സമുദ്രോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധന; ഭിന്ന വിഭവങ്ങളുമായി എം.പി.ഇ.ഡി.എയുടെ സ്‌കില്‍ ഒളിംപ്യാഡിന് കൊച്ചിയില്‍ തുടക്കം

മൂല്യവര്‍ധിത സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ ഏറെ പിന്നില്‍

മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്മെന്റ് അതോറിട്ടി സംഘടിപ്പിക്കുന്ന സ്‌കില്‍ ഒളിംപ്യാഡിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പ്രാഥമിക റൗണ്ടില്‍ മല്‍സരാര്‍ത്ഥികള്‍ തയ്യാറാക്കിയ സമുദ്രോല്‍പ്പന്ന വിഭവങ്ങള്‍.
മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്മെന്റ് അതോറിട്ടി സംഘടിപ്പിക്കുന്ന സ്‌കില്‍ ഒളിംപ്യാഡിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പ്രാഥമിക റൗണ്ടില്‍ മല്‍സരാര്‍ത്ഥികള്‍ തയ്യാറാക്കിയ സമുദ്രോല്‍പ്പന്ന വിഭവങ്ങള്‍.
Published on

സമുദ്രോല്‍പ്പന്നങ്ങളില്‍ മൂല്യവര്‍ധന പ്രോല്‍സാഹിപ്പിക്കാന്‍ മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്മെന്റ് അതോറിട്ടി (MPEDA) സംഘടിപ്പിക്കുന്ന സ്‌കില്‍ ഒളിംപ്യാഡിന് തുടക്കം. ആദ്യ ഘട്ട മല്‍സരം കൊച്ചി നിഫാറ്റില്‍ (The National Institute of Fisheries Post Harvest Technology and Training ) നടന്നു. മല്‍സരത്തിന്റെ രണ്ടാം ഘട്ടം വിശാഖപട്ടണം നിഫാറ്റ് കാമ്പസില്‍ ജൂണ്‍ ആറിന് നടക്കും. ഫൈനല്‍ റൗണ്ട് ജൂലൈ ഒന്ന് മുതല്‍ മൂന്ന് വരെ ചെന്നൈയില്‍ നടക്കുന്ന സീഫുഡ് എക്‌സ്‌പോ ഭാരത് പ്രദര്‍ശനത്തിലും നടക്കും. വിജയികളാകുന്ന മൂന്ന് പേര്‍ക്ക് കാഷ് പ്രൈസുകള്‍, ഉപഹാരങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും.

മല്‍സരിക്കാന്‍ 20 പേര്‍

സമുദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന മല്‍സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 പേരാണ് പങ്കെടുക്കുന്നത്. പ്രാഥമിക റൗണ്ടുകളില്‍ വിജയിക്കുന്നവരാണ് ഫൈനല്‍ റൗണ്ടില്‍ മല്‍സരിക്കുക.

ഓരോ മല്‍സരാര്‍ത്ഥിയും 10 മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ് തയ്യാറാക്കുന്നത്. മൂന്ന് മണിക്കൂറാണ് സമയം. ബ്രെഡഡ് ബട്ടര്‍ഫ്‌ളൈ ഷ്രിംപ്, ഫിഷ് ഫിംഗര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഉണ്ടാക്കുക. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം, ശുചിത്വം, പുതിയ ആശയങ്ങള്‍, ഉല്‍പ്പാദന ക്ഷമത തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം. കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പുകള്‍, ഗവേഷകര്‍, കയറ്റുമതിക്കാര്‍, സംസ്‌കരണ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ സ്‌കില്‍ ഒളിംപ്യാഡിന് എത്തുന്നുണ്ട്. മല്‍സരാര്‍ത്ഥികള്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ രുചിച്ചു നോക്കാന്‍ അതിഥികള്‍ക്ക് അവസരമുണ്ട്.

മൂല്യവര്‍ധനയില്‍ പിന്നില്‍

ഇന്ത്യയില്‍ നിന്ന് സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി മികച്ച തോതില്‍ നടക്കുന്നുണ്ടെങ്കിലും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കുറവാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 738 കോടി ഡോളറിന്റെ കയറ്റുമതി നടന്നപ്പോള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ 12 ശതമാനം മാത്രമായിരുന്നു. കയറ്റുമതിയില്‍ സജീവമായ തായ്‌ലാന്‍ഡ്, ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com