

തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുതൂരിലുള്ള സാംസംഗ് ഇന്ത്യയുടെ ഫാക്ടറിയില്‍ രണ്ടാഴ്ചയായി തുടരുന്ന തൊഴിലാളി സമരം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക യോഗം നാളെ നടക്കും. സമരരംഗത്ത് ഉറച്ചു നില്‍ക്കുന്ന തൊഴിലാളി യൂണിയന്‍ നേതാക്കളെയാണ് സാംസംഗ് മാനേജ്‌മെന്റ് ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. ഫാക്ടറിയിലെ 600 തൊഴിലാളികളാണ് ഈ മാസം അഞ്ചു മുതല്‍ വീണ്ടും സമരത്തിനിറങ്ങിയത്. നാളെ നടക്കുന്ന ചര്‍ച്ച കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമാണ്. ഉല്‍പ്പാദനം നിലയ്ക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. അതേസമയം, നാളത്തെ ചര്‍ച്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും തീരുമാനം അനുകൂലമായില്ലെങ്കില്‍ സമരം തുടരുമെന്നും ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. സമരം ഫാക്ടറിയിലെ ഉല്‍പ്പാദനത്തെ ബാധിച്ചിട്ടില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
സാംസംഗ് മാനേജ്‌മെന്റും തൊഴിലാളി യൂണിയനും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലം ശ്രീപെരുമ്പുതൂര്‍ ഫാക്ടറിയില്‍ സമരങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 1500 തൊഴിലാളികള്‍ 37 ദിവസമാണ് സമരം ചെയ്തത്. ശമ്പള വര്‍ധന, പുതിയ യൂണിയനെ അംഗീകരിക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടു വെച്ചിരുന്നത്. തമിഴ്‌നാട് സംസ്ഥാന തൊഴില്‍ വകുപ്പ് നിരന്തരം ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയാണ് അന്ന് സമരം അവസാപ്പിച്ചത്. എന്നാല്‍ ഈ സമരത്തിന് ശേഷവും മാനേജ്‌മെന്റും തൊഴിലാളി യൂണിയനും സ്വരചേര്‍ച്ചയില്‍ എത്തിയിട്ടില്ല.
ശമ്പള വര്‍ധനക്കൊപ്പം പുതിയ ട്രേഡ് യൂണിയനെ അംഗീകരിക്കണമെന്ന ആവശ്യവും യൂണിയന്‍ മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ ഇതിന് മാനേജ്‌മെന്റ് അംഗികാരം നല്‍കിയിട്ടില്ല. ഇതിനിടെ കമ്പനിയില്‍ പുതിയ കരാര്‍ ജീവനക്കാരെ നിയമിച്ചത് തൊഴിലാളി യൂണിയനെ ചൊടിപ്പിച്ചു. മൂന്ന് തൊഴിലാളികളെ മാനേജ്‌മെന്റ് പിരിച്ചുവിട്ടതും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി. ഇവരെ തിരിച്ചെടുക്കണമെന്നതും പ്രധാന ആവശ്യമാണ്. 1,700 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. നാളത്തെ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തൊഴിലാളികള്‍ കുടുംബവുമായി കമ്പനിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും കമ്പനി താഴിട്ട് പൂട്ടുമെന്നും സിഐടിയു നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന സമരത്തിന് ശേഷം തൊഴിലാളികള്‍ക്കായി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കിയതായി സാംസംഗ് മാനേജ്‌മെന്റ് വ്യക്തമാക്കി. പുതിയ ട്രേഡ് യൂണിയനെ അംഗീകരിക്കാനാവില്ല. കമ്പനിയിലെ കരാര്‍ തൊഴിലാളികളെ തടയുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. തൊഴിലാളി സമരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള ഹൈക്കോടതി വിധി നിലനില്‍ക്കെ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി. സമരം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും സാംസംഗ് ഇന്ത്യ വ്യക്തമാക്കി.
സാംസംഗിന്റെ ഇന്ത്യയിലെ പ്രധാന ഫാക്ടറിയാണ് ശ്രീപെരുമ്പുതൂരിലേത്. ടെലിവിഷന്‍, വാഷിംഗ് മെഷീന്‍, റെഫറിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, കംപ്രസറുകള്‍ എന്നിവയാണ് പ്രധാനമായി ഇവിടെ നിര്‍മിക്കുന്നത്. 2022 ല്‍ സാംസംഗിന്റെ ഇന്ത്യയിലെ മൊത്തം വില്‍പ്പനയുടെ അഞ്ചിലൊന്ന് ഈ ഫാക്ടറിയില്‍ നിന്നായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine