ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കിയത് ആറ് ലക്ഷം തൊഴിലുകള്‍!

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഇതുവരെ ആറ് ലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിച്ചുവെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനാരംഭ ദിവസത്തില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്.

2016 നുശേഷം 56 വിഭിന്ന മേഖലകളിലായി 60,000 സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്ത് പിറവിയെടുത്തതായി അദ്ദേഹം പറഞ്ഞു. ഇവയെല്ലാം ചേര്‍ന്ന് ആറുലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡ് കാലമായിട്ടുപോലും 2021ല്‍ 40ലേറെ യൂണികോണുകള്‍ (ഒരു ബില്യണ്‍ ഡോളറിലേറെ - 7400 കോടി രൂപയിലേറെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍) രാജ്യത്തുയര്‍ന്നു വന്നു.

നാസ്‌കോം - സിനോവ് റിപ്പോര്‍ട്ട പ്രകാരം 2021ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 24.1 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ആകര്‍ഷിച്ചത്. കോവിഡ് കാലത്തിന് മുമ്പുണ്ടായതിന്റെ രണ്ട് മടങ്ങ് അധികമാണിത്.

ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും കുതിച്ച് മുന്നേറുകയാണ്. 2021ല്‍ 2250 ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പിറവിയെടുത്തു. 2020 നേക്കാള്‍ 600 എണ്ണം കൂടുതല്‍.


Related Articles
Next Story
Videos
Share it