വിലക്ക് നീങ്ങിയപ്പോള്‍ സൗദി അറേബ്യയില്‍ സിനിമാ വ്യവസായത്തിന് നല്ല കാലം
പുത്തന്‍ സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായി ചലച്ചിത്ര രംഗം സജീവമായതോടെ സൗദി അറേബ്യയില്‍ സിനിമാ വ്യവസായത്തിന് പുതുജീവന്‍. നാലര പതിറ്റാണ്ടോളം നീണ്ട സിനിമാ വിലക്ക് നീങ്ങിയപ്പോള്‍ രാജ്യത്ത് ഒട്ടേറെ മള്‍ട്ടിപ്ലക്‌സുകളാണ് ആരംഭിച്ചത്. പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ ജീവിതത്തെയും വലിയ രീതിയിലാണ് പുതിയ മാറ്റങ്ങള്‍ സ്വാധീനിക്കുന്നത്. മലയാളം, ഹിന്ദി സിനിമകള്‍ക്ക് സൗദിയിലെ വിവിധ നഗരങ്ങളില്‍ പ്രേക്ഷകര്‍ ഏറെയാണുള്ളത്. ആറ് വര്‍ഷം മുമ്പ് സിനിമാ പ്രദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് ശേഷം ഒട്ടേറെ മള്‍ട്ടിപ്ലക്‌സുകളില്‍ സ്‌ക്രീനിംഗ് നടക്കുന്നു. സൗദി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കി വരുന്ന വിഷന്‍ 2030 പദ്ധതിയില്‍ സിനിമാ മേഖലക്കും വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഈ മേഖലയില്‍ നിക്ഷേപമിറക്കാന്‍ ഒട്ടേറെ കമ്പനികള്‍ മുന്നോട്ടു വരുന്നു.
നാലര പതിറ്റാണ്ടിന്റെ വിലക്ക്
ദീര്‍ഘകാലം സജീവമായിരുന്ന സിനിമാ രംഗം പെട്ടെന്ന് വിലക്കിന് വിധേയമായതാണ് സൗദി അറേബ്യയുടെ ചലച്ചിത്ര ചരിത്രം. 1930 കളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സിനിമാ പ്രദര്‍ശനങ്ങള്‍ നടന്നിരുന്നു. ഇന്നത്തെ ആരാംകോ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ ജീവനക്കാരുടെ കോമ്പൗണ്ടുകളിലാണ് പ്രധാനമായും നടന്നിരുന്നത്. 1950 കളില്‍ കൂടുതല്‍ പൊതു ഇടങ്ങളിലേക്ക് സിനിമ വ്യാപിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ കായിക രംഗവുമായി ബന്ധപ്പെട്ട സിനിമകള്‍ക്ക് ഏറെ പ്രചാരമുണ്ടായി. 1980 കളില്‍ ഇസ്ലാമിക ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമായതോടെയാണ് സിനിമക്ക് വിലക്ക് വന്നത്. 1983 ല്‍ മക്കയിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് ശേഷം സിനിമ സൗദി അറേബ്യയില്‍ നിന്ന് പൂര്‍ണ്ണമായി അപ്രത്യക്ഷമായി. 2005 ല്‍ കോബാറില്‍ ആരംഭിച്ച ഐ മാക്‌സ് സിനിമയില്‍ വിദ്യാഭ്യാസ സംബന്ധമായ സിനിമകള്‍ക്ക് മാത്രമായി അനുമതി ലഭിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ രാജ്യത്തെ പ്രധാന വിനോദങ്ങളിലൊന്ന് ടെലിവിഷന്‍ ഷോകളായി മാറി.
ലക്ഷ്യം 2,000 മൂവി സ്‌ക്രീനുകള്‍
സിനിമക്കുള്ള വിലക്ക് നീക്കാന്‍ 2017 ലാണ് സൗദി സര്‍ക്കാര്‍ തീരുമാനിച്ചത്. 2018 ലാണ് പ്രദര്‍ശനങ്ങള്‍ പുനരാരംഭിച്ചത്. നിലവില്‍ രാജ്യത്ത് 300 മൂവി സ്‌ക്രീനുകളാണ് ഉള്ളത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി 2,000 സ്‌ക്രീനുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പ്രമുഖ സിനിമാ കമ്പനികളായ ഐ മാക്‌സ്, വോക്‌സ് ,എ.എം.സി തിയ്യേറ്റര്‍ തുടങ്ങി ഒട്ടേറെ സ്വകാര്യ കമ്പനികള്‍ ഈ മേഖലയില്‍ സജീവമായിട്ടുണ്ട്. നികുതി ഇളവുകള്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങൾ സിനിമാ മേഖലക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദര്‍ശനത്തോപ്പം സിനിമാ നിര്‍മ്മാണ മേഖലയിലും വലിയ നിക്ഷേപമാണ് രാജ്യത്ത് നടക്കുന്നത്.