സെയ്ഫ് അലി ഖാനും കുടുംബത്തിനും ₹15,000 കോടിയുടെ കുടുംബ സ്വത്ത് കൈവിട്ട് പോകുമോ? എന്താണ് എനിമി പ്രോപ്പര്‍ട്ടി?

മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി സെയ്ഫ് അലി ഖാന്‍ കുടുംബത്തിനും തിരിച്ചടിയാകും
Saif Ali Khan
Published on

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനും കുടുംബത്തിനും പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ പാരമ്പര്യ സ്വത്തുക്കളില്‍ അവകാശമില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സെയിഫ് അലി ഖാന്റെ മുതുമുത്തശ്ശി സാജിദ സുല്‍ത്താന് കുടുംബ സ്വത്ത് നല്‍കിയ 1999 ലെ തീരുമാനം റദ്ദാക്കിയ കോടതി പട്ടൗഡി കുടുംബസ്വത്ത് എനിമി പ്രോപ്പര്‍ട്ടിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വീണ്ടും ചര്‍ച്ചയാകുകയാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട്.

എന്താണ് എനിമി പ്രോപ്പര്‍ട്ടി ആക്ട്

1947 ലെ വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്ക് കുടിയേറിവരോ പിന്നീട് പാകിസ്ഥാന്‍ പൗരന്മാരായി മാറിയവരോ ഉപേക്ഷിക്കുന്ന സ്വത്തുക്കളാണ് 'ശത്രു സ്വത്തായി' (എനിമി പ്രോപ്പര്‍ട്ടി) കണക്കാക്കപ്പെടുന്നത്. ഈ സ്വത്തുക്കള്‍ സര്‍ക്കാരിന് ഏറ്റെടുക്കാനോ നിയന്ത്രിക്കാനോ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം കഴിയും.

'ശത്രു സ്വത്ത്' വിഭാഗത്തില്‍ ഒരു ലക്ഷം കോടിയുടെ വസ്തുവകകളും 20,323 ആളുകളുടെ 3,000 കോടി രൂപ വില വരുന്ന 6.5 കോടി ഓഹരികളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ട്. പാക്ക് പൗരത്വമെടുത്ത 9,280 പേരുടെയും ചൈനീസ് പൗരത്വമെടുത്ത 126 പേരുടെയും വസ്തുക്കളാണിത്. യു.പി. ബംഗാള്‍, ഡല്‍ഹി, മേഘാലയ, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സ്വത്തുക്കളാണ് ഇതില്‍ ഏറെയും.

പട്ടൗഡി കുടുംബ സ്വത്തും സെയ്ഫ് അലി ഖാന്‍ കുടുംബവും

ബ്രിട്ടീഷ് ഭരണകാലത്ത് പട്ടൗഡിയുടെ അവസാന ഭരണാധികാരിയായിരുന്ന ഇഫ്തിഖര്‍ അലി ഖാന്‍ പട്ടൗഡിയുടെയും ഭോപ്പാലിലെ അവസാന നവാബായ ഹമീദുല്ല ഖാന്റെയും കുടുംബസ്വത്താണിത്. ഹമീദുല്ല ഖാന്റെ മകള്‍ സാജിദ ബീഗത്തിന്റെ മകനായിരുന്നു സെയ്ഫ് അലി ഖാന്റെ പിതാവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി.

ഹമീദുള്ള ഖാന്റെ മൂത്ത മകള്‍ ആബിദ ബീഗത്തിനായിരുന്നു സ്വത്തിന്റെ അവകാശം ലഭിക്കേണ്ടിയിരുന്നതെങ്കിലും, 1950-ല്‍ അവര്‍ പാകിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. തുടര്‍ന്നാണ് അവരുടെ ഇളയ സഹോദരി സാജിദ 15,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ അവകാശിയാകുന്നത്. സാജിദയ്ക്ക് ശേഷം, മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും ഷര്‍മ്മിള ടാഗോറിന്റെയും മക്കളായ സെയ്ഫ്, സോഹ, സാബ എന്നിവര്‍ക്ക് സ്വത്തുക്കള്‍ അവകാശമായി ലഭിച്ചു. 15,000 കോടി രൂപയിലേറെ മൂല്യം വരുന്ന സ്വത്തുക്കളില്‍ ഭൂസ്വത്തുക്കളും എസ്റ്റേറ്റുകളുമൊക്കെ ഉള്‍പ്പെടുന്നു. സെയ്ഫ് കുട്ടിക്കാലം ചെലവഴിച്ച ഫ്‌ലാഗ് സ്റ്റാഫ് ഹൗസ്, ആഡംബര ഹോട്ടല്‍ നൂര്‍-ഉസ്-സബാ പാലസ്, ദാര്‍-ഉസ്-സലാം, ഹബീബി ബംഗ്ലാവ്, അഹമ്മദാബാദ് പാലസ്, കൊഹെഫിസ പ്രോപ്പര്‍ട്ടി തുടങ്ങിയ ഭോപ്പാലിലും പരിസരത്തുമുള്ള വിലപ്പെട്ട പലതും ഈ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു.

കേസിന്റെ നാള്‍വഴികള്‍

നവാബ് ഹമീദുള്ള ഖാന്റെ മറ്റ് പിന്‍ഗാമികള്‍ 25 വര്‍ഷം മുമ്പ് ഫയല് ചെയ്തതാണ് നിലവിലെ കേസ്. നവാബിന്റെ സ്വകാര്യ സ്വത്തുക്കളുടെ ഒരു പങ്ക് ആവശ്യപ്പെട്ട അവര്‍ അനന്തരാവകാശത്തിന് 1937 ലെ മുസ്ലീം വ്യക്തിനിയമം(ശരിയത്ത്) പാലിക്കണമെന്ന് വാദിച്ചു. എന്നാല്‍ 2000ല്‍ സാജിദയെ സ്വത്തുക്കളുടെ അവകാശിയായി കോടതി പ്രഖ്യാപിച്ചു. അതുപ്രകാരം സെയ്ഫും മാതാവ് ഷര്‍മിള ടാഗോറും സെയ്ഫിന്റെ സഹോദരിമാായ സോബ, സാബ എന്നിവരുമാണ് സ്വത്തിന്റെ അവകാശികള്‍. ഇതു നീക്കിയാണ് സ്വത്ത് എനിമി പ്രോപ്പര്‍ട്ടിയാക്കി മാറ്റിയത്. ഒരു വര്‍ഷത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കാനും കോടതി നിര്‍ദേശിച്ചു.

രാജകീയമായ സ്വത്ത്‌ ശത്രു സ്വത്തായി (എനിമി പ്രോപ്പര്‍ട്ടി) മുദ്രകുത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ സെയ്ഫ് അലി ഖാന്‍, അമ്മ ഷര്‍മിള ടാഗോര്‍, സഹോദരിമാരായ സോഹ, സബ അലി ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, കോടതി അവരുടെ ഹര്‍ജി നിരസിക്കുകയും സര്‍ക്കാരിന്റെ നിലപാട് ശരിവയ്ക്കുകയുമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com