സ്വര്‍ണ ബോണ്ട് നാലാം പതിപ്പ് ഫെബ്രുവരി 12ന് തുടങ്ങും, വിശദാംശങ്ങള്‍ അറിയാം

സോവറിന്‍ ഗോള്‍ഡ് ബോണ്ട് സീരീസിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ നാലാം പതിപ്പിന് അടുത്തയാഴ്ച തുടക്കമാകും. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ സ്വര്‍ണത്തിൽ നക്ഷേപിക്കാവുന്ന മാര്‍ഗമാണ് സ്വര്‍ണ ബോണ്ടുകള്‍. ഫെബ്രുവരി 12 മുതല്‍ 16 വരെയാണ് പുതിയ സീരിസിൽ അപേക്ഷിക്കാനാകുക.

വാണിജ്യ ബാങ്കുകള്‍ (സ്മാള്‍ ഫിനാന്‍സ് ബാങ്ക്, പേയ്‌മെന്റ്റ് ബാങ്ക്, മേഖല ഗ്രാമീണ ബാങ്കുകള്‍ ഒഴികെ), ഓഹരി എക്‌സ്ചേഞ്ചുകള്‍, തപാല്‍ ഓഫീസുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ എന്നിവ മുഖേന സ്വര്‍ണ ബോണ്ടുകള്‍ക്ക് അപേക്ഷിക്കാം.
ഒരു ഗ്രാം സ്വര്‍ണമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. എട്ടു വര്‍ഷമാണ് കാലാവധി. അഞ്ചാം വര്‍ഷത്തിനു ശേഷം പിന്‍വലിക്കാനുള്ള അവസരവുമുണ്ട്. പരമാവധി ഒരു വ്യക്തിക്ക് 4 കിലോ സ്വര്‍ണം വരെ സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കാം.
സ്വര്‍ണത്തിന്റെ വില വ്യതിയാനത്തിന്റെ നേട്ടം ആസ്വദിക്കാനാകുമെന്നതിനൊപ്പം 2.5 ശതമാനം വാര്‍ഷിക സ്ഥിര പലിശയും നേടാമെന്നതാണ് സ്വര്‍ണ ബോണ്ടുകളുടെ ആകര്‍ഷണം.
സബ്സ്‌ക്രിപ്ഷന്‍ കാലാവധി ആരംഭിക്കുന്നതിന് മുന്‍പുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിനങ്ങളിലെ സ്വര്‍ണ വിലയുടെ ശരാശരി വില കണക്കാക്കിയാണ് ബോണ്ടുകളുടെ യൂണിറ്റ് നിരക്ക് കണക്കാക്കുന്നത്. സ്വര്‍ണ ബോണ്ടുകള്‍ ഈട് വെച്ച് വായ്പ എടുക്കാനും സാധിക്കും. മൂല്യവര്‍ധിത നികുതിയും അടക്കേണ്ടതില്ല.
സ്വര്‍ണ ഇറക്കുമതി, ഭൗതിക സ്വര്‍ണ നിക്ഷേപം എന്നിവ നിരുത്സാഹപ്പെടുത്താനാണ് സോവറിന്‍ സ്വര്‍ണ ബോണ്ട് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് വഴി നടപ്പാക്കുന്നത്. 2023-24 സാമ്പത്തിക വ൪ഷത്തില്‍ ആദ്യ മൂന്ന് പാദങ്ങളില്‍ 31 ടണ്‍ ഭൗതിക സ്വര്‍ണ നിക്ഷേപം ഒഴിവാക്കാന്‍ സോവറിന് ബോണ്ട് പദ്ധതിയിലൂടെ സാധിച്ചു. വിദേശ നാണ്യം ലഭിക്കാനും സ്വര്‍ണ ബോണ്ട് പദ്ധതിയിലൂടെ സാധിക്കുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it