

അമേരിക്കയിലെ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'വാഷിംഗ്ടണ്‍ പോസ്റ്റില്‍' (The Washington Post) നടന്ന വന്‍ കൂട്ടപ്പിരിച്ചുവിടലില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരിനും ജോലി നഷ്ടമായി. കഴിഞ്ഞ 11 വര്‍ഷത്തിലേറെയായി പത്രത്തിന്റെ ഫോറിന്‍ അഫയേഴ്‌സ് കോളമിസ്റ്റായി പ്രവര്‍ത്തിക്കുകയായിരുന്നു ഇഷാന്‍. ഇഷാന്‍ തരൂരിനെ കൂടാതെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ് പ്രാന്‍ഷു വര്‍മ്മയ്ക്ക് അടക്കം 300 ഓളം പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.
തനിക്ക് ജോലി നഷ്ടമായ വിവരം എക്‌സിലൂടെ (X) ഇഷാന്‍ തന്നെയാണ് പങ്കുവെച്ചത്. പത്രത്തിന്റെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം പേര്‍ക്കും ഇഷാനൊപ്പം ജോലി നഷ്ടമായിട്ടുണ്ട്.
'വാഷിംഗ്ടണ്‍ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിലെ മിക്ക സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം എനിക്കും ഇന്ന് ജോലി നഷ്ടമായിരിക്കുന്നു. 12 വര്‍ഷത്തോളമായി എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന മികച്ച പത്രപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നു. ന്യൂസ് റൂമിനെ ഓര്‍ത്തും സഹപ്രവര്‍ത്തകരെ ഓര്‍ത്തും എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്.' - ഇഷാന്‍ തരൂര്‍ എക്‌സില്‍ കുറിച്ചു.
2017 ജനുവരിയിലാണ് ഇഷാന്‍ 'വേള്‍ഡ് വ്യൂ' (WorldView) എന്ന പേരിലുള്ള തന്റെ പ്രശസ്തമായ കോളം ആരംഭിച്ചത്. ലോകത്തെക്കുറിച്ചും അതില്‍ അമേരിക്കയുടെ സ്ഥാനത്തെക്കുറിച്ചും വായനക്കാര്‍ക്ക് വ്യക്തമായ ധാരണ നല്‍കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ആഴ്ചയില്‍ പലതവണ പ്രസിദ്ധീകരിച്ചിരുന്ന ഈ കോളം വായിക്കാന്‍ അഞ്ച് ലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്നുവെന്നും ഇഷാന്‍ ഓര്‍മ്മിപ്പിച്ചു. തന്നില്‍ വിശ്വാസമര്‍പ്പിച്ച വായനക്കാരോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പത്രത്തിന്റെ 150 വർഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും വലിയ ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലിനാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് ഏകദേശം 300-ഓളം ജീവനക്കാരെയാണ് (ഏകദേശം മൂന്നിലൊന്ന്) ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. പത്രത്തിന്റെ പാരമ്പര്യമായി കരുതിയിരുന്ന സ്പോർട്സ് സെക്ഷൻ, ബുക് വേൾഡ് കവറേജ് എന്നിവ പൂർണ്ണമായും നിർത്തലാക്കി. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബ്യൂറോകളും അടച്ചുപൂട്ടി.
സാങ്കേതികവിദ്യയിലെ മാറ്റങ്ങളും വായനക്കാരുടെ ശീലങ്ങളിലുണ്ടായ മാറ്റവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് മാനേജ്മെന്റിനെ നയിച്ചത്.
2013-ൽ ജെഫ് ബെസോസ് ഏറ്റെടുത്തതിന് ശേഷം വാഷിംഗ്ടൺ പോസ്റ്റ് വലിയ മുന്നേറ്റം നടത്തിയിരുന്നുവെങ്കിലും സമീപകാലത്ത് ഡിജിറ്റൽ വരിക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി. നിലവിൽ ഏകദേശം 20 ലക്ഷം വരിക്കാർ മാത്രമാണ് പത്രത്തിനുള്ളത്.
അതേസമയം, ജെഫ് ബെസോസിന്റെ ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine