ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ നീക്കങ്ങൾ തുടങ്ങി സ്പൈസ്ജെറ്റ്

പാപ്പര്‍ ഹര്‍ജി നടപടികളിലൂടെ കടന്നുപോകുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ ഏറ്റെടുക്കാനായി സ്പൈസ് ജെറ്റ് നടപടികള്‍ ആരംഭിച്ചു. ഇതിനായി രണ്ടു ഘട്ടങ്ങളിലായി 2,241 കോടി രൂപ സമാഹരിക്കാന്‍ സ്പൈസ് ജെറ്റ് ഡയറക്ടർ ബോര്‍ഡ് അനുമതി നല്‍കി. ആദ്യഘട്ടത്തില്‍ 1,591 കോടി രൂപ സമാഹരിക്കും. 2025ഓടെ ധന സമാഹരണം പൂര്‍ത്തിയാക്കും.

ഗോ ഫസ്റ്റിനായി ലേലത്തില്‍ പങ്കെടുത്ത്,​ കമ്പനിയെ ഏറ്റെടുക്കാനായാല്‍ ആഭ്യന്തര വിദേശ വിപണികളില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് സ്പൈസ് ജെറ്റ് കരുതുന്നു. ചെലവ് കുറഞ്ഞ വിമാന സര്‍വീസ് വിഭാഗത്തില്‍ മത്സരം കുറവായത് കൊണ്ട് പുതിയ നീക്കം സ്പൈസ് ജെറ്റിന്റെ സാമ്പത്തിക പിരിമുറുക്കം പരിഹരിക്കാന്‍ സഹായകരമാകും.

കഴിഞ്ഞ മേയിലാണ് ഗോ ഫസ്റ്റ് ദേശീയ കമ്പനി ലോ ട്രൈബ്യൂണല്‍ മുമ്പാകെ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും 11,463 കോടി രൂപയുടെ കടം ഗോ ഫസ്റ്റ് വീട്ടാനുണ്ട്. 54 എയര്‍ ബസ്സുകള്‍ സ്വന്തമായിട്ടുണ്ട്. അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്‌നിയുടെ എന്‍ജിനാണ് വിമാനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഗോ ഫസ്റ്റ് പ്രതിസന്ധിയിലാകുന്നത്.

സ്‌പൈസ് ജെറ്റ് കൂടാതെ ഏവിയേഷന്‍ മേഖലയിലുള്ള സ്‌കൈ വണ്‍, ആഫ്രിക്കയിലേക്ക് സര്‍വീസ് നടത്തുന്ന സഫ്രിക് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയും ഗോ ഫസ്റ്റിനെ ഏറ്റെടുക്കാന്‍ താത്പര്യം കാണിച്ചിരുന്നു.

Related Articles
Next Story
Videos
Share it