റഷ്യന്‍ ക്രൂഡിന് മേലുള്ള ഉപരോധം, ക്രൂഡ് ഓയ്ല്‍ വില 200 ഡോളര്‍ കടക്കുമോ?

നിലവില്‍ എണ്ണ ഉപരോധമില്ലാഞ്ഞിട്ടും ക്രൂഡ് ഓയ്ല്‍ വില കുതിക്കുകയാണ്

റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയ്‌ലും പ്രകൃതി വാതകവും വിലക്കാന്‍ അമേരിക്കയിലെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ധാരണയായതോടെ ആഗോളവിപണയില്‍ ക്രൂഡ് ഓയ്ല്‍ വില 200 ഡോളറും കടന്ന് കുതിക്കുമോ എന്ന ആശങ്കയിലാണ് ലോകം. അമേരിക്കയില്‍ റഷ്യക്കെതിരേ പൊതുജനരോഷം ഉയര്‍ന്നതോടെയാണ് യുഎസില്‍ റഷ്യന്‍ എനര്‍ജി ഇറക്കുമതി നിയമം അവതരിപ്പിച്ചത്. നേരത്തെ, പണപ്പെരുപ്പവും ഉയര്‍ന്ന ഇന്ധന വിലയും കാരണം പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം എണ്ണ നിരോധനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും നിരോധനത്തെക്കുറിച്ച് സഖ്യകക്ഷികളുമായി ചര്‍ച്ചയിലാണെന്ന് വൈറ്റ് ഹൗസ് ഇപ്പോള്‍ പറയുന്നു. യുഎസ് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും 10 ശതമാനത്തില്‍ താഴെ മാത്രമാണ് റഷ്യയുടെ പങ്ക്. എന്നിരുന്നാലും ഇത് ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് റഷ്യയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒരു നിരോധനമില്ലാതിരുന്നിട്ടും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയ്ല്‍ വില ഉയരുന്നുണ്ട്. നിലവില്‍ 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായ ബാരലിന് 140 ഡോളര്‍ എന്ന തോതിലാണ് വ്യപാരം നടക്കുന്നത്. അതേസമയം, അമേരിക്ക റഷ്യന്‍ ക്രൂഡ് ഓയ്‌ലിനും പ്രകൃതി വാതകത്തിനും വിലക്കേര്‍പ്പെടുത്തിയാല്‍ സമാനമായി യൂറോപ്യന്‍ രാജ്യങ്ങളും ഇത് പിന്തുടരാന്‍ സാധ്യതയുണ്ട്. റഷ്യന്‍ എണ്ണ ഇറക്കുമതി നിരോധിക്കുന്നതിനെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങളുമായി സജീവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഞായറാഴ്ച പറഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആവശ്യമായ പ്രകൃതി വാതകത്തിന്റെ 40 ശതമാനവും റഷ്യയില്‍നിന്നാണ്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായി റഷ്യ പ്രകൃതി വാതക പൈപ്പും പങ്കിടുന്നുണ്ട്.
അതേസമയം, ഇന്ത്യ റഷ്യയില്‍നിന്ന ക്രൂഡ് ഓയ്ല്‍ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും ആഗോളതലത്തില്‍ ക്രൂഡ് ഓയ്ല്‍ വില വര്‍ധിക്കുമെന്നതിനാല്‍ ഉപരോധം ഇന്ത്യക്കും കനത്ത തിരിച്ചടിയാകും. ഉപരോധം ക്രൂഡ് ഓയ്ല്‍ വില 300 ഡോളറിലെത്തിക്കുമെന്നാണ് ഒരു റഷ്യന്‍ പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്തും വിലക്കയറ്റവും പണപ്പെരുപ്പവും ഉയര്‍ന്നതോതിലെത്തിക്കും.


Related Articles
Next Story
Videos
Share it