2022 ല്‍ മറ്റ് ഇന്ത്യന്‍ സിനിമകളെ മറികടന്ന് ദക്ഷിണേന്ത്യന്‍ സിനിമകള്‍

മലയാളം ഉള്‍പ്പടെ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ നിര്‍മ്മിച്ച സിനിമകള്‍ 2022-ല്‍ ഇന്ത്യയിലെ മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളിലും നിര്‍മ്മിച്ച സിനിമകളെയും മറികടന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) കണക്കുകള്‍ വ്യക്തമാക്കി. കെ.ജി.എഫ്-ചാപ്റ്റര്‍ 2, ആര്‍ ആര്‍ ആര്‍ പോലുള്ള ചിത്രങ്ങള്‍ ബോളിവുഡ് സിനിമകളെ മറികടന്ന് ഉത്തരേന്ത്യയില്‍ വന്‍വിജയം നേടിയിരുന്നു.

സിഐഐയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടന്ന ദക്ഷിണേന്ത്യന്‍ ചലച്ചിത്ര-മാധ്യമ ഉച്ചകോടിയായ 'ബിയോണ്ട് ബോര്‍ഡേഴ്‌സി'ന്റെ രണ്ടാം പതിപ്പിലെ കണക്കുകളാണ് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ പ്രകടനം വിലയുരുത്തിയത്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ ലോകരാജ്യങ്ങള്‍ കീഴടക്കുകയാണെന്നും ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ സിനിമാ വ്യവസായത്തിനു ഉണര്‍വുനല്‍കിയതിനൊപ്പം വേറിട്ട പ്രമേയങ്ങളുമായെത്തുന്ന നവാഗതര്‍ക്ക് പ്രോത്സാഹനമേകിയെന്നും ഉച്ചകോടി വിലയിരുത്തി.

54 ശതമാനവും ദക്ഷിണേന്ത്യയില്‍ നിന്ന്

രാജ്യത്തെ മൊത്തം റിലീസുകളുടെ 54 ശതമാനവും ഈ ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുമാണെന്ന് സിഐഐയുടെ കണക്കുകള്‍ പറയുന്നു. അതായത് 14 പ്രധാന ഭാഷകളിലായി രാജ്യത്ത് റിലീസ് ചെയ്ത 1,691 സിനിമകളില്‍ 916 സിനിമകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളായിരുന്നു. റിലീസുകളുടെ കാര്യത്തില്‍ മാത്രമല്ല വരുമാനത്തിന്റെ കാര്യത്തിലും ദക്ഷിണേന്ത്യന്‍ സിനിമകള്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചു.

മൊത്ത വരുമാനമായ 15,000 കോടിയുടെ 52 ശതമാനവും അല്ലെങ്കില്‍ 7,800 കോടി രൂപയും ഈ ദക്ഷിണേന്ത്യന്‍ സിനിമ മേഖലയില്‍ നിന്നുമാണ്. കൊവിഡ്-19 ന് മുമ്പ് ദക്ഷിണേന്ത്യയില്‍ തിയറ്റര്‍ വരുമാനം 60 ശതമാനവും തിയറ്റര്‍ ഇതര വരുമാനം 40 ശതമാനവുമായിരുന്നു. ഇത് 2022-ല്‍ തിയേറ്ററില്‍ നിന്ന് 43 ശതമാനമായും തിയറ്റര്‍ ഇതര വരുമാനം 57 ശതമാനമായും മാറി.

ഈ മൊത്ത വരുമാനത്തില്‍ തമിഴ് സിനിമകള്‍ ദക്ഷിണേന്ത്യയില്‍ 2,950 കോടി വരുമാനവുമായി മുന്നേറി. ഈ വര്‍ഷം ഇത് 15 ശതമാനം ഉയർന്ന് 3,400 കോടി വരെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം മലയാള സിനിമകള്‍ 816 കോടി രൂപ വരുമാനം നേടി. ഈ വര്‍ഷം മലയാള സിനിമാ മേഖല 11 ശതമാനം വര്‍ധിച്ച് 908 കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മലയാളത്തില്‍ നിന്ന് 235 സിനിമകള്‍

മലയാള സിനിമാ മേഖലയെടുത്താല്‍ പോയവര്‍ഷം തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി 235 മലയാള സിനിമകളാണ് റിലീസ് ചെയ്തത്. കൊവിഡിന് ശേഷം മലയാള സിനിമയ്ക്ക് നിര്‍ണ്ണായകമായ ഒരു വര്‍ഷമാണ് കടന്ന് പോയത്. 2022 ജനുവരിയില്‍ റിലീസ് ചെയ്ത, വിനീത് ശ്രീനിവാസന്റെ പ്രണവ് ചിത്രം ഹൃദയമാണ് പോയ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്. 54 കോടിയാണ് ഹൃദയം നേടിയത്. പിന്നീട് 2022 ല്‍ പല ഹിറ്റ് സിനിമകള്‍ക്കും പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു.

മമ്മുട്ടിയുടെ ഭീഷ്മപര്‍വം 84 കോടി നേടി 2022 ലെ ഏറ്റവും വരുമാനം നേടിയ സിനിമയായി മാറി. പിന്നാലെ 54 കോടിയോടെ ഹൃദയം, 50 കോടി നേടി ജന ഗണ മന, ജയ ജയ ജയഹേ എന്നീ സിനിമകളും മികച്ച വരുമാനം നേടി. പുതുമയുള്ള ഒട്ടേറെ പ്രമേയങ്ങള്‍ മലയാള സിനിമ 2022 ല്‍ കൈകാര്യം ചെയ്തു. ഇതോടെ ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ മലയാള സിനിമാ മേഖലയ്ക്ക് കഴിഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it