ഒഎന്‍ഡിസി വഴി ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങിയതായി സ്നാപ്ഡീല്‍
സര്‍ക്കാരിന്റെ ഓപ്പണ്‍ സോഴ്സ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) വഴി ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങിയതായി ഇ-കൊമേഴ്സ് കമ്പനിയായ സ്നാപ്ഡീല്‍ അറിയിച്ചു. ഇതോടെ ഗ്രാമപ്രദേശങ്ങളിലേക്കും രണ്ടാം നിര നഗരങ്ങളിലേക്കും തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനാകുമെന്ന് കമ്പനി അറിയിച്ചു.
അവസരം നല്‍കാനാകും
പേയ്റ്റീഎമ്മിന് പിന്നാലെ ഒഎന്‍ഡിസിയുമായി കരാറിലെത്തിയ രണ്ടാമത്തെ കമ്പനിയാണ് സ്നാപ്ഡീല്‍. ലക്ഷക്കണക്കിന് ചെറുകിട ഇടത്തരം സംരംഭങ്ങളിലൂടെ ഭാരതത്തെ സേവിക്കുന്ന ഒരു വിഭാഗമുണ്ട്. ഒഎന്‍ഡിസി വഴി ഓര്‍ഡറുകള്‍ ലഭിക്കുമ്പോള്‍ ഈ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഓണ്‍ലൈനിലുടെയുള്ള അവസരം ഏറ്റവും മികച്ച രീതിയില്‍ പ്രാപ്തമാക്കാന്‍ കമ്പനിയ്ക്ക് കഴിയുന്നുവെന്ന് സ്‌നാപ്ഡീല്‍ സിഇഒ ഹിമാന്‍ഷു ചക്രവര്‍ത്തി പറഞ്ഞു. സ്നാപ്ഡീലിന്റെ 86 ശതമാനത്തിലധികം ഓര്‍ഡറുകളും മെട്രോ നഗരങ്ങള്‍ക്ക് പുറത്ത് നിന്നാണ്.
ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്
പണം കൈമാറ്റത്തിന് യുപിഐ പോലെ ഇ-കൊമേഴ്സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സംവിധാനമാണ് ഒന്‍ഡിസി. യുപിഐ സേവനങ്ങള്‍ ഉപയോഗിക്കും പോലെ ഇത് ഉപയോഗിക്കാം. ആപ്ലിക്കേഷന്‍ ഏതായാലും ഉപഭോക്താക്കള്‍ക്ക് ഒഎന്‍ഡിസി നെറ്റ്‌വർക്കിലെ വില്‍പ്പനക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. കൂടുതല്‍ സേവനങ്ങള്‍ വിവിധ വില നിലവാരത്തില്‍ ലഭിക്കുമെന്നതാണ് ഒന്‍ഡിസി പ്ലാറ്റ്ഫോം കൊണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണം.
ഒരു ഇ-കൊമേഴ്‌സ് കമ്പനികളുടെയും സഹായമില്ലാതെ തന്നെ ഒഎന്‍ഡിസിയിലൂടെ വലിയ നെറ്റ്‌വർക്കിന്റെ ഭാഗമാകാമെന്നതാണ് ചെറുകിട സംരംഭകരെ സംബന്ധിച്ചുള്ള നേട്ടം. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് വമ്പന്‍ ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന മത്സരം നേരിടാന്‍ ചെറുകിട കച്ചവടക്കാരെ ഈ പ്ലാറ്റ്‌ഫോം പ്രാപ്തരാക്കും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29ന് ആണ് ഒഎന്‍ഡിസി പരീക്ഷണാര്‍ത്ഥം അവതരിപ്പിച്ചത്. ഒഎന്‍ഡിസി നിലവില്‍ 180 ല്‍ അധികം നഗരങ്ങളില്‍ ലഭ്യമാണ്. 24,000 ത്തില്‍ അധികം വില്‍പ്പനക്കാര്‍ ഈ പ്ലാറ്റ്ഫോമിലുണ്ട്. എട്ട് ബയര്‍ ആപ്പുകളും 21 സെല്ലര്‍ ആപ്പുകളും നിലവില്‍ ഇതിലുണ്ട്.