ആശങ്ക കൂടാതെ പുരപ്പുറ സോളാറുകള്‍ സ്ഥാപിക്കാം, ഇനി ഗുണനിലവാരമുളള സോളാർ ഉല്‍പ്പന്നങ്ങള്‍ മാത്രം

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പാലിക്കണം
roof top solar
Image courtesy: Canva
Published on

സോളാർ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ കർശനമാക്കി പുനരുപയോഗ ഊർജ മന്ത്രാലയം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ (ബി.ഐ.എസ്) ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണം ഉല്‍പ്പന്നങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.

സോളാർ മൊഡ്യൂളുകൾ, ഇൻവെർട്ടറുകൾ, സ്റ്റോറേജ് ബാറ്ററികൾ തുടങ്ങിയവയുടെ ഗുണനിലവാരം ബി.ഐ.എസ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം. ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് കമ്പനികള്‍ക്ക് ആറ് മാസം സമയം അനുവദിച്ചിട്ടുണ്ട്.

പുരപ്പുറ സോളാറിന് ഗുണകരം

ഉയർന്ന ഗുണമേന്മയുള്ള കാര്യക്ഷമമായ സോളാർ ഫോട്ടോവോൾട്ടെയ്ക് ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. സോളാര്‍ ഊർജ ഉല്‍പ്പാദനവും സംഭരണവും കൂടുതല്‍ മികവുറ്റതാക്കാന്‍ പുതിയ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

സോളാർ പി.വി സാങ്കേതികവിദ്യകളുടെ വിശദമായ പരിശോധനയിലൂടെ കാര്യക്ഷമത ഉറപ്പാക്കുന്നതായിരിക്കും നിര്‍ദേശം. ക്രിസ്റ്റലിൻ സിലിക്കൺ, നേർത്ത ഫിലിം ഫോട്ടോവോൾട്ടെയ്ക് മൊഡ്യൂളുകൾ തുടങ്ങിയ സോളാർ പി.വി ഉല്‍പ്പന്നങ്ങള്‍ ഇനി ഉപയോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുളള ഇൻവെർട്ടറുകളും സ്റ്റോറേജ് ബാറ്ററികളും ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നതോടെ സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നതിന് കൂടുതല്‍ ആളുകള്‍ തയാറാകും.

പുരപ്പുറ സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിലവില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കൊച്ചു കേരളം. മരുഭൂമികള്‍ കൊണ്ട് രാജ്യത്ത് വ്യത്യസ്തമായ ഭൂപ്രകൃതിയുളള കൃത്യമായ അനുപാതത്തില്‍ സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന രാജസ്ഥാനാണ് പുരപ്പുറ സോളാറില്‍ മൂന്നാം സ്ഥാനത്തുളളത്. കര്‍ശനമായ ഗുണനിലവാരം ഏര്‍പ്പെടുത്തുന്നത് സോളാര്‍ ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ പ്രവര്‍ത്തിക്കുന്നതിനും ഉപയോക്താക്കളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനും സഹായകരമായ നടപടിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com