പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡുമായി വ്യവസായ വകുപ്പ്

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്കുള്ള നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍. കേരള പബ്ലിക്ക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോര്‍ഡിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. പി.എസ്.സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് പുതിയ ബോര്‍ഡിന് കീഴില്‍ വരിക.

ബോര്‍ഡില്‍ നാല് അംഗങ്ങള്‍

ബോര്‍ഡ് അംഗങ്ങളായി നാലു പേരെ നിയമിച്ചു. പുതിയ ചെയര്‍മാനെ നിയമിക്കുന്നതു വരെ ചെയര്‍മാന്റെ ചുമതല റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കൂടിയായ ബോര്‍ഡംഗം വി രാജീവന്‍ നിര്‍വഹിക്കും. മറ്റ് അംഗങ്ങളായി കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയര്‍ രാധാകൃഷ്ണന്‍, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനിയറിങ്ങ് കമ്പനി ലിമിറ്റഡ് (കെല്‍) ജനറല്‍ മാനേജര്‍ ലത സി ശേഖര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ ഷറഫുദ്ദീന്‍ എന്നിവരേയും നിയമിച്ചു.

സുതാര്യതയ്ക്ക് സഹായിക്കും

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിനാണ് പുതിയ ബോര്‍ഡ് രൂപീകരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ, പി.എസ്.സിക്ക് പുറത്തുള്ള തസ്തികകളിലെ നിയമനങ്ങള്‍ സുതാര്യമായി നടത്തുന്നതിനായി പബ്ലിക്ക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി അതത് മേഖലയില്‍ നൈപുണ്യമുള്ള ആളുകളെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ സ്വയംഭരണാധികാരത്തോടെയായിരിക്കും ബോര്‍ഡ് പ്രവര്‍ത്തിക്കുക.

Related Articles
Next Story
Videos
Share it