തട്ടിപ്പുകള്‍ പലവിധം; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പേരിലും ഫിനാന്‍സ് കമ്പനി!

വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഒരു ഫിനാന്‍സ് കമ്പനിയും. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പേരും ഫോട്ടോയും അദ്ദേഹത്തിന്റേതായുള്ള വാചകവും ഉപയോഗിച്ച് 'ചിറ്റിലപ്പള്ളി ഫൈനാന്‍സ്' എന്ന സ്ഥാപനത്തിന്റെ പരസ്യമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പെരുമ്പടവ് മലബാര്‍ കോംപ്ലക്സിന്റെ വിലാസത്തിലുള്ള ചിറ്റിലപ്പിള്ളി ഫൈനാന്‍സ് എന്ന സ്ഥാപനം ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പേരും ഫോട്ടോയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ''ഞാന്‍ പ്രാധാന്യം കല്‍പ്പിക്കുന്ന മൂല്യങ്ങളാണ് സത്യസന്ധതയും വിശ്വസ്തതയും'' കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ചെയര്‍മാന്‍, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എന്ന വാചകം പരസ്യത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ ഈ സ്ഥാപനവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. സാധാരണക്കാര്‍ ഇത്തരം പരസ്യങ്ങള്‍ വിശ്വസിച്ച് പണം നിക്ഷേപിക്കരുതെന്ന അഭ്യര്‍ത്ഥനയും അവര്‍ നടത്തുന്നുണ്ട്.

പ്രമുഖരെ മറയാക്കി സാമ്പത്തിക തട്ടിപ്പുകള്‍!

സമൂഹത്തില്‍ മികച്ച പ്രതിച്ഛായയും സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സുമുള്ള പ്രമുഖരുടെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പുകള്‍ ഇപ്പോള്‍ വ്യാപകമാവുന്നുണ്ട്. പലരും പണം നിക്ഷേപിക്കുമ്പോള്‍ ഈ പ്രമുഖര്‍ക്ക് ആ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് തിരക്കാറില്ല. പിന്നീട് പണം നഷ്ടപ്പെടുമ്പോഴാണ് പരാതിയുമായി രംഗത്തുവരാറുള്ളത്.

''വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ പലതും യഥാര്‍ത്ഥ വ്യക്തി അറിയണമെന്നില്ല. കണ്ണുമടച്ച് നിക്ഷേപം നടത്താതെ പ്രമുഖനായ ആ വ്യക്തിക്ക് ഇത്തരം സ്ഥാപനങ്ങളുമായി വല്ല ബന്ധമുണ്ടോയെന്ന് തിരക്കുന്നത് നന്നാകും. പണം നഷ്ടമായിട്ട് അത് തിരികെ കിട്ടാന്‍ ഓടുന്നതിന്റെ അത്ര പ്രയാസം ഇക്കാര്യത്തിന് വേണ്ടിവരില്ല. ഇനിയെങ്കിലും ഇത്തരം വസ്തുതാന്വേഷണത്തിന് നിക്ഷേപകര്‍ തയ്യാറാകണം,'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it