹായിക്കും.
മികച്ച ഓഫര്‍ പ്രയോജനപ്പെടുത്താം
കിറ്റെക്‌സ് കേരളത്തിലെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ ഓഫറുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഒന്‍പത് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് സാബു എം ജേക്കബ് തന്നെ പറയുന്നു. തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍
മികച്ച ഓഫറുകളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. പുറത്തേക്ക് പോയാല്‍ അവ പ്രയോജനപ്പെടുത്താനാകും എന്ന നേട്ടവുമുണ്ട്.
ചരിത്രം പുറത്ത് പോയവര്‍ക്കൊപ്പം
കേരളത്തിന് പുറത്തു പോയി വിജയിച്ച മലയാളി സംരംഭങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട്. അപ്പോളോ, സിന്തൈറ്റ്, ഉജാല, വി ഗാര്‍ഡ്, പാരഗണ്‍, വികെസി, ജിയോജിത്, മുത്തൂറ്റ്, തുടങ്ങിയവയെല്ലാം കേരളത്തില്‍ തുടക്കമിട്ട് മറ്റു സംസ്ഥാനങ്ങളില്‍ കൂടി ബിസിനസ് കെട്ടിപ്പടുത്തവരാണ്.
സര്‍ക്കാര്‍ മാറുവാന്‍ നിര്‍ബന്ധിതരാകും
കിറ്റെക്‌സ് പുറത്തു പോകുന്നത് കേരളത്തിന് വലിയ ക്ഷീണം തന്നെയാകും. സര്‍ക്കാരിന് നല്‍കാവുന്ന ഏറ്റവും വലിയ തിരിച്ചടി തന്നെയായിരിക്കും ഇതെന്നാണ് വ്യവസായ ലോകവും അഭിപ്രായപ്പെടുന്നത്. നിലവിലെ ബിസിനസ് ഇവിടെ നിലനിര്‍ത്തി പുതിയ നിക്ഷേപം മറ്റു സംസ്ഥാനങ്ങളിലാകുന്നത്, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ അവകാശവാദത്തിന് മങ്ങലേല്‍പ്പിച്ചേക്കാം. ഇത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കും. നയങ്ങള്‍ മാറ്റാന്‍ അത് കാരണമാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് സംസ്ഥാനത്തെ ബിസിനസ് മേഖലയ്ക്ക് ഗുണമാകുകയും ചെയ്യും.





Related Articles
Next Story
Videos
Share it