വ്യാപാര സ്ഥാപനങ്ങൾ തുറന്നു, ജനം ഇപ്പോഴും ആശയക്കുഴപ്പത്തിൽ!

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നെങ്കിലും ജനങ്ങളുടെ ആശയക്കുഴപ്പങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. തുറന്ന സ്ഥാപനങ്ങള്‍ പലതും ആളുകളെത്താതെ തുറന്നിരിക്കുകയാണ്. രാവിലെ 7മണി മുതല്‍ രാത്രി 9മണി വരെ കടകള്‍ തുറക്കാമെങ്കിലും ആളില്ലാത്തതിനാല്‍ പലരും നേരത്തെ ഷട്ടര്‍ ഇട്ട് മടങ്ങുന്നു. കടകളില്‍ പോകാന്‍ വാക്‌സിന്‍ രേഖയോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കോവിഡ് മുക്തരെന്ന രേഖയോ പല ജില്ലകളിലും വേണം.

പല ജില്ലകളിലും അത്യാവശ്യക്കാര്‍ മാത്രമേ പുറത്ത് ഇറങ്ങുന്നുള്ളൂ.
വിദഗ്ധരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ചയില്‍ ഈ നിബന്ധന ശരിയല്ലെന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും, നിബന്ധന ഏര്‍പ്പെടുത്താമെന്നും കര്‍ശനമായി നടപ്പാക്കണ്ടതുണ്ടോ എന്ന കാര്യം ആലോചിക്കാമെന്നുമായിരുന്നു മഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കടകളിലും മറ്റും ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ക്കെതിരെ ഇതിനിടെ വ്യാപാരികളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം ശക്തമായി തുടരുന്നുണ്ട്.
പുതിയ ഉത്തരവില്‍ ആശയക്കുഴപ്പമുള്ളതിനാല്‍ പരിശോധനകളും നിയമനടപടികളും പലയിടങ്ങളിലും തുടങ്ങിയിട്ടില്ല.
എന്നാല്‍ കടകളില്‍ പ്രവേശനത്തിനുള്ള നിബന്ധനകള്‍ ഉടന്‍ പ്രദര്‍ശിപ്പിക്കണമെന്നും വീഴ്ച വരുത്തിയാല്‍ നടപടി എടുക്കുമെന്നും വ്യാപാരികള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
വ്യാപാര സ്ഥാപനങ്ങളില്‍ കയറി ജനങ്ങളെ തടയുന്നില്ലെങ്കിലും അവരെ വഴിയില്‍ തടയുകയാണെന്ന് വ്യാപാരി വ്യവസായി എകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ പെരിങ്ങമ്മല രാമചന്ദ്രന്‍ പറയുന്നു. ഇത് കൊണ്ടാണ് കടകളില്‍ ആളില്ലാതായത്. ജനങ്ങളില്‍ നിന്നും വ്യാപകമായി ഫൈനും ഈടാക്കുന്നുണ്ട്. ഇതുകാരണം കടകള്‍ തുറക്കുന്നത് കൊണ്ട് വേണ്ടത്ര പ്രയോജനം ലഭിക്കുന്നില്ലന്ന് അദ്ദേഹം പറയുന്നു.
ജനങ്ങളെ തടഞ്ഞു നിര്‍ത്തിയുള്ള കര്‍ശന പരിശോധന പോലീസ് അവസാനിപ്പിക്കണമെന്നും റസ്റ്റോറന്റ് ഉള്‍പ്പെടെ തുറന്നെങ്കിലും മാനദണ്ഡം പാലിച്ചു അവിടെ ഇരുന്ന് കഴിക്കാനുള്ള അനുവാദവും നല്‍കണമെന്ന് പെരിങ്ങമ്മല രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോലീസ് പരമാവധി സഹകരിക്കുന്നുണ്ടന്ന് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ചാല മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്ന എ പി പി റഫീഖ് പറയുന്നു.
കടകളിലെ വലുപ്പതിനനുസരിച്ചു മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ എന്നുള്ള പോലീസ് നിബന്ധന വ്യാപാരികള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ലീഗല്‍ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കടകളില്‍ വ്യാപകമായി പരിശോധനകള്‍ നടത്തുന്നുണ്ട്. ഇത് ഒരു ഇടവേള കഴിഞ്ഞു കച്ചവടത്തിനെത്തിയ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഇതുമായി ബന്ധപ്പെട്ടു കളക്ടറുമായി ചര്‍ച്ച നടത്തുമെന്നു ചാല മെയിന്‍ യൂണിറ്റിലെ വ്യാപാര നേതാവ് കൂടിയായ റഫീഖ് അറിയിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it