നികുതി വെട്ടിപ്പില്‍ കുടുങ്ങി സാംസങ്, ₹ 5,156 കോടി അടയ്ക്കണമെന്ന് കസ്റ്റംസ്, ലാഭം മാത്രമാണ് ലക്ഷ്യമെന്നും കുറ്റപ്പെടുത്തല്‍

തെറ്റായ രേഖകൾ കസ്റ്റംസ് അതോറിറ്റിക്ക് മുന്നിൽ ക്ലിയറൻസിനായി ഹാജരാക്കി.
image:@samsung/fb
image:@samsung/fb
Published on

ഇറക്കുമതി തീരുവ വെട്ടിച്ചതിന് സാംസങ്ങിനോട് 601 മില്യൺ ഡോളർ (ഏകദേശം 5,156 കോടി രൂപ) അടയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ ഇലക്ട്രോണിക്സ്, സ്മാർട്ട്‌ഫോൺ വിപണിയിലെ വലിയ കമ്പനികളില്‍ ഒന്നായ സാംസങ് ടെലികോം ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതില്‍ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്.

മൊബൈൽ ടവറുകളിൽ ഉപയോഗിക്കുന്ന ഒരു നിർണായക ട്രാൻസ്മിഷൻ ഘടകത്തിന് 20 ശതമാനത്തോളം താരിഫ് ഒഴിവാക്കുന്നതിനായി ഇറക്കുമതി തെറ്റായി മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കാണ് സാംസങ് ഇവ ഇറക്കുമതി ചെയ്ത് വിറ്റത്. വെട്ടിച്ച നികുതിയും 100 ശതമാനം പിഴയും ഉൾപ്പെടെയാണ് ഇത്രയും തുക അടയ്ക്കേണ്ടത്.

നികുതി ട്രിബ്യൂണലിനെയോ കോടതികളെയോ സമീപിക്കാന്‍ സാംസങ്ങിന് അവസരമുണ്ട്. സാംസങ് ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചതായും മനഃപൂർവ്വം തെറ്റായ രേഖകൾ കസ്റ്റംസ് അതോറിറ്റിക്ക് മുന്നിൽ ക്ലിയറൻസിനായി ഹാജരാക്കിയതായും കസ്റ്റംസ് ഉത്തരവില്‍ വ്യക്തമാക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സർക്കാർ ഖജനാവിനെ വഞ്ചിച്ച് ലാഭം പരമാവധിയാക്കുക എന്ന ഏക ലക്ഷ്യം നേടിയെടുക്കുന്നതിനായി സാംസങ് എല്ലാ ബിസിനസ് ധാർമ്മികതകളും മാനദണ്ഡങ്ങളും ലംഘിച്ചു.

സാംസങ്ങിന്റെ ഏഴ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 81 മില്യൺ ഡോളർ പിഴ കസ്റ്റംസ് ചുമത്തിയിട്ടുണ്ട്. നെറ്റ്‌വർക്ക് ഡിവിഷന്‍ വൈസ് പ്രസിഡന്റ് സുങ് ബീം ഹോംഗ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡോങ് വോൺ ചു, ഫിനാൻസ് ജനറൽ മാനേജർ ശീതൾ ജെയിൻ, സാംസങ് ഇന്‍ഡയറക്ട് ടാക്സസ് ജനറൽ മാനേജർ നിഖിൽ അഗർവാൾ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പിഴ.

അതേസമയം തങ്ങള്‍ ഇന്ത്യൻ നിയമങ്ങൾ പാലിച്ചതായി സാംസങ് വ്യക്തമാക്കി. ഇറക്കുമതി ചെയ്ത സാധനങ്ങള്‍ മറ്റൊരു വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത് എന്ന പ്രശ്നമാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. നിയമപരമായി ഇതിനെ നേരിടാനുളള സാധ്യതകള്‍ വിലയിരുത്തുകയാണെന്നും കമ്പനി അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com