Begin typing your search above and press return to search.
ഉയരുന്ന വില: തിളക്കമേറി വെള്ളി ഇ.ടി.എഫുകള്‍
വെള്ളി വില ഉയരുന്നത് വെള്ളി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടേയും(ഇ.ടി.എഫ്) ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നു. 2023 ല്‍ ആഭ്യന്തര വെള്ളി വില 7.69 ശതമാനം വര്‍ധിച്ചപ്പോള്‍ ഇ.ടി.എഫുകളും മികച്ച ആദായം രേഖപ്പെടുത്തി. 2021 ലാണ് സെബി വെള്ളി ഇ.ടി.എഫുകള്‍ക്ക് അനുമതി നല്‍കിയത്. നിലവില്‍ ഏഴ് വെള്ളി ഇ.ടി.എഫുകളാണ് വിപണിയിലുള്ളത്. 2023 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ഏഴ് വെള്ളി ഇ.ടി.എഫുകളുടെയും കൂടിയുള്ള ആകെ ആസ്തി മൂല്യം 1800 കോടി രൂപയാണ്.
മികച്ച വാര്‍ഷിക ആദായം
ഏറ്റവും കൂടുതല്‍ വാര്‍ഷിക അറ്റാദായം നല്‍കിയത് നിപ്പോണ്‍ ഇന്ത്യ സില്‍വര്‍ ഇ.ടി.എഫ് റെഗുലര്‍ ഫണ്ടാണ്. 21.59 ശതമാനമാണ് നേട്ടം. നിപ്പോണ്‍ സില്‍വര്‍ ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ട്‌സ് 19.50 ശതമാനവും ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇ.ടി.എഫ് റെഗുലര്‍ 25.08 ശതമാനവും വാര്‍ഷിക റിട്ടേണ്‍ നല്‍കി. ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫണ്ട് ഓഫ് ഫണ്ട്‌സ് റെഗുലര്‍ (19.87ശതമാനം), ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ സില്‍വര്‍ ഇ.ടി.എഫ് (20.72 ശതമാനം), ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ സില്‍വര്‍ ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ട്‌സ് (20 ശതമാനം) എന്നിവയാണ് മറ്റ് മികച്ച വെള്ളി ഇ.ടി.എഫുകള്‍.
അര്‍ദ്ധ വാര്‍ഷിക ആദായത്തില്‍ മുന്നില്‍ എച്ച്.ഡി.എഫ്.സി സില്‍വര്‍ ഇ.ടി.എഫ് ഫണ്ടാണ്. 24 .43 ശതമാനമാണ് റിട്ടേണ്‍, എച്ച്.ഡി.എഫ്.സി സില്‍വര്‍ ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ട്‌സ് 26.84 ശതമാനവും റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. അടുത്ത കാലത്ത് ആരംഭിച്ചതിനാല്‍ യു.ടി.ഐ സില്‍വര്‍ ഇ.ടി.എഫ് ഗ്രോത്ത്, ആക്‌സിസ് സില്‍വര്‍ ഇ.ടി.എഫ്, കൊടക് സില്‍വര്‍ ഇ.ടി.എഫ് എന്നിവയുടെ വാര്‍ഷിക ആദായ വളര്‍ച്ച കണക്കാക്കാന്‍ സാധിക്കില്ല. നിപ്പോണ്‍ സില്‍വര്‍ ഇ.ടി.എഫിലും, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ഇ.ടി.എഫിലുമാണ് ഏറ്റവും കൂടുതല്‍ നിക്ഷേപമുണ്ടായിരിക്കുന്നത്. മൊത്തം നിക്ഷേപത്തിന്റെ 80 ശതമാനവും ഈ രണ്ടു ഫണ്ടുകളിലുമായാണ്.
സില്‍വര്‍ ഇ.ടി.എഫ്
സില്‍വര്‍ ഇ.ടി.എഫുകളില്‍ നിക്ഷേപകരുടെ പണം വെള്ളി വാങ്ങാനാണ് ഫണ്ട് മാനേജര്‍മാര്‍ ഉപയോഗപ്പെടുത്തുന്നത്. 100 മുതല്‍ 500 രൂപവരെ സില്‍വര്‍ ഇ.ടി.എഫുകളില്‍ നിക്ഷേപം നടത്താം. വെള്ളി വിലയില്‍ ഉണ്ടാകുന്ന വ്യതിയാനം അനുസരിച്ച് അറ്റ ആസ്തി മൂല്യം (Net Asset Value) കണക്കാക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓഹരി എക്‌സ്ചേഞ്ചുകളില്‍ വിപണനം നടക്കുന്നത്.
വെള്ളി ഇ.ടി.എഫുകള്‍ നിലവില്‍ വരുന്നതിനു മുന്‍പ് നിക്ഷേപകര്‍ക്ക് ഭൗതിക രൂപത്തിലും ഫ്യൂച്ചര്‍ വഴിയുമാണ് വെള്ളിയില്‍ നിക്ഷേപം സാധ്യമായിരുന്നത്. ഭൗതിക രൂപത്തില്‍ വെള്ളി വാങ്ങുമ്പോള്‍ പരിശുദ്ധി, വില, കാര്യക്ഷമത എന്നിവ പ്രശ്‌നങ്ങളായിരുന്നു. ഫ്യൂച്ചര്‍ നിക്ഷേപങ്ങള്‍ ചെറുകിട നിക്ഷേപകര്‍ക്ക് അനുയോജ്യവുമായിരുന്നില്ല.
വെള്ളിയുടെ വ്യാവസായിക ആവശ്യവും ആഭരണ ആവശ്യവും വര്‍ധിച്ചതോടെ 2023 ല്‍ ഇന്ത്യന്‍, അന്താരാഷ്ട്ര വിലകളില്‍ വലിയ വര്‍ധന ഉണ്ടായി. ഇന്ത്യയില്‍ വില 7.69 ശതമാനം വര്‍ധിച്ച് കിലോക്ക് 76,300 രൂപയായി. അന്താരാഷ്ട്ര വില 23.80 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 25 ഡോളര്‍ വരെ ഉയര്‍ന്നു.
Next Story
Videos