

കോടികള്‍ കൊയ്യുന്ന സൗന്ദര്യവിപണിയില്‍ സാഷെ പായ്ക്കറ്റുകളുടെ കാലം. നേരത്തെ ചെറിയ ബ്രാന്‍ഡുകളായിരുന്നു ഈ മേഖലയിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ കോസ്മറ്റിക് രംഗത്തെ വമ്പന്മാരും ചെറു പായ്ക്കറ്റുകള്‍ അവതരിപ്പിക്കുന്നു.
മേയ്‌ബെലീന്‍ ന്യൂയോര്‍ക്ക്, MAC കോസ്‌മെറ്റിക്‌സ്, നൈക എന്നിവരും ചെറു പായ്ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ലിപ്‌സ്റ്റിക്ക്, ഫൗണ്ടേഷന്‍, ലിപ് ഗ്ലോസ്, പിഗ്മെന്റുകള്‍ തുടങ്ങിയ സൗന്ദര്യ ഉല്‍പ്പന്നങ്ങളുടെ ചെറു ട്യൂബുകളാണ് ഇവര്‍ അവതരിപ്പിക്കുന്നത്.
ലക്ഷ്വറി ബ്യൂട്ടി ബ്രാന്‍ഡായ MAC കോസ്‌മെറ്റിക്‌സ് തങ്ങളുടെ ലിപ്സ്റ്റിക്കുകളുടെ ബെസ്റ്റ് സെല്ലിംഗ് ഷേഡുകള്‍, ലിപ് ഗ്ലോസ്, പിഗ്മെന്റുകള്‍ എന്നിവയുടെ 'മിനി' വകഭേദങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ കോസ്‌മെറ്റിക്‌സ് കമ്പനിയായ നൈകയുടെ തങ്ങളുടെ 10 ഷേഡിലുള്ള ലിപ്സ്റ്റിക്കുകളുടെ ചെറുപായ്ക്കുകള്‍ വെബ്‌സൈറ്റില്‍ വില്‍ക്കുന്നു.
സാഷെ കണ്‍സെപ്റ്റിന്റെ പ്രയോജനം
കോസ്‌മെറ്റിക്‌സ് എന്നല്ല പല മേഖലകളിലും സാഷെ പായ്ക്കുകള്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ്. എന്താണ് ഇവയുടെ പ്രയോജനം? ചെറിയ പായ്ക്കുകള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കാനാകുന്നതുകൊണ്ട് വില്‍പ്പന കൂട്ടാന്‍ സഹായിക്കുന്നു.
അതുവഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനും അവരെ സ്ഥിരം ഉപഭോക്താക്കളാക്കാനും സാധിക്കുന്നു. ചെറിയ പായ്ക്കുകളില്‍ ലഭ്യമായാല്‍ പുതിയ ബ്രാന്‍ഡുകള്‍ മാറി പരീക്ഷിക്കാന്‍ ഉപഭോക്താക്കള്‍ തയാറാകുന്നു. മാത്രമല്ല യാത്രകളില്‍ ഇവ കൂടുതല്‍ സൗകര്യപ്രദമാണ്.
ഷാമ്പൂ നിര്‍മാതാക്കളാണ് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ രംഗത്തേക്ക് കടന്നത്. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ചെറു പായ്ക്കുകള്‍ മികച്ചൊരു ബിസിനസ് തന്ത്രമാണ് ഒരുക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine