ഇന്ത്യന്‍ കമ്പനികള്‍ 8.6 % വരെ ശമ്പളവര്‍ധനവ് നല്‍കിയേക്കും; വമ്പന്‍ നിയമനങ്ങളും

കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ കടക്കുന്ന സൂചനകള്‍. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഒപ്പം സ്ഥാനക്കയറ്റങ്ങളും ശമ്പളവര്‍ധനവും കമ്പനികള്‍ നല്‍കുന്നതായും സര്‍വേ റിപ്പോര്‍ട്ട്. 2020 ല്‍ 10 ശതമാനമായിരുന്ന പ്രൊമോഷനുകള്‍ 2021 ആയതോടെ 12 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

ഡെലോയ്റ്റ് സര്‍വേ പ്രകാരം ഇന്ത്യന്‍ കമ്പനികള്‍ 2021 ഓടെ 8.6 ശതമാനം വരെ ശമ്പളവര്‍ധനവ് നല്‍കിയേക്കും. ഈ വര്‍ഷം തന്നെ ഇത് എട്ട് ശതമാനമാകുമെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു.
ഇത് കോവിഡ് പ്രതിസന്ധിക്ക് മുന്നേ ഉള്ള നിലയിലാണെന്നതാണ് പ്രതീക്ഷാവഹമായ കാര്യം. ഏകദേശം 78 ശതമാനം കമ്പനികളും കോവിഡ് ബാധിക്കുന്നതിനുമുമ്പുള്ള വേഗതയില്‍ റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഏകദേശം 96 ശതമാനം ടെക് കമ്പനികളും കോവിഡിന് മുമ്പുള്ള (2019) ലെവലിലെങ്കിലും നിയമനം നടത്തുകയാണെന്ന് പറഞ്ഞു. പക്ഷേ, സര്‍വേ ഫലങ്ങള്‍ അനുസരിച്ച് സര്‍വീസ് ബോസ്ഡ് കമ്പനികളില്‍ ഇത് 48 ശതമാനം മാത്രമാണ്.
ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്കും നിര്‍മ്മാണ മേഖലയ്ക്കും, കണക്കുകള്‍ യഥാക്രമം 73 ശതമാനവും 77 ശതമാനവുമാണ്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എനേബിള്‍ഡ് സര്‍വീസസ് (ITeS) മേഖലകള്‍ ഏകദേശം 89 ശതമാനമാണ്. ടെക് കമ്പനികളോടൊപ്പം 94 ശതമാനത്തില്‍ നില്‍ക്കുന്നത് ലൈഫ് സയന്‍സ് മേഖല മാത്രമാണ്.
ഇതേ ട്രെന്‍ഡ് തന്നെ ശമ്പളവര്‍ധനവിലും കാണാം. 2022 -ല്‍ ശരാശരി വാര്‍ഷിക ശമ്പള വര്‍ധനവ് 8.6 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍, ലൈഫ് സയന്‍സസ് മേഖലയ്ക്ക് ശേഷം ഐടി മേഖല ഏറ്റവും ഉയര്‍ന്ന വര്‍ധനവ് നല്‍കാനാകുമെന്നാണ് കണ്ടെത്തല്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it