Begin typing your search above and press return to search.
പതഞ്ജലിക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിറുത്തിച്ചു
ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ചേര്‍ന്ന് നയിക്കുന്ന പതഞ്ജലി ആയുര്‍വേദയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. രോഗം ശമിപ്പിക്കും എന്നതടക്കം തെറ്റിധാരണാജനകമായ പരസ്യങ്ങള്‍ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദേശിച്ചു. പതഞ്ജലിയുടെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയ്‌ക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചിട്ടുണ്ട്.
മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നത് തുടരുന്നത് കോടതിയെ വെല്ലുവിളിക്കലാണെന്ന് വിമര്‍ശിച്ച കോടതി കേന്ദ്ര സര്‍ക്കാരിനെയും കുറ്റപ്പെടുത്തി.
തെറ്റായ പരസ്യങ്ങള്‍ നല്‍കിയിട്ടും രണ്ട് വര്‍ഷമായി കേന്ദ്രം ഒരു നടപടിയും സ്വീകരിക്കുന്നില്ല. 'സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണ്, ഇത് വളരെ നിര്‍ഭാഗ്യകരമാണ്, സര്‍ക്കാര്‍ അടിയന്തര നടപടിയെടുത്തേ മതിയാകൂ'. എന്നാണ് ജസ്റ്റിസ് ഹേമ കോഹ്ലി, ജസ്റ്റിസ് അഷാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തിയത്.
ഐ.എം.എ ഹര്‍ജി
1954-ലെ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് ആക്റ്റില്‍ പറയുന്ന രോഗങ്ങളും ആരോഗ്യ തകരാറുകളും സുഖപ്പെടുത്തും എന്ന് അവകാശപ്പെടുന്ന മരുന്നുകളുടെയും മെഡിക്കല്‍ ഉത്പന്നങ്ങളുടെയും പരസ്യം പ്രസിദ്ധീകരിക്കുന്നത് നിറുത്തിവയ്ക്കാനാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പതഞ്ജലി ഉത്പന്നങ്ങള്‍ക്കതിരെ ഐ.എം.എ (Indian Medical Association) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് ചില ഗുരുതര രോഗങ്ങള്‍ ഭേദമാക്കാനുള്ള കഴിവുണ്ടെന്ന് കമ്പനി അവകാശവാദമുന്നയിച്ചിരുന്നു. കോടതിയെ വിമര്‍ശിച്ച് ബാബാ രാംദേവ് വാര്‍ത്താസമ്മേളനം നടത്തിയെന്നും രോഗശമനം വരുത്തിയെന്ന് വീണ്ടും അവകാശവാദം നടത്തിയെന്നും ഐ.എം.ഐയുടെ അഭിഭാഷകന്‍ വാദിച്ചു.
തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍ പാടില്ലെന്നും തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ ഓരോ പരസ്യത്തിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്നും കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി പതഞ്ജലിക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.
Next Story
Videos