ജെറ്റിന്റെ 'കുറവ്' നികത്താൻ സ്‌പൈസ് ജെറ്റും എയർ ഇന്ത്യയും

ജെറ്റിന്റെ 'കുറവ്' നികത്താൻ സ്‌പൈസ് ജെറ്റും എയർ ഇന്ത്യയും
Published on

താൽക്കാലികമായി പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേയ്സ് വ്യോമയാന മേഖലയിലുണ്ടാക്കിയ വിടവ് നികത്താൻ വിവിധ എയർ ലൈൻ കമ്പനികൾ രംഗത്ത്. ബജറ്റ് എയർ ലൈൻ ആയ സ്‌പൈസ് ജെറ്റും ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയും ആണ് ഇതിൽ പ്രധാനികൾ.

ജെറ്റിന്റെ 500 ലധികം ജീവനക്കാരെയാണ് സ്‌പൈസ് ജെറ്റ് തങ്ങളുടെ കമ്പനിയിൽ നിയമിച്ചത്. 100 ലധികം പൈലറ്റുമാർ, 200 ക്യാബിൻ ജീവനക്കാർ, 200 ടെക്‌നിക്കൽ സ്റ്റാഫ് എന്നിവർ ഇതിലുൾപ്പെടും

24 അധിക ആഭ്യന്തര വിമാന സർവീസുകളാണ് സ്‌പൈസ് ജെറ്റ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇതിനായി ആറു പുതിയ ബോയിങ് 737 വിമാനങ്ങളും ഉപയോഗിക്കും.

ഇതിനിടെ, ജെറ്റ് എയർവേയ്‌സിന്റെ നിലത്തിറക്കിയ വിമാനങ്ങൾ താൽക്കാലികമായി ഉപയോഗിക്കാൻ അനുമതി തേടിയിരിക്കുകയാണ് എയർ ഇന്ത്യ അഞ്ച് ബോയിങ് 777 ഫ്‌ളൈറ്റുകൾ ഉപയോഗിക്കാനുള്ള അനുമതിയാണ് ജെറ്റിന്റെ ഇപ്പോഴത്തെ ഉടമയായ എസ്ബിഐയോട് എയർ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

ജെറ്റിന്റെ അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ് നടത്താനാണ് എയർ ഇന്ത്യ പദ്ധതിയിടുന്നത്. മറ്റ് എയർ ലൈനുകളും ജെറ്റിന്റെ വിമാനങ്ങൾ ഉപയോഗിക്കാൻ താല്പര്യമറിയിച്ചിട്ടുണ്ട്. ലിക്വിഡിറ്റി പ്രതിസന്ധി ആരംഭിക്കുന്നതിനു മുൻപേ 119 വിമാനങ്ങളാണ് ജെറ്റ് പ്രവർത്തിപ്പിച്ചിരുന്നത്.

വിമാനത്താവളങ്ങളിൽ ജെറ്റിന് അനുവദിച്ചിട്ടുള്ള എയർ പോർട്ട് സ്ലോട്ടുകൾ മറ്റ് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ എയർ പോർട്ടിൽ ഏകദേശം 280 സ്ലോട്ടുകളും ഡൽഹിയിൽ 160 സ്ലോട്ടുകളുമാണ് ജെറ്റിനുള്ളത്. എന്നാൽ എയർ പോർട്ട് സ്ലോട്ടുകൾ പുനർനിർണയിക്കുക അല്പം സങ്കീർണ്ണമായ വിഷയമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com