ടെലികോം കമ്പനികള്‍ക്ക് സുപ്രീംകോടതിയുടെ ഷോക്ക്, വൊഡഐഡിയ ഓഹരികള്‍ 19% ഇടിവില്‍

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എ.ജി.ആര്‍) വിഭാഗത്തിലുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി. എ.ജി.ആര്‍ കുടിശിക കണക്കുകൂട്ടുന്നതില്‍ പിശകുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ടെലികോം കമ്പനികള്‍ ഹര്‍ജി നല്‍കിയത്.

കുടിശികയിനത്തില്‍ 92,000 കോടി രൂപ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാരിലേക്ക് അടയ്ക്കണമെന്ന 2019ലെ കോടതി വിധിക്കെതിരെയാണ് വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്. പിന്നീട് 2020 സെപ്റ്റംബറിൽ എ.ജി.ആര്‍ കുടിശിക അടയ്ക്കാന്‍ 10 വര്‍ഷത്തെ സമയം അനുവദിച്ചിരുന്നു. ഓരോ വര്‍ഷവും മാര്‍ച്ച് 31ന് മുന്‍പ് മൊത്തം തുകയുടെ 10 ശതമാനം അടയ്ക്കണമെന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലൈസന്‍സ് ഫീസും സ്‌പെക്ട്രം ഫീസും ഉള്‍പ്പെടെയുള്ള എ.ജി.ആര്‍ കുടിശിക കണക്കാക്കുന്നതില്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന് ഗുരതരമായ പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ടെലികോം കമ്പനികള്‍ വീണ്ടും ഹര്‍ജി നല്‍കുകയായിരുന്നു.

വലിയ അന്തരം

ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച് എ.ജി.ആര്‍ കുടിശിക ഒരു ലക്ഷം കോടി രൂപയാണ്. ഇതില്‍ എയര്‍ടെല്ലിന് 43,980 കോടിരൂപയും വോഡഫോണ്‍ ഐഡിയയ്ക്ക് 58,254 കോടിരൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ കമ്പനികളുടെ കണക്കുകൂട്ടലനുസരിച്ച് എയര്‍ടെല്ലിന് 13,004 കോടിയും വോഡഫോണിന് 21,533 കോടിയും മാത്രമാണ്. ടാറ്റ ടെലിസര്‍വീസസ് ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികളുടെ കുടിശിക കണക്കാക്കിയതിലും ഈ പൊരുത്തക്കേട് ആരോപിക്കുന്നുണ്ട്. കുടിശിക കുറയ്ക്കാനുള്ള സാധ്യതയാണ് സുപ്രീം കോടതിയുടെ തീരുമാനത്തോടെ ഇല്ലാതായത്.

ഓഹരികൾക്ക് വൻ ഇടിവ്

ഇതോടെ ഇന്ന് ടെലികോം കമ്പനികളുടെ ഓഹരികളില്‍ വലിയ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായി. കടപ്രതിസന്ധിയിലകപ്പെട്ട വോഡഫോണ്‍ ഐഡിയ ഓഹരികള്‍ ഇന്ന് 20 ശതമാനം ഇടിഞ്ഞു. ഫോളോ ഓണ്‍ ഓഫര്‍ (OFS) നടത്തിയ വിലയേക്കാള്‍ താഴെയാണ് വോഡഫോണ്‍ ഓഹരി വില. 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള വോഡഫോണിന്റെ മാത്രം എ.ജി.ആര്‍ കുടിശിക 70,320 രൂപയാണ്. പലിശയും പിഴയും പിഴപ്പലിശയും ചേര്‍ത്താണിത്.
ഇന്‍ഡസ് ടവര്‍ ഓഹരി വിലയും ഇന്ന് 14 ശതമാനം ഇടിഞ്ഞു. ഭാരതി എയര്‍ടെല്‍ ഓഹരി വില 1,711.70 രൂപയില്‍ നിന്ന് 1,647.70 രൂപ വരെ താഴ്‌ന്നെങ്കിലും പിന്നീട് 1.03 ശതമാനം നേട്ടത്തോടെ 1,672 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെലികോം ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സ് 15 ശതമാനം വരെ ഇടിഞ്ഞു. പിന്നീട് നഷ്ടം 8.23 ശതമാനമായി കുറച്ചു. 393 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
Next Story
Videos
Share it