

ലോകത്തെ ഏറ്റവുമധികം ലാഭം നേടുന്ന കമ്പനിയായ സൗദി അരാംകോ പ്രാരംഭ ഓഹരി വില്പനയിലൂടെ 2,560 കോടി ഡോളര്‍ (1.83 ലക്ഷം കോടി രൂപ) സമാഹരിച്ചു. ചൈനീസ് ഇ-കൊമേഴ്സ് സ്ഥാപനമായ ആലിബാബ 2014ല്‍ സമാഹരിച്ച 2,500 കോടി ഡോളറിന്റെ ലോക റെക്കോഡ് ഇതോടെ എണ്ണക്കമ്പനി മറികടന്നു.
ഐ.പി.ഒയ്ക്ക് ശേഷം ആരാംകോയുടെ മൂല്യം 1.7 ലക്ഷം കോടി ഡോളര്‍ ആയി ഉയര്‍ന്നു. ആപ്പിള്‍ (1.2 ലക്ഷം കോടി ഡോളര്‍), മൈക്രോസോഫ്റ്റ് (1.1 ലക്ഷം കോടി ഡോളര്‍) എന്നിവയേക്കാള്‍ ബഹുദൂരം മുന്നിലാണിപ്പോള്‍ ആരാംകോ. ഓഹരിയൊന്നിന് 8.53 ഡോളര്‍ നിരക്കില്‍ റിയാദ് ഓഹരി വിപണിയില്‍ ആരാംകോ ഓഹരികളുടെ വ്യാപാരത്തിന് ഡിസംബര്‍ 12 ന് തുടക്കമാകും.ഐ.പി.ഒയിലൂടെ 3,000 കോടി ഡോളര്‍ - ഏകദേശം 2.13 ലക്ഷം കോടി രൂപ - സമാഹരിക്കാനാകുമെന്നാണ് വിപണിവൃത്തങ്ങള്‍ പറഞ്ഞിരുന്നത്.
ഐ.പി.ഒ യുടെ തുടക്കത്തില്‍ നിശ്ചയിച്ച മുപ്പത്തി രണ്ട് റിയാലാണ് അന്തിമ മൂല്യമായി നിജപ്പെടുത്തിയത്. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗില്‍ അരാംകോ ലക്ഷ്യമിട്ടതിലും കൂടുതല്‍ ഓഹരികളാണ് വ്യക്തികളും സ്ഥാപനങ്ങളും വഴി ബുക്ക് ചെയ്തത്, ഏകദേശം അഞ്ചു മടങ്ങ്.
കമ്പനിയുടെ മൊത്തം മൂലധനത്തിന്റെ 1.5 ശതമാനം ഓഹരികളാണ് ഐ.പി.ഒ യില്‍ ഉള്‍പ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും ലാഭക്ഷമതയുള്ള കമ്പനിയായ അരാംകോ നിര്‍വഹിക്കുന്നത് ലോകത്തിലെ എണ്ണ ഉത്പാദനത്തില്‍ 10 ശതമാനമാണ്. കഴിഞ്ഞവര്‍ഷം 111.1 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ അറ്റാദായം. നടപ്പ് വര്‍ഷം ഒമ്പതു മാസത്തെ കണക്കു പ്രകാരം അറ്റാദായത്തില്‍ 18 ശതമാനത്തിന്റെ കുറവു വന്നു. 2018ല്‍ ഈ കാലയളവില്‍ 68.2 ബില്യണ്‍ ആയിരുന്നു ലാഭം.നിക്ഷേപ ഗവേഷണ സ്ഥാപനമായ ബെര്‍സ്‌റ്റൈന്‍ നടത്തിയ വിലയിരുത്തല്‍ പ്രകാരം കമ്പനിയുടെ മൂല്യം 1.2 മുതല്‍ 1.5 വരെ ട്രില്യണ്‍ ഡോളറാണ്.
അരാംകോ പ്ലാന്റുകള്‍ക്കു നേരെ ഇറാന്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തീവ്രവാദികളുടെ ആക്രമണസാധ്യതയും മറ്റും ഐ.പി.ഒ യുടെ പ്രോസ്പെക്ടസില്‍ എടുത്തു പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ആശങ്കകള്‍ ഹൈഡ്രോ കാര്‍ബണുകളുടെ ആവശ്യം കുറച്ചേക്കാമെന്ന ആശയവും പ്രൊസ്പക്ടസില്‍ പങ്കുവച്ചു കമ്പനി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine