

ഇന്ത്യയുള്‍പ്പെടെയുള്ള 40 രാജ്യങ്ങളില്‍ നിന്നുള്ള പൗള്‍ട്രി ഉല്‍പ്പന്നങ്ങള്‍ക്കും മുട്ടയ്ക്കും സൗദി അറേബ്യ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. പക്ഷിപ്പനി (Avian Influenza) പടരുന്ന സാഹചര്യത്തിലാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ (SFDA) ഈ അടിയന്തര നടപടി.
ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, 40 രാജ്യങ്ങള്‍ക്ക് പുറമെ മറ്റ് 16 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് വലിയ തോതില്‍ പൗള്‍ട്രി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സൗദിയുടെ ഈ തീരുമാനം തമിഴ്നാട്ടിലെ നാമക്കല്‍ ഉള്‍പ്പെടെയുള്ള പൗള്‍ട്രി ഹബ്ബുകളെയും അനുബന്ധ വ്യവസായങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് പ്രാഥമികമായി നിരോധനം. രോഗബാധ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് പോലും കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ ഇനി ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുകയുള്ളൂ.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വിപണികളിലൊന്നായ സൗദി അറേബ്യ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് മറ്റ് അയല്‍ രാജ്യങ്ങളെയും സമാനമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചേക്കാം എന്ന ആശങ്കയിലാണ് കയറ്റുമതിക്കാര്‍. മുട്ടയുടെയും കോഴിയിറച്ചിയുടെയും ആഭ്യന്തര വിപണിയില്‍ അധിക ലഭ്യത ഉണ്ടാവാനും ഇത് വില കുറയാനും കാരണമായേക്കാം എങ്കിലും, കയറ്റുമതി വരുമാനത്തിലുണ്ടാകുന്ന ഇടിവ് മേഖലയിലെ വന്‍കിട കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകും.
ലോകാരോഗ്യ സംഘടനയുടെയും (WHO) വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെയും (WOAH) മാനദണ്ഡങ്ങള്‍ പാലിച്ച് പക്ഷിപ്പനി നിയന്ത്രണവിധേയമാക്കിയാല്‍ മാത്രമേ നിരോധനം നീക്കുന്നത് സംബന്ധിച്ച് സൗദി പുനര്‍ചിന്തനം നടത്തുകയുള്ളൂ.
Read DhanamOnline in English
Subscribe to Dhanam Magazine