നവംബര്‍ മുതൽ പാസ്‌പോര്‍ട്ടില്ലാതെ ദുബൈയില്‍ നിന്ന് പറക്കാം
പാസ്‌പോര്‍ട്ടില്ലാതെ യാത്രചെയ്യാനുള്ള സംവിധാനം ഒരുക്കാന്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ഇതിനായി ഈ വര്‍ഷം അവസാനത്തോടെ ബയോമെട്രിക്സും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനവും ഏര്‍പ്പെടുത്തും. മുഖവും വിരലടയാളവും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന രീതിയാണിത്. ദുബൈ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 3 വഴി യാത്രചെയ്യുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ആദ്യം ലഭ്യമാവുകയെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
സ്വന്തം ഐഡന്റിറ്റി വഴി
പുതിയ സംവിധാനം വരുന്നതോടെ എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി ഈ ടെര്‍മിനലില്‍ സ്മാര്‍ട്ട് ഗേറ്റ് സൈകര്യമൊരുക്കും. തുടര്‍ന്ന് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുതല്‍ വിമാനത്തില്‍ കയറാന്‍ സ്വന്തം ഐഡന്റിറ്റി വഴി യാത്രക്കാര്‍ക്ക് ചെക്ക്-ഇന്‍ ചെയ്യാന്‍ സാധിക്കും. ഭാവിയില്‍ മറ്റ് വിമാനത്താവളങ്ങളിലേക്കും ഈ സംവിധാനം വ്യപിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ രാജ്യങ്ങള്‍ക്കിടയില്‍ പൊതുവായ ഒരു ഡാറ്റാബേസ് ഉണ്ടായേക്കും. വ്യോമയാന മേഖല നേരിടുന്ന ചില വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണ് ഇത്തരം സാങ്കേതികവിദ്യള്‍.