ചരിത്രം തിരുത്തി സാറാ ജോര്‍ജ് മുത്തൂറ്റ്; ഫോബ്സ് ശതകോടീശ്വര പട്ടികയിലെ ആദ്യ മലയാളി വനിത

ഫോബ്‌സ് മാസിക ആഗോള അതിസമ്പന്ന പട്ടിക പുറത്തുവിട്ടപ്പോള്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി വനിത പട്ടികയില്‍ ഇടംപിടിച്ചു. ലിസ്റ്റിലുള്ള മറ്റ് 13 മലയാളികള്‍ക്കൊപ്പമാണ് സാറാ ജോര്‍ജ് മുത്തൂറ്റ് എന്ന 63കാരിയും ചരിത്രത്തിന്റെ ഭാഗമായത്. ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യമായിട്ടാണ് ഒരു മലയാളി വനിതയ്ക്ക് സ്ഥാനം കിട്ടുന്നത്. ആഗോള തലത്തിലെ പട്ടികയില്‍ അവരുടെ സ്ഥാനം 2287 ആണ്. 130 കോടി ഡോളര്‍ (10,790 കോടി രൂപ) ആണ് സാറയുടെ ആസ്തി.

ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ വനിതകളുടെ എണ്ണം പൊതുവേ കുറവാണ്. അതേസമയം, അതിസമ്പന്ന പട്ടികയിലെ മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തന്നെയാണ് മുമ്പിലുള്ളത്. 760 കോടി ഡോളര്‍ (63,080 രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. സമ്പത്തില്‍ വലിയ തോതിലുള്ള വളര്‍ച്ചയും ഒരു വര്‍ഷത്തിനിടയ്ക്ക് യൂസഫലിക്ക് നേടാനായി.

കഴിഞ്ഞ വര്‍ഷത്തെ 497ല്‍ നിന്ന് റാങ്കിംഗില്‍ 153 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 344 ലേക്ക് കുതിക്കാന്‍ സാധിച്ചു. 2019ല്‍ 470 കോടി ഡോളറായിരുന്നു യൂസഫലിയുടെ ആസ്തി. ഇതാണ് 5 വര്‍ഷം കൊണ്ട് ഇരട്ടിയായി കൂടിയത്. ജോയ് ആലുക്കാസിന്റെ നിലവിലെ ലോക റാങ്കിംഗ് 712 ആണ്.

മൂന്നാം സ്ഥാനം പങ്കിട്ട് രണ്ടുപേര്‍

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ എന്നിവരാണ് മൂന്നാം സ്ഥാനത്ത്. പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പട്ടികയില്‍ നിന്ന് പുറത്തായതാണ് മറ്റൊരു പ്രത്യേകത. ബൈജൂസിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ബൈജു രവീന്ദ്രന്റെ ആസ്തിയെയും ബാധിച്ചു.

ആര്‍.പി ഗ്രൂപ്പിന്റെ രവി പിള്ള (27,390 കോടി രൂപ), ജെംസ് എഡ്യുക്കേഷന്‍ സാരഥി സണ്ണി വര്‍ക്കി (27,390) കല്യാണ്‍ ജുവലേഴ്‌സിന്റെ ടി.എസ്. കല്യാണരാമന്‍ (26,560), ശോഭ ഗ്രൂപ്പിന്റെ പി.എന്‍.സി. മേനോന്‍ (23.240), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (16,600) വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (13,280), മുത്തൂറ്റ് ഗ്രൂപ്പിന്റെ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് (10,790), ജോര്‍ജ് ജേക്കബ് മുത്തൂറ്റ് (10,790), ജോര്‍ജ് തോമസ് മുത്തൂറ്റ് (10,790) എന്നിവരാണ് പട്ടികയിലെ മറ്റ് മലയാളികള്‍.

പട്ടികയിലെ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യക്കാരന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. ലോക പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് അംബാനി. 9.63 ലക്ഷം കോടി രൂപയാണ് അദേഹത്തിന്റെ മൊത്തം ആസ്തി. ഗൗതം അദാനി പതിനേഴാം സ്ഥാനത്താണ്. ലൂയി വിട്ടന്‍ എന്ന ആഡംബര കമ്പനിയുടെ ഉടമയായ ബെര്‍ണാഡ് അര്‍ണോ അതിസമ്പന്നരിലെ ഒന്നാമന്‍. 19.34 ലക്ഷം കോടി രൂപയാണ് അദേഹത്തിന്റെ ആസ്തി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it