Begin typing your search above and press return to search.
കേന്ദ്രത്തിന്റെ മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്ക്, കേരളത്തിനും അവസരങ്ങള്‍
രാജ്യത്തെ ടെക്‌സ്റ്റൈല്‍ മേഖലയിലെ കയറ്റുമതിയും തൊലിലവസരങ്ങളും വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി- മിത്ര പദ്ധതിക്ക് പണം വകയിരുത്തി കേന്ദ്രം. ഏഴ് മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 4,445 കോടി രൂപയാണ് കന്ദ്രം അനുവദിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2013 ല്‍ മുന്നോട്ടുവെച്ച 5 എഫ് ഫോര്‍മുലയുടെ തുടര്‍ച്ചയാണിത്. ഫാം, ഫൈബര്‍, ഫാക്ടറി, ഫാഷന്‍, ഫോറിന്‍ വിപണി എന്നതാണ് ടെക്‌സ്റ്റൈല്‍സ് മേഖലയുടെ ഉന്നമനം ലക്ഷയമിട്ട് പ്രധാനമന്ത്രി അവതരിപ്പിച്ച 5 എഫ് ഫോര്‍മുല.
ഒരോ മെഗാപാര്‍ക്കിലും നേരിട്ടുള്ള ഒരു ലക്ഷം തൊഴിലവസരങ്ങളും അനുബന്ധമായി 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഓരോ പാര്‍ക്കിനും 1700 കോടിരൂപയാണ് കേന്ദ്രം അനുവദിക്കുക. പാര്‍ക്കില്‍ ആദ്യം എത്തുന്ന കുറഞ്ഞത് 100 തൊഴിലാളികളെങ്കിലും ഉള്ള കമ്പനികള്‍ക്ക് പ്രതിവര്‍ഷം 10 കോടിയോളം രൂപയുടെ ആനുകൂല്യങ്ങളും നല്‍കും. മൂന്ന് വര്‍ഷത്തേക്ക് ആണ് ഇത് ലഭിക്കുക.
ഭൂമി, വൈദ്യുതി, തൊഴിലാളികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്കാണ് ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ അനുവദിക്കുക. നിലവില്‍ തമിഴ്‌നാട്, പഞ്ചാബ്, ഒഡീഷ, ആന്ത്രാ പ്രദേശ്, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍, അസം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പാര്‍ക്കിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
കേരളത്തിനും പ്രയോജനം
കേരളം മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കിനായി താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും ദക്ഷിണേന്ത്യയിലെ മറ്റ് നാല് സംസ്ഥാനങ്ങളും പാര്‍ക്ക് അനുവദിക്കുന്നതിനായി മുന്‍നിരയിലുണ്ട്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ നിരവധിയാണ്. കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നത് അനേകായിരം പേരാണ്. പാര്‍ക്കുകള്‍ നിലവില്‍ വരുന്നതോടെ ഈ മേഖലയില്‍ നൈപുണ്യം നേടുന്നവരെ കാത്തിരിക്കുന്നത് വലിയ തൊഴിലവസരങ്ങളാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ പാര്‍ക്കുകള്‍ വരുന്നത് സംസ്ഥാനത്തെ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ സംരംഭകര്‍ക്കും ഗുണകരമാകും. പദ്ധതി കയറ്റുമതിക്ക് നല്‍കുന്ന പ്രാധാന്യവും കുറഞ്ഞ ചെലവില്‍ തൊഴിലാളികളെ ലഭിക്കുന്നതും വൈദ്യുതി ഉള്‍പ്പടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും മികച്ച മുന്നേറ്റം സംരംഭകര്‍ക്ക് ഉണ്ടാക്കും.
തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ ലോകത്ത് ആറാം സ്ഥാനത്താണ് ഇന്ത്യ. മെഗാ പാര്‍ക്കുകളിലൂടെ കയറ്റുമതിലെ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയാണെങ്കില്‍ അത് സമ്പദ വ്യവസ്ഥയ്ക്ക് നല്‍കുന്ന ഊര്‍ജ്ജം ചെറുതായിരിക്കില്ല. നിലവില്‍ രാജ്യത്തെ കയറ്റുമതിയുടെ 12 ശതമാനവും സംഭാവന ചെയ്യുന്ന ടെക്‌സ്റ്റൈല്‍ മേഖല, ജിഡിപിയുടെ 5 ശതമാനത്തോളം വരും.
Next Story
Videos