ഫോണിന് വില കൂടും

ഫോണിന് വില കൂടും
Published on

ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുകയാണോ? എങ്കില്‍ കൈയ്യില്‍ കൂടുതല്‍ തുക കരുതേണ്ടി വരും. ഡോളറിനെതിരായ രൂപയുടെ വിലയിടിവ് കൊണ്ട് ഷവോമി, റിയല്‍മി തുടങ്ങിയ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകളുടെ വിലയുയര്‍ത്തി.

സാംസംഗ്, ഒപ്പോ, വിവോ തുടങ്ങിയ ബ്രാന്‍ഡുകളും വില കൂട്ടാനുള്ള നീക്കങ്ങള്‍ നടത്തുന്നു. പുതിയ മോഡലുകള്‍ക്ക് 5-8 ശതമാനം വരെ വില കൂടാനുള്ള സാധ്യതയാണുള്ളത്.

ഇന്ത്യയില്‍ ഫോണുകളുടെ റെക്കോര്‍ഡ് വില്‍പ്പന നടന്ന മാസമായിരുന്നു ഒക്ടോബര്‍. ഷവോമിയും റിയല്‍മിയും വില കൂട്ടിയിരുന്നു. പുതുക്കിയ വിലയിലാണ് ഇവര്‍ ദീപാവലി സീസണില്‍ ഫോണുകള്‍ വിറ്റഴിച്ചത്. ഉദാഹരണത്തിന് റെഡ്മി 6, 6എ എന്നീ ഫോണുകളുടെ വില 600 രൂപയോളം വര്‍ധിപ്പിച്ചിട്ടുണ്ട്.

16 ജിബിയുടെ റെഡ്മി 6എയുടെ വില 5,999 രൂപയായിരുന്നെങ്കില്‍ പുതിയ വില 6,599 രൂപയാണ്. രൂപയുടെ മൂല്യം പെട്ടെന്ന് കൂടാനുള്ള സാധ്യതയില്ലാത്തതിനാല്‍ മറ്റും ബ്രാന്‍ഡുകള്‍ക്കും ഇതേ വഴി സ്വീകരിക്കുകയല്ലാതെ മാര്‍ഗമില്ല. കാരണം നേരിയ ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനികള്‍ക്ക് അല്ലാതെ മുന്നോട്ടുപോകാനാകില്ല.

മിക്ക സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും ഫോണുകള്‍ മൊത്തമായോ അതിന്റെ ഘടകങ്ങളോ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന് അവകാശപ്പെടുന്ന ബ്രാന്‍ഡുകളുടെയും ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുക മാത്രമാണ് നടക്കുന്നത്. അതിന് പകരം ചെറുഘടകങ്ങള്‍ പോലും ഇന്ത്യയില്‍ നിര്‍മിക്കാനായാല്‍ ഇവയുടെ വില വളരെ കുറയും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com