കര കയറാന്‍ തുഴയുന്ന നേരത്ത് അനില്‍ അംബാനിക്ക് ബാങ്ക് വക 'സമ്മാനം', വായ്പ അക്കൗണ്ടിനു മേല്‍ 'ഫ്രോഡ്' മുദ്രയടിച്ച് എസ്.ബി.ഐ; റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നടുക്കത്തില്‍

വന്‍ ബാധ്യതകള്‍ നേരിടുന്ന അനില്‍ അംബാനിക്ക് കൂടുതല്‍ പ്രതിസന്ധിയാകും ഈ നീക്കം
കര കയറാന്‍ തുഴയുന്ന നേരത്ത് അനില്‍ അംബാനിക്ക് ബാങ്ക് വക 'സമ്മാനം', വായ്പ അക്കൗണ്ടിനു മേല്‍ 'ഫ്രോഡ്' മുദ്രയടിച്ച് എസ്.ബി.ഐ; റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നടുക്കത്തില്‍
Published on

വന്‍ ബാധ്യതകള്‍ തിരിച്ചടച്ച് ബിസിനസില്‍ തിരിച്ചുവരവ് ലക്ഷ്യമിടുന്ന അനില്‍ അംബാനിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് പുതിയ തിരിച്ചടി. അനില്‍ അംബാനി കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ (Reliance Communications Ltd/RCom) ലോണ്‍ അക്കൗണ്ടുകള്‍ ഫ്രോഡുലന്റ് (Frauduletn) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് എസ്.ബി.ഐ. ഇതു മാത്രമല്ല കമ്പനിയുടെ മുന്‍ ഡയറക്ടറായ അനില്‍ അംബാനിയെ കുറിച്ച് റെഗുലേറ്ററി നിയമങ്ങള്‍ പ്രകാരം റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട്‌ നല്‍കിയേക്കും എന്നും സൂചനയുണ്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ വെളിപ്പെടുത്തലിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗുരുതര ഭവിഷത്തുകള്‍

ഫ്രോഡ് വിഭാഗത്തില്‍ കമ്പനികളെ ഉള്‍പ്പെടുത്തുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. ക്രിമിനല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇത് നയിക്കും. കമ്പനിയുടെ സല്‍പ്പേര് ഇല്ലാതാക്കുകയും ചെയ്യും. ബാങ്കുകള്‍ സാധാരണയായി ഇത് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട്‌ ചെയ്യാറുണ്ട്. ഇത്തരം കേസുകളില്‍ പ്രമോട്ടര്‍മാര്‍ക്ക് നിയന്ത്രണങ്ങളും നിയമ നടപടകളും നേരിടേണ്ടിയും വരും.

നടപടി നീക്കണമെന്ന ആവശ്യവുമായി ആര്‍കോം

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ ഫ്രോഡുലന്റ് വിഭാഗത്തില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നിയമ വിദഗ്ധര്‍ എസ്.ബി.ഐയെ സമീപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനില്‍ അംബാനിയുടെ ഭാഗം കേള്‍ക്കാതെയാണ് എസ്.ബി.ഐ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് കമ്പനിയുടെ നിയമോപദേശകര്‍ പറയുന്നത്.

അതേസമയം, വിശദമായ ഓഡിറ്റിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന നിരവധി ഷോകോസ് നോട്ടീസുകള്‍ക്കും ശേഷമാണ് നടപടിയെന്നാണ് എസ്.ബി.ഐ വ്യക്തമാക്കുന്നത്. ഫണ്ട് ദുരുപയോഗം, കരാര്‍ ലംഘനങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് ബാങ്കിന്റെ ഫ്രോഡ് ഐഡന്റിഫിക്കേഷന്‍ കമ്മിറ്റി (FIC) റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചതെന്തിനാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ലെന്നും എസ്.ബി.ഐ വ്യക്തമാക്കുന്നു. ബാങ്കിംഗ് മേഖലയിലെ ഫ്രോഡുകേസുകള്‍ കൈകാര്യം ചെയ്യാന്‍ റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് എസ്.ബി.ഐയുടെ നടപടി.

തിരിച്ചു വരവിനിടെ

നിലവില്‍ പാപ്പരത്ത നടപടിക്രമങ്ങളിലൂടെ കടന്നു പോകുന്ന കമ്പനിയാണ് ഒരുകാലത്ത് ടെലികോം മേഖലയിലെ മുന്‍നിര കമ്പനികളിലൊന്നായിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്. ബിസിനസ് വളര്‍ച്ചയ്ക്കായി അശാസ്ത്രീയമായ വഴികള്‍ സ്വീകരിച്ചതാണ് കമ്പനിയെ വന്‍ ബാധ്യതകളിലാക്കിയത്. ലോകത്തെ ഏറ്റവും വലിയ ധനികരിലൊരാളുമായിരുന്നു അനില്‍ അംബാനി.

മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 40,400 കോടി രൂപയുടെ കടം കമ്പനിക്കുണ്ടെന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ വെളിപ്പെടുത്തിയത്.

അതേസമയം, അനില്‍ അംബാനിക്ക് കീഴിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ എന്നീ കമ്പനികള്‍ കടബാധ്യതകള്‍ കുറച്ചു കൊണ്ടു വന്നിരുന്നു.

Anil Ambani faces major setback as SBI classifies Reliance Communications as fraudulent, sparking regulatory scrutiny.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com