Begin typing your search above and press return to search.
വിപണി മൂല്യം ആറ് ലക്ഷം കോടി: പുതിയ നാഴികക്കല്ല് പിന്നിട്ട് എസ്.ബി.ഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) വിപണി മൂല്യം ആദ്യമായി ആറ് ലക്ഷം കോടി രൂപ കവിഞ്ഞു. ഇന്നലത്തെ വ്യാപാരത്തിനിടെ ഓഹരി വില 3.08 ശതമാനത്തോളം ഉയര്‍ന്ന് 675 രൂപയില്‍ എത്തിയതാണ് വിപണി മൂല്യം പുതിയ നാഴികകല്ല് പിന്നിടാന്‍ കാരണമായത്. ഇതോടെ എല്‍.ഐ.സിക്ക് പിന്നാലെ ആറ് ലക്ഷം കോടിയെന്ന റെക്കോഡ് പിന്നിടുന്ന രണ്ടാമത്തെ പൊതുമേഖല കമ്പനിയായി എസ്.ബി.ഐ മാറി. ഇന്ന് രാവിലത്തെ വ്യാപാര സെഷനിലും എസ്.ബി.ഐ ഓഹരികള്‍ മുന്നേറ്റത്തിലാണ്. മൂന്ന് ശതമാനത്തിലധികം ഉയര്‍ന്ന് 699.80 രൂപയിലാണ് ഓഹരിയുള്ളത്. നിലവിലെ വിലയനുസരിച്ച് 6.11 ലക്ഷം കോടിയാണ് എസ്.ബി.ഐയുടെ വിപണി മൂല്യം.
ബി.എസ്.ഇയുടെ കണക്കുകളനുസരിച്ച് ആറ് ലക്ഷം കോടി വിപണി മൂല്യം പിന്നിട്ടിട്ടുള്ള എട്ട് ഇന്ത്യന്‍ കമ്പനികള്‍ മാത്രമാണുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സർവീസസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, എല്‍.ഐ.സി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് വിപണി മൂല്യത്തില്‍ എസ്.ബി.ഐയ്ക്ക് മുന്നിലുള്ളത്.
പൊതുമേഖല ബാങ്ക് ഓഹരികളിലെ മുന്നേറ്റം
2024-25ലെ ഇടക്കാല ബജറ്റില്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യത്തിന്റെ മൊത്ത, അറ്റ കടമെടുക്കല്‍ പരിധി യഥാക്രമം 14.13 ലക്ഷം കോടി രൂപ, 11.75 ലക്ഷം കോടി രൂപ എന്നിങ്ങനെ നിശ്ചയിച്ചതിനു പിന്നാലെ പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ മുന്നേറ്റണ്ടായിരുന്നു. വിപണി പ്രതീക്ഷിച്ചിരുന്നത് മൊത്ത കടമെടുപ്പ് 15 ലക്ഷത്തിനു മുകളിലായിരിക്കുമെന്നാണ്.
പുതിയ മോണിറ്ററി പോളിസിയില്‍ റിസര്‍വ് ബാങ്ക് റീപ്പോ നിരക്ക് വീണ്ടും മാറ്റമില്ലാതെ നിലനിര്‍ത്തിയേക്കുമെന്ന പ്രതീക്ഷകളും പി.എസ്.യു ബാങ്ക് ഓഹരികളില്‍ ശുഭപ്രതീക്ഷയ്ക്കിടയാക്കിയിരുന്നു. കൂടാതെ ബജറ്റില്‍ മൂലധന ചെലവഴിക്കലിന് ഊന്നല്‍ നല്‍കിയതും പി.എസ്.യു ബാങ്ക് ഓഹരികളെ ഉയരത്തിലാക്കാന്‍ സഹായിക്കുന്നുണ്ട്.
എസ്.ബി.ഐ ലാഭത്തിലിടിവ്
2023-24 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ എസ്.ബി.ഐയുടെ ഏകീകൃത ലാഭം 35.50 ശതമാനം വാര്‍ഷിക ഇടിവോടെ 9,164 കോടി രൂപയായി കുറഞ്ഞിരുന്നു. ഉയര്‍ന്ന ശമ്പള നീക്കിയിരിപ്പും മറ്റുമാണ് ലാഭത്തെ ബാധിച്ചത്.
മൂന്നാം പാദത്തില്‍ എസ്.ബി.ഐ 6,300 കോടി രൂപയാണ് ശമ്പള അനുബന്ധ കാര്യങ്ങള്‍ക്കായി നീക്കി വച്ചത്. 17 ശതമാനം ഉയര്‍ച്ചയാണ് ശമ്പളത്തില്‍ കണക്കാക്കുന്നത്.
Next Story
Videos