കേള്‍-ഓണ്‍ ഇനി ഷീല ഫോമിന് സ്വന്തം, ഫര്‍ണിച്ചര്‍ കമ്പനി ഫേള്‍ലെന്‍കോയുടെ 35% ഓഹരികളും വാങ്ങും

കേള്‍-ഓണ്‍ (kurl-on) മെത്തകളുടെ നിര്‍മ്മാതാക്കളായ കേള്‍ഓണ്‍ എന്റര്‍പ്രൈസിനെ മെത്ത നിര്‍മ്മാതാക്കളായ ഷീല ഫോം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കേള്‍ഓണ്‍ എന്റര്‍പ്രൈസിന്റെ 94.66% ഓഹരികള്‍ 2,150 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നത്. കൂടാതെ ഫര്‍ണിച്ചര്‍ വാടകയ്ക്കെടുക്കുന്ന കമ്പനിയായ ഫേള്‍ലെന്‍കോയുടെ (furlenco) 35% ഓഹരികളും 857 കോടി രൂപയ്ക്ക് ഷീല ഫോം വാങ്ങും.

വിപണി ശക്തമാക്കും

ഷീല ഫോം രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറന്‍ വിപണികളില്‍ ശക്തമാണ്. അതേസമയം കേള്‍-ഓണ്‍ തെക്ക്-കിഴക്കന്‍ മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്നു. കേള്‍-ഓണിന്റെ ഏറ്റെടുക്കല്‍ ഇന്ത്യയില്‍ ശക്തമായ സാന്നിധ്യം സൃഷ്ടിക്കാന്‍ നോയിഡ ആസ്ഥാനമായുള്ള ഷീല ഫോമിനെ സഹായിക്കും. ഇരുകമ്പനികളുടേയും സംയുക്ത ഉല്‍പ്പാദന ശേഷി അടുത്ത രണ്ട് വര്‍ഷങ്ങളില്‍ മൂലധനച്ചെലവ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2022ല്‍ ഇന്ത്യന്‍ മെത്ത വിപണിയുടെ മൂല്യം ഏകദേശം 18,000 കോടി രൂപയായിരുന്നു. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 10% വളര്‍ച്ചയാണ് ഇതില്‍ പ്രതീക്ഷിക്കുന്നു.ഫേള്‍ലെന്‍കോയുടെ ഏറ്റെടുക്കല്‍ ഫര്‍ണിച്ചര്‍ ബിസിനസില്‍ വൈവിധ്യവത്കരിക്കാന്‍ ഷീല ഫോംസിനെ സഹായിക്കും.

ഉടന്‍ പൂര്‍ത്തിയാകും

നിലവില്‍ ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയാണ് കേള്‍-ഓണ്‍ എന്റര്‍പ്രൈസ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 808 കോടി രൂപയായിരുന്നു ഈ കമ്പനിയുടെ വരുമാനം. ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ ഹൗസ് ഓഫ് കീരായയുടെ (എച്ച്.ഒ.കെ) മുന്‍നിര ബ്രാന്‍ഡാണ് ഫേള്‍ലെന്‍കോ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 152 കോടി രൂപയായിരുന്നു ഈ കമ്പനിയുടെ വരുമാനം. കേള്‍-ഓണിന്റെ ഏറ്റെടുക്കല്‍ നവംബറിന് മുമ്പ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഫേള്‍ലെന്‍കോ ഇടപാട് ഓഗസ്റ്റില്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്.


Related Articles
Next Story
Videos
Share it